ADVERTISEMENT

കൊറോണ വൈറസ് പടരുന്നത് തടയാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്‌ഡൗണിൽ വീട്ടിൽ ഇരിപ്പായ മറ്റു ചലച്ചിത്ര താരങ്ങളെപ്പോലെയാണ് ബോളിവുഡിലെ ‘ബിഗ് ബി’ അമിതാഭ് ബച്ചനും. ഇതിനിടെ വീട്ടിനുള്ളിൽ കാണാതെ പോയ തന്റെ കൂളിങ് ഗ്ലാസ് തിരയുകയാണ് അമിതാഭ്.
ബച്ചന്റെ കണ്ണട കണ്ടെത്താൻ ശ്രമിക്കുന്നതോ രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോണാലി കുൽകർണി, ശിവ് രാജ്‌കുമാർ, പ്രസേൻജിത് ചാറ്റർജി തുടങ്ങി ഇന്ത്യയിലെ പല ഭാഗത്തുള്ള സൂപ്പർതാരങ്ങളും.

ലോക്ഡൗണിലായ സൂപ്പർതാരങ്ങൾ അമിതാഭിന്റെ വീട്ടിൽ തന്നെ അദ്ദേഹത്തിന്റെ കണ്ണട കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ അവരവരുടെ വീട്ടിൽ നിന്ന് വെർച്വലായി പങ്കാളികളാകുന്ന ‘ലഘുചിത്രത്തിന്റെ പശ്ചാത്തലമാണിത്. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടിയുടേതായി വിഡിയോയിൽ. രജനികാന്തിനോട് ‘ആശാനെ ആശാന്റെ കയ്യിൽ കുറെ ഗ്ലാസില്ലേ ഒരെണ്ണം അദ്ദേഹത്തിന് കൊടുക്ക്’ എന്നും മമ്മൂട്ടി തുടരുന്നു. തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുപിടിക്കുന്ന മാസ് സ്റ്റൈലിലാണ് സ്റ്റൈൽ മന്നൻ ചിത്രത്തിൽ. ബച്ചന്റെ കൂളിങ് ഗ്ലാസ് കണ്ടെങ്കിലും അതു തിരയാൻ എനിക്കെന്റെ കണ്ണട വേണമെന്ന കുസൃതിയുമായാണ് മോഹൻലാൽ ചിത്രത്തിൽ രംഗത്തുവരുന്നത്. മറ്റു താരങ്ങളും വ്യത്യസ്ത പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്നു.

ഒരു വീട്ടിനുള്ളിൽ തന്നെ നടക്കുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി ഇതിന്റെ വെർച്വൽ സംവിധാനം നിർവഹിച്ചത് പ്രസൂൺ പാണ്ടെയാണ്. കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്നാണ് നിർമാണം. മറ്റു മേഖലകളിലെന്ന പോലെ ലോക്‌ഡൗണിൽ തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനാണ് ബിഗ് ബിക്കൊപ്പം രാജ്യത്തെ മുൻനിര താരങ്ങൾ അണിനിരക്കുന്നത്.

ലോക്ഡൗണിൽ രാജ്യത്ത് തൊഴിൽ നഷ്ടമായി വീട്ടിലായ ചലച്ചിത്രമേഖലയിലെ ഒരു ലക്ഷത്തോളം ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ഈ ലഘുചിത്രത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിക്കുക. ഇന്ത്യൻ ചലച്ചിത്ര മേഖല ഒന്നാണ് എന്ന സന്ദേശവും അമിതാഭ് ബച്ചൻ ചിത്രത്തിൽ പറയുന്നു. ലോക്ഡൗണിലും വീട്ടിൽ സുരക്ഷിതമായിരുന്നു ക്രിയാത്മകമായി പ്രവർത്തിക്കാനാകുമെന്ന സന്ദേശവും ചിത്രം നൽകുന്നു.

ലഘുചിത്രത്തിന്റെ സ്പോൺസർമാരിലൂടെയും ടിവി, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും ചലച്ചിത്രമേഖലയിൽ ധനസഹായം അത്യാവശ്യമായ ദിവസവേതനതൊഴിലാളികൾക്ക് നൽകും. ഓൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫഡറേഷന്റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്ത ചലച്ചിത്രമേഖലയിലെ ദിവസവേതന തൊഴിലാളികൾക്ക് ഡിജിറ്റൽ ബാർകോഡ് അടങ്ങുന്ന കൂപ്പണുകൾ വിതരണം ചെയ്യുകയും അതിലൂടെ രാജ്യത്തെ ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയുമായി കൈകോർത്ത് അരിയും പലവ്യഞ്ജനവും മറ്റും നൽകാനും ഇത് ഉപയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com