sections
MORE

‘മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുൾ’

pinarai-vijayan-press-meet
SHARE

കേരള മുഖ്യമന്ത്രി പിണറായി വിജയൻ നമ്മെ നയിക്കാൻ മുന്നിലുള്ളപ്പോള്‍ ഭയമൊട്ടും വേണ്ടെന്ന് സംവിധായകൻ എം.എ. നിഷാദ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ടിവിയിൽ തുടങ്ങുമ്പോൾ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുൾ ആകുമെന്നും കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം പറയുന്നു. 

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:

പിണറായി..മുഖപുസ്തകം മുഴുവൻ ഈ മുഖമാണല്ലോ..അത് ഓരോ മലയാളിയ്ക്കും,ആശ്വാസമേകുന്ന,ആത്മവിശ്വാസം നൽകുന്ന മുഖം...കേരളത്തിന്റെ മുഖ്യമന്ത്രി അല്ലെങ്കിലും സ: പിണറായി വിജയൻ ഇങ്ങനൊക്കെ തന്നെയാണ്..അത് ഒരു കമ്യൂണീസ്റ്റുകാരന്റെ, ജീവിതചര്യയുടെ ഭാഗമാണ്...വിശക്കുന്നവന്റെ വേദനയറിയുന്നവനാണ് കമ്യൂണിസ്റ്റ്...അശരണർക്ക് എന്നും താങ്ങായി നിൽക്കുന്നവനാണ് കമ്യൂണിസ്റ്റ്...

വലുപ്പ ചെറുപ്പമില്ലാതെ ഓരോ മനുഷ്യനേയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നവനാണ് കമ്യൂണിസ്റ്റ്... ഇത് ഒരു മുഖവരയല്ല... മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഇന്നത്തെ പത്രസമ്മേളനം കണ്ടതിന് ശേഷം എഴുതാനാഗ്രഹിച്ച കുറിപ്പാണിത്...

കൊറോണ കാലത്തെ ലോക്ഡൗൺ ആസ്വദിച്ച് ഉച്ചയുറക്കത്തിൽ നിന്നും എന്നെ വിളിച്ചുണർത്തിയത് എന്റെ മകൻ ഉണ്ണിയാണ് (ഇമ്രാൻ എന്നാണ് അവന്റെ പേര് വീട്ടിൽ അവനെ വിളിക്കുന്നത് ഉണ്ണി)

''വാപ്പ എഴുന്നേൽക്ക്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങാറായി'' അവൻ പറഞ്ഞു...കടുത്ത മെസ്സി ഫാനും,ഫുട്ബോൾ ഭ്രാന്തനുമായ പത്താം ക്ളാസുകാരൻ മകൻ, നാടിന്റെ നായകനായ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ എന്നെ വിളിച്ചുണർത്തിയപ്പോൾ,അദ്ഭുതത്തേക്കാളും,അഭിമാനം തോന്നി എനിക്ക്...പുതുതലമുറയും നേരിന്റെ പാതയിൽ ചിന്തിക്കുന്നു എന്നതിൽ ചാരിതാർത്ഥ്യവും ...

സ്വീകരണമുറിയിലെ ടിവിയുടെ മുമ്പിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുൾ.. ഉമ്മയും, വാപ്പയും, ഭാര്യയും,മകനും പിന്നെ എന്റെ എട്ട് വയസ്സ്കാരി മോളും... മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടങ്ങി..ഇമ വെട്ടാതെ നിശ്ശബ്ദമായി എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവിയോർക്കുന്നു..(കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ)

വളരെ സ്പഷ്ടതയോടെ,നിർത്തി നിർത്തി,കണക്കുകളുടെയും, വസ്തുതകളുടേയും, പിൻബലത്തോടെ, അദ്ദേഹം മാധ്യമങ്ങളേയും, അത് വഴി ജനങ്ങളേയും അഭിസംബോധന ചെയ്യുകയാണ്...

നിയന്ത്രണങ്ങളുടേയും,ഇളവുകളുടേയും കാര്യങ്ങൾ ഒരധ്യാപകൻ വിദ്യാർത്ഥികളേ പഠിപ്പിക്കുന്നത് പോലെ,അങ്ങനെയാണ് എനിക്ക് തോന്നിയത്... ഈ കൊറോണകാലത്ത്, കേരളത്തിൽ ഒരു മനുഷ്യൻ പോലും പട്ടിണി കിടക്കില്ല..അദ്ദേഹത്തിന്റെ ആ വാക്കിന് ആത്മാർത്ഥതയുടെ, മനുഷ്വത്വത്തിന്റെ ശബ്ദമായിരുന്നു, കരുതലിന്റെ,സൗന്ദര്യമായിരുന്നു..വിശപ്പിന്റെ വേദന എന്താണെന്നറിയാവുന്ന ഒരു മനുഷ്യസ്നേഹിയുടെ വാക്കുകൾക്കപ്പുറം,ഒരു ഭരണാധികാരിയുടെ നിശ്ചയ ദാർഡ്യം അദ്ദേഹത്തിന്റെ വാക്കുകളിൽ നമ്മുക്ക് കാണാം..

കൊറോണ എന്ന മഹാമാരിയെ എങ്ങനെ ക്രിയാത്മകമായി നമ്മുക്ക് നേരിടാം എന്ന് ലോകത്തേ നാം കാണിച്ച് കൊടുക്കുന്നു.. തെരുവിൽ അലയുന്ന പട്ടിണി പാവങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു സർക്കാർ..ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കരുതൽ...ഒറ്റക്ക് താമസിക്കുന്നവർ, വൃദ്ധരായ രോഗികൾ, അതിഥി സംസ്ഥാന തൊഴിലാളികൾ അങ്ങനെ അങ്ങനെ മാനവികത എന്താണെന്ന് ലോകത്തിന് മനസ്സിലാക്കികൊടുക്കുന്നു നമ്മുടെ മുഖ്യമന്ത്രീ...അഭിമാനം പണയപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം,അവർക്കായി ഓരോ തദ്ദേശ സ്ഥാപനങ്ങൾ വഴി ഒരു നമ്പർ നൽകുകയും,അവരുടെയടുത്ത് ഭക്ഷണമെത്തിക്കാനുളള ക്രമീകരണങ്ങൾ നടത്താനുമുളള തീരുമാനം...

കേരളം എന്ത് കൊണ്ടാണ് പിണറായിയെ കേൾക്കുന്നത്... എന്ത് കൊണ്ടാണ് ആബാലവൃദ്ധ ജനങ്ങളും ഈ മനുഷ്യന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിന്റെ ഉത്തരങ്ങളാണ് ഞാൻ മേൽപറഞ്ഞ കാര്യങ്ങൾ... ഈ കൊറോണക്കാലം നമുക്ക് സ്വയം പര്യാപ്തത നേടാനുളള കാലമായി മാറ്റാം..

മുഖ്യമന്ത്രി പറഞ്ഞത് പോലെ,ചെറിയ കൃഷി വീട്ടിലും തുടങ്ങാം..വിഷരഹിതമായ പച്ചകറികൾ കഴിച്ച് നമ്മുടെ മക്കൾ വളരട്ടെ..എന്തിനും ഏതിനും, തമിഴനേയും കന്നഡക്കാരനേയും ആശ്രയിക്കാതെ നമ്മുക്കും തുടക്കം കുറിക്കാം..വിഷരഹിത കേരളത്തിനായി...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു..ആകുലപ്പെട്ട മനസ്സുകൾക്ക് ഒരാത്മ ധൈര്യം വന്നത് പോലെ..പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞതാണ്...

ഒരു കമ്യൂണിസ്റ്റുകാരനായതിൽ അഭിമാനം തോന്നുന്നു..നയിക്കാൻ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോൾ നാം എന്തിന് ഭയക്കണം... നമുക്ക് വേണ്ടത് ജാഗ്രത മാത്രം...

ലാൽ സലാം.

NB: അറബികഥ എനിക്കിഷ്ടപ്പെട്ട സിനിമയാണ്..ക്യൂബയേയും കമ്യൂണിസത്തേയും പരിഹസിക്കുന്ന അരാഷ്ട്രീയ കലാകാരന്മാർക് നന്മകൾ നേരുന്നതിനൊപ്പം...ഹൃദയത്തിൽ നിന്നും ആയിരമായിരം വിപ്ളവാഭിവാദ്യങ്ങൾ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA