ADVERTISEMENT

സിനിമകൾ പ്രദർശിപ്പിച്ച വകയിൽ തിയറ്റർ ഉടമകള്‍ നിർമാതാക്കൾക്കു കോടികൾ നൽകാനുണ്ടെന്ന ആരോപണത്തിനെതിരെ തിയറ്റർ അസോസിയേഷൻ ഭാരവാഹികൾ. കേരള ഫിലിം ചേംബേർസ് ഓഫ് കമേർസ് അസോസിയേഷനൊപ്പം സംയുക്തമായി നടത്തിയ പത്രപ്രസ്താവനയിലാണ് സംഘടന ഇക്കാര്യം വിശദമാക്കിയത്. തിയറ്റർ ഉടമകൾക്കെതിരെ ഔദ്യോഗികമായി ഒരാൾ പോലും നിർമാതക്കളുെട സംഘടനയിൽ പരാതി നൽകിയിട്ടില്ലെന്നും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് ചില നിർമാതാക്കൾ ഉയന്നിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. കോവിഡ് 19 മലയാള സിനിമയിൽ വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് മനോരമ ഒാൺലൈൻ പ്രസിദ്ധീകരിച്ച ‘വൈറസ് വീഴ്ത്തിയ സിനിമ’ എന്ന പരമ്പരയിലെ ചില നിർമാതാക്കളുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിവാദമായി തീർന്നിരിക്കുന്നത്.

 

കേരള ഫിലിം ചേംബേർസ് ഓഫ് കമേർസിന്റെ കുറിപ്പ്:

 

കഴിഞ്ഞ മാര്‍ച്ച് 10ാം തിയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ തുടര്‍ന്ന് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ തന്നെയാണ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിയാദ് കോക്കര്‍ തിയറ്ററുകള്‍ അടച്ചിടുന്ന വിവരം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് മലയാള സിനിമയിലെ പുതിയ പോര്‍വിളികളെ പറ്റി അറിഞ്ഞത്. നിർമാതാക്കൾ പരാതികള്‍ ഉന്നയിച്ചതായിട്ടാണല്ലോ ചില അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരിക്കുന്നത്. അതിന്റെ നിജസ്ഥിതി അറിയുവാന്‍ പ്രൊഡ്യു. അസോസിയേഷൻ ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടു. സെക്രട്ടറി സാധാരണ ഫോണ്‍ എടുക്കാറില്ല. പ്രസിഡന്റ് ശ്രീ.രഞ്ജിത്ത്, ട്രഷറര്‍ ശ്രീ.രാകേഷ് എന്നിവര്‍ ഓൺലൈൻ വാര്‍ത്ത സംബന്ധിച്ച് അറിയില്ലെന്നും ഒരു നിര്‍മാതാവു പോലും പരാതി ഔദ്യോഗികമായി തന്നിട്ടില്ലെന്നുമാണ് പറഞ്ഞത്. 

 

തുടര്‍ന്ന് FEOUK ജനറല്‍ സെക്രട്ടറി ശ്രീ. ബോബിയെ ബന്ധപ്പെട്ടു. അദ്ദേഹം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അതിരൂക്ഷമാണ്. ഈ അസോസിയേഷനിലെ ഭാരവാഹികള്‍ ഉള്‍പ്പടെ പ്രമുഖരായ പല നിർമാതക്കളും നിർമാതക്കളായ പ്രശസ്ത സംവിധായകരും പടം കളിച്ച ഉടന്‍ സെറ്റിൽ ചെയ്യാമെന്ന വ്യവസ്ഥയില്‍ 2019ല്‍ വാങ്ങിയ ഡെപ്പോസിറ്റ്, ബാക്കി ഇനത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് കോടികണക്കിനു രൂപ നല്‍കാനുണ്ടെന്നും കൂടാതെ വിഷു പടങ്ങളുടെ അഡ്വാന്‍സായി കോടികള്‍ കൊടുത്തിട്ടും ഉണ്ട്. 

 

വിഷുചിത്രങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലോ ഡെപ്പോസിറ്റ്, ബാക്കി സമയത്തിന് ലഭിച്ചിരുന്നുവെങ്കിലോ ഒരു രൂപ പോലും ഷെയർ ബാലന്‍സ് തിയറ്റര്‍ ഉടമകളുടെ ഭാഗത്തു നിന്നും വരില്ലായിരുന്നു.

 

തിയറ്ററുകള്‍ ഇത്രയധികം പ്രതിസന്ധി നേരിടുന്ന സമയത്ത് തിയറ്ററുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ച ശ്രീ. സിയാദ് തന്നെ വോയ്സ് ക്ലിപ്പിലൂടെയും ഓൺലൈനിലൂടേയും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ച് കിട്ടാനുള്ള മുഴുവന്‍ തുകയും കിട്ടാതെ തിയറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചതിന്റെ ചേതോവികാരം വ്യക്തമല്ല.

 

പ്രശ്നം പരിഹരിക്കാന്‍ കേരള ഫിലിം ചേംബര്‍ ഇടപ്പെടും. സിനിമാവ്യവസായത്തില്‍ എതെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ ഫിലിം ചേംബറിനേയോ അല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ പ്രൊഡ്യു. അസോസിയേഷനേയോ അറിയിക്കാതെ ഓൺലൈൻ വാര്‍ത്തകള്‍ നല്‍കുന്നത് സിനിമയിലെ സൗഹൃദാന്തരീക്ഷത്തെ തകര്‍ക്കാന്‍ ഇടയാക്കും എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതുകൊണ്ടു തന്നെ ഒരു കാരണവശാലും ഈ രീതിയിലുള്ള നീക്കങ്ങള്‍ അംഗീകരിക്കാവുന്നതല്ല. 

 

ഈ ഭാരവാഹികളോട് ഒന്ന് പറയാനുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദിനംപ്രതി വൈകീട്ട് 6മണിക്ക് നടത്തുന്ന പത്ര സമ്മേളനം ശ്രദ്ധിക്കണം. നമ്മുടെ സംസ്ഥാനവും രാജ്യവും എത്രമാത്രം പ്രതിസന്ധിയിലൂടെയും സങ്കീര്‍ണതയിലൂടെയുമാണ് കടന്നു പോകുന്നതെന്നും എത്രമാത്രം ആത്മവിശ്വാസത്തോടെയും സമചിത്തതയോടുമാണ് അദ്ദേഹം ഇതിനെയൊക്ക നേരിടുന്നതെന്നും ആവര്‍ത്തിച്ച് പറയുന്നു.  ഈ സമയത്ത് എത് മേഖലയിലുള്ള ഏത് സംഘടന ആയാലും ഇത്രയും തരം താണ ആരോപണ - പ്രത്യാരോപണങ്ങളുമായി രംഗത്തു വരുന്നത് അനുചിതമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com