ADVERTISEMENT

സ്ഥിരമായി രുചിക്കാറുള്ള രുചികളിൽ നിന്നും വ്യത്യസ്തമായ ഒന്ന് അപ്രതീക്ഷിതമായി ലഭിച്ചപ്പോൾ സാജൻ ഫെർണാണ്ടസിന്റെ ചുണ്ടിൽ വിഷാദഛവിയുള്ള ഒരു ചിരി വിടരുന്നുണ്ട്. വീട്ടിലുണ്ടാക്കിയ ഊണിന്റെ രുചി കാലങ്ങൾക്ക് ശേഷമാണ് അയാൾ ആ 'ലഞ്ച് ബോക്സി'ലൂടെ രുചിക്കുന്നത്. സാജൻ ഫെർണാണ്ടസിന്റെ ആ വിഷാദം നിറഞ്ഞ ചിരി ബോളിവുഡിന്റെ കൂടി ചിരിയായിരുന്നു. ബോളിവുഡ് സിനിമാലോകം സ്ഥിരം സഞ്ചരിച്ചുകൊണ്ടിരുന്ന വഴികളിൽ നിന്നും പുതിയൊരു വഴിയിലേക്ക് കടക്കുന്നതിന്റെ ഒരു ചെറുപുഞ്ചിരി ഇർഫാന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു. ഇർഫാൻ ഖാനെക്കുറിച്ചോർക്കുമ്പോൾ റിതേഷ് ബത്ര സംവിധാനം ചെയ്ത ദി ലഞ്ച് ബോക്സ് എന്ന ചിത്രത്തെ എങ്ങനെ മറക്കും.

 

സാജൻ ഫെർണാണ്ടസിന് ലഭിച്ചതുപോലെ തന്നെ അപ്രതീക്ഷിതമായി ബോളിവുഡിന് കിട്ടിയ സമ്മാനമാണ് ഇർഫാൻ ഖാൻ. രാജസ്ഥാനിലെ ജയ്പുരിൽ ജനിച്ച ഇർഫാൻ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മുംബൈയിലെത്തി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്.  വ്യത്യസ്ത വിഭവങ്ങളുടെ സമനയം പോലെ വ്യത്യസ്ത ഭാവങ്ങളുടെ സമന്വയമായിരുന്നു ഇർഫാൻ ഖാൻ എന്ന മഹാനടൻ.

 

സ്നേഹവും കരുതലും ചേരുവകളാക്കിയ ഉച്ചയൂണിന്റെ അനുഭവമായിരുന്നു ഇർഫാൻ നായകനായ ദി ലഞ്ച് ബോക്സ് എന്ന ചിത്രം. മുംബൈ മഹാനഗരത്തിലെ ആൾക്കൂട്ടത്തിൽ ഏകനായിപ്പോയ വ്യക്തിയാണ് സാജൻ. വിഭാര്യനായ അയാളുടെ ജീവിതത്തിൽ ഊണിന്റെ രുചിയൊക്കെ എന്നേ അകന്നുപോയിരുന്നു. മധ്യവയസിലേക്ക് എത്തിയതോടെ ഭർത്താവിന്റെ സ്നേഹവും കരുതലും പ്രണയവും അന്യമാകുന്നവളാണ് നമ്രിത കൗറിന്റെ ഇള എന്ന കഥാപാത്രം. 

 

ഭർത്താവിന്റെ സ്നേഹം തിരികെ ലഭിക്കാനായി ലഞ്ച് ബോക്സിൽ ഓരോ ദിവസവും പ്രത്യേക വിഭവങ്ങളുണ്ടാക്കി അതോടൊപ്പം ഒരു ചെറുകുറിപ്പുംവെച്ച് ഇള ഡാബാവാലയുടെ കയ്യിൽ ഏൽപ്പിക്കുന്നു. എന്നാൽ ഈ ചോറ്റുപാത്രം തെറ്റി ലഭിക്കുന്നത് സാജൻ ഫെർണാണ്ടസിനാണ്. 

 

മേൽവിലാസം മാറിയെത്തിയ ഭക്ഷണമാണ് സാജൻ കഴിച്ചതെന്ന് പിറ്റേദിവസത്തെ ലഞ്ച്ബോക്സിലെ കുറിപ്പിൽ ഇള വ്യക്തമാക്കുന്നു. അതിനൊരു മറുപടി കുറിപ്പ് സാജൻ നൽകിയത്, അത്രയും കാലം അവഗണനകൾ മാത്രം നേരിട്ടിരുന്ന ഇളയുടെ ജീവിതത്തിൽ പ്രതീക്ഷകളുടെ പുതുനാമ്പ് വിടർത്തുന്നു. വഴിതെറ്റിയെത്തിയ ആ ഉച്ചഭക്ഷണം ഒരു തുടക്കമായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ തുടക്കം. കുറിപ്പുകളിലൂടെ ഇരുവരും താങ്ങും തണലുമാകുന്നു. ഇടയ്ക്കെപ്പോഴോക്കെയോ ഇളയുടെയും സാജന്റെയും വേദനങ്ങൾ പ്രക്ഷകന്റെ മനസിനെയും കൊത്തിവലിക്കുന്നു. മിതസംഭാഷണത്തിലൂടെയും നോട്ടത്തിലൂടെയും ഇടയ്ക്കിടയ്ക്ക് വിരിയുന്ന ചെറുപുഞ്ചിരികളിലൂടെയുമായിരുന്നു ഇർഫാൻ ഖാൻ പ്രേക്ഷകനെ വിസ്മയിപ്പിച്ചത്. സാജനും ഇളയക്കുമൊപ്പം പ്രേക്ഷകനും ആ ഉച്ചയൂണിന്റെ സ്വാദ് ആവോളം അറിഞ്ഞു.

 

ഒരുപക്ഷേ ഹിന്ദി സിനിമയ്ക്ക് അവിചാരിതമായി കിട്ടിയ ഈ ഉച്ചയൂണിന്റെ സ്വാദ് വീണ്ടും ഓർമിപ്പിക്കാനെന്നോണമാകാം മറ്റൊരു ഉച്ചയൂണിന്റെ നേരത്ത് ഇർഫാന്റെ മരണവാർത്ത എത്തുന്നത്. ഒരിക്കലും ഇനി അത്തരമൊരു 'ഉച്ചയൂണ്' ലഭിക്കില്ല എന്ന തിരിച്ചറിവും സിനിമാകാഴ്ചക്കാരുടെ മനസിനെ ചെറുതല്ലാത്ത രീതിയിൽ വേദനിപ്പിക്കുന്നതാണ്. ഉച്ചയൂണിന്റെ ഇടവേളകൾ പോലെ ഹൃസ്വമാണ് ഇർഫാന്റെ സിനിമാജീവിതം. ഈ ചെറിയ കാലയളവ് മതിയാകും ഇർഫാൻ എന്ന പ്രതിഭയെ എന്നെന്നും ഓർത്തിരിക്കാൻ.  എങ്ങനെ മറക്കും ഇർഫാൻ നിങ്ങൾ പകർന്നേകിയ അഭിനയത്തിന്റെ ഈ ഉച്ചയൂണുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com