ADVERTISEMENT

ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ സിനിമാതാരങ്ങളെല്ലാവരും തങ്ങളുടെ വീടുകളിലാണ് പരമാവധി സമയം ചിലവഴിക്കുന്നത്. സിനിമയുടെ തിരക്കുകളിൽ പെട്ട് ഒാടി നടന്നവരെല്ലാം അതിൽ നിന്നൊക്കെ ഒഴിഞ്ഞു വീട്ടിലെത്തിയത് വീട്ടുകാർക്കും സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്. അത്തരത്തിൽ ഒരു സന്തോഷം പങ്കു വയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടിയായ മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യർ.

സിനിമയുടെ തിരക്കുകളിൽ പെട്ട് ഒാടി നടന്നിരുന്ന തന്റെ രണ്ടു മക്കളെയും അടുത്തു കിട്ടിയ സന്തോഷത്തിൽ അവരുടെ വീട്ടിലെ ജോലികളെക്കുറിച്ച് വാചാലയാകുകയാണ് മഞ്ജുവിന്റെ അമ്മ. മക്കളെക്കുറിച്ച് മഞ്ജുവിന്റെ അമ്മ എഴുതിയ കുറിപ്പുകൾ മഞ്ജു തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. ‘ഒരുപാട് വർഷങ്ങൾക്കു ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ചു പോകുന്നു’ എന്നു പറഞ്ഞാണ് മഞ്ജു കുറിപ്പുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും സിനിമാചർച്ചകളുമായി തിരക്കുള്ള ഒരാൾ. അഭിനയവും നൃത്തവും ഒക്കെയായി തിരക്കായി മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ. ഇവർ രണ്ടു പേരും ഇൗ വീട്ടിൽ ഇപ്പോൾ എന്നെക്കാൾ തിരക്കായി.’

‘ഒാടി നടക്കുന്നു. ഒരാളുടെ കയ്യിൽ ചൂല്, മറ്റേയാളുടെ കയ്യിൽ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ചു കഴിയുമ്പോൾ ഒരാൾ ചിരവപ്പുറത്ത്. തേങ്ങ തുരുതുരെ ചിരകി ഇലയിൽ വീഴുന്നു. അതിൽ നിന്ന് കയ്യിട്ടു വാരി തിന്നാൽ മറ്റേയാൾ. എന്താ കഥ. എനിക്ക് ചിരിയാണ് വരുന്നത്.’ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.

പിന്നീട് മരുമകളായ അനുവിനെക്കുറിച്ചും പേരക്കുട്ടിയെക്കുറിച്ചുമൊക്കെ ഗിരിജ പറയുന്നുണ്ട്. വീട്ടിൽ എല്ലാവരും ഇങ്ങനെ ഒന്നിച്ചു വരുന്നത് വർഷങ്ങൾക്കു ശേഷമാണെന്നും ഇതൊക്കെ കാണാൻ മധുവേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്നും കുറിപ്പിൽ ഗിരിജ പരാമർശിക്കുന്നു. ഇവിടെ ഞങ്ങളെല്ലാവരും തിരക്കിലാണ്. അങ്ങനെ ഒരു കൊറോണക്കാലം എന്നു പറഞ്ഞ് അവസാനിക്കുന്ന കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കുറിപ്പ് വായിക്കാം:

പ്രകൃതി വിഭവങ്ങളോട് താത്പര്യമില്ലാതിരുന്നവര്‍ ഇപ്പോള്‍ ചക്കയും മാങ്ങയുമൊക്കെ ഇഷ്ടഭോജ്യങ്ങളാക്കിയിരിക്കുന്നു. അടുക്കളയും സജീവം. പച്ചക്കറി അരിയലും പാത്രം കഴുകലും അതൊക്കെ തുടക്കലും, അതാത് സ്ഥാനത്ത് കമഴ്ത്തി വെക്കലും..ഒക്കെ പഠിച്ചിരിക്കുന്നു, ആ കുട്ടി..മധുവിന്റെ ഭാര്യ അനു.. ഇതൊക്കെ കൃത്യമായി എങ്ങനെ ചെയ്യുന്നു ആവോ..പാവം നഗരത്തില്‍ വളര്‍ന്ന കുട്ട്യാണ് എന്നിട്ടും.. പാചകമെങ്കിലും സ്വയം ചെയ്യണം എന്നെനിക്ക് വാശിയാണ്.

കുട്ടികള്‍ക്ക് ഇഷ്ടമുള്ളതൊക്കെ പാചകം ചെയ്ത് കൊടുക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ഒരു തിളക്കുമണ്ട്. അതെനിക്ക് ഏറെ ഇഷ്ടമാണ്. മാധേട്ടനും അങ്ങനെ ആയിരുന്നു. ഇഷ്ടമുള്ള വിഭവങ്ങള്‍ പറയാതെ തന്നെ മേശപ്പുറത്തെത്തുമ്പോഴത്തെ ആ മുഖത്തെ സന്തോഷവും കണ്ണുകളിലെ തിളക്കവും...പാചകം തീരുമ്പോഴേക്കും അടുക്കള ജനത്തിരക്കുള്ള ഒരു കവലയാകും. രാഷ്ട്രീയവും സിനിമയും തമാശകളും ഗെയിം കളിക്കലും ഒക്കെ അവിടെയാവും പിന്നെ. അതിന്റെയൊക്കെ ഇടയില്‍ ഒന്നും അറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞ് അവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്നതും ഒരു രസം തന്ന്യാണേ.

അമ്മ അവിടെപ്പോയി കാലുനീട്ടി ഇരുന്നാല്‍ മതി എന്നാണ് അനുവിന്റെ കല്‍പ്പന. അതിന് പാകത്തിന് നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും.

അങ്ങനെ കാല്‍നീട്ടി ഇരിക്കുമ്പോഴും എന്റെ ചെവികള്‍ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിന് പിന്നില്‍ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളങ്ങള്‍..എന്റെ കാലിന്, പക്ഷേ ആഗ്രഹമുണ്ടെങ്കിലും അതിനൊക്കെ വിലക്ക് വന്നിരിക്കുന്നു. ഒരു അഞ്ച് ആഴ്ച്ചക്കാലത്തേക്ക്. ആവണിയാണെങ്കില്‍ ഇടയ്ക്കിടെ എത്തും മുത്തുവിനെ തേടി. ഗെയിം കളിക്കാന്‍...പാവം ബോറടിക്കുന്നുണ്ടാവും കൂട്ടുകാര്‍ അടുത്തൊന്നും ഇല്ലാത്തതുകൊണ്ട് അച്ഛനും അമ്മയും മുത്തുവും മേമയും ഒക്കെ അവളുടെ സ്ഥിരം കളിക്കൂട്ടുകാരനാവുമായിരുന്ന 'മാട്ടന്‍' ഇനി ഒരിക്കലും കൂടെ കളിക്കാന്‍ ഉണ്ടാവില്ലെന്ന് ആവണിയും മനസിലാക്കിയിരിക്കുന്നു.

മഹാമാരി താണ്ഡവം തുടങ്ങിയപ്പോഴാണ് ഷൂട്ടിങ്ങ് നിര്‍ത്തി ആദ്യം മഞ്ജുവും പിന്നെ മധുവും കുടുംബവും എത്തിയത്. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മാധേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ ..ഇടയ്ക്കിടെ ഓര്‍ത്ത് പോകുന്നു കൊറോണ കാരണം വീട്ടിലെ ജോലിക്കാര്‍ക്കും അവധി കൊടുത്തു. ഇപ്പോള്‍ ഇവിടെ എല്ലാവരും ജോലിക്കാരാവുന്ന.. ജോലിയൊന്നും ചെയ്ത് മുന്‍പരിചയമല്ലാത്ത താത്കാലിക ജോലിക്കാര്‍.. അങ്ങനെ ഇവിടെ ഞങ്ങള്‍ എല്ലാവരും തിരക്കിലാണ്.. അങ്ങനെ ഒരു കൊറോണക്കാലം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com