ADVERTISEMENT

കോട്ടയം ∙ നടി ജ്യോതിക നായികയായ തമിഴ് ചിത്രം ‘പൊൻമകൾ വന്താൽ’ അടുത്ത മാസം ആദ്യം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് തമിഴ് സിനിമയിൽ പുതിയ വിവാദം.  കോവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ചുവടു മാറേണ്ടി വരുമെന്നാണ് ഒരുപക്ഷത്തിന്റെ ന്യായം. 

 

തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ജ്യോതികയുടെ സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനുള്ള തീരുമാനം മലയാള സിനിമയിലെ നിർമാതാക്കളും ഉറ്റു നോക്കുകയാണ്. 

 

‘കുഞ്ഞാലിമരയ്ക്കാർ’ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, ‘കുഞ്ഞെൽദോ’ ‘മാലിക്’, ‘വാംഗ്’, ‘ഹലാൽ ലൗ സ്റ്റോറി’, ‘മോഹൻകുമാർ ഫാൻസ്’ തുടങ്ങിയ മലയാള സിനിമകൾ റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് തിയറ്ററുകൾ അടച്ചത്.  തമിഴ് സിനിമയ്ക്ക് തിയറ്റർ വിട്ടു പുതിയ പരീക്ഷണമാകാമെങ്കിൽ മലയാളത്തിനും ഇതാകാമെന്ന നിലപാടിലാണ് നിർമാതാക്കൾ.  ആമസോൺ, നെറ്റ് ഫ്ലിക്സ് തുടങ്ങിയ വലിയ കമ്പനികൾ ഇതു സംബന്ധിച്ച് ചർച്ചകളൊന്നും കാര്യമായി നടത്തിയിട്ടില്ല.   

 

‘2 സിനിമയ്ക്കായി 26 കോടി രൂപയാണ് ഞാൻ മുടക്കിയത്. 60 ലക്ഷം രൂപയുടെ പബ്ലിസിറ്റി ചെലവാക്കിയപ്പോഴാണ് തിയറ്ററുകൾ അടച്ചത്.  മുടക്കിയ കാശ് തിരിച്ചു കിട്ടാനൊരു സംവിധാനമുണ്ടായാൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമ വിൽക്കുക തന്നെ ചെയ്യും’.  പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രശസ്ത നിർമാതാവ് പറഞ്ഞു. 

 

ജ്യോതികയുടെ ചിത്രം തിയറ്ററുകൾ ഒഴിവാക്കി ആമസോണിൽ റിലീസ് ചെയ്യുന്നതിനെതിരെ, തിയറ്റർ ഉടമകൾ അവിടെ പ്രതിഷേധത്തിലാണ്.  ജ്യോതികയുടെ ഭർത്താവ് സൂര്യയുടെ നിർമാണക്കമ്പനിയായ 2ഡിയാണ്  നിർമാതാക്കൾ. ജ്യോതിക ചിത്രം ആമസോണിൽ വന്നാൽ, സൂര്യയുടെ ചിത്രം വിലക്കുമെന്നാണു അവരുടെ ഭീഷണി.  എന്നാൽ, തമിഴിലെയും മലയാളത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നു മലയാളത്തിലെ നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.  

 

മലയാളത്തിൽ 300 സ്ക്രീനുകളാണുള്ളത്.  പുതിയ സിനിമകൾക്ക് അഡ്വാൻസ് കൊടുക്കുന്ന രീതിയും കുറഞ്ഞു വരികയാണ്.  ഈ സാഹചര്യത്തിൽ നിർമാതാവിന് ഉചിതമായ തീരുമാനമെടുക്കാൻ കഴിയുമെന്നാണു അവരുടെ വാദം. എന്തായാലും കോവിഡ് കാലം സിനിമയുടെ പരമ്പരാഗത റിലീസിങ് രീതികളെ പൊളിച്ചടുക്കുമോ എന്നു കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com