ADVERTISEMENT

വിവാഹാലോചനയുമായി എത്തിയവര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നടിയും നര്‍ത്തകിയുമായ ഷംന കാസിം നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.  തട്ടിപ്പു സംഘത്തിനെതിരെ പരാതി നല്‍കുന്ന സമയത്ത് അതിന്റെ വ്യാപ്തി അറിഞ്ഞിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ഷംന കാസിം. ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. 10 വര്‍ഷമായി ഞാന്‍ ഫീല്‍ഡിലുണ്ട്. ഇങ്ങനെയുള്ള അനുഭവം ഇതാദ്യമായാണ്. തട്ടിപ്പു സംഘങ്ങള്‍ എന്നെപ്പോലെ ഒരു ആര്‍ടിസ്റ്റിനെ സമീപിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഷംന കാസിം മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

 

പറ്റിച്ചത് കുടുംബത്തെ മുഴുവന്‍

Shamna Kasim

ബോളിവുഡില്‍ അവസരമുണ്ടെന്ന് ഒക്കെ പറഞ്ഞു വിളിക്കാറുണ്ട്. അതു പക്ഷേ, എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുമായിരുന്നു. അങ്ങനെയുള്ള കോളുകള്‍ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കി വിടും. പക്ഷേ, ഒരു കുടുംബത്തെ മുഴുവന്‍ ഇതുപോലെ വിശ്വാസത്തിലെടുത്ത് പറ്റിച്ചത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ ബന്ധുക്കളുടെ സുഹൃത്തുക്കള്‍ വഴി വന്ന ആലോചനയായിരുന്നു. ഒരാഴ്ച മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. അന്‍വര്‍ എന്നു പറഞ്ഞാണ് അയാള്‍ പരിചയപ്പെടുത്തിയത്. എന്റെ ഡാഡി, മമ്മി, ഭായി അങ്ങനെ എല്ലാവരുമായും അവര്‍ സംസാരിച്ചിരുന്നു. ഫോണിലൂടെ എല്ലാവരെയും വിളിച്ച് ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു. അന്‍വറിന്റെ ഉപ്പ, ഉമ്മ, സഹോദരി, സഹോദരന്‍, അവരുടെ മകള്‍ അങ്ങനെ ബന്ധുക്കളോടു വരെ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍, വിഡിയോ കോളില്‍ വരാന്‍ അവര്‍ തയ്യാറായിരുന്നില്ല. അത്തരം കാര്യങ്ങളോടു താല്‍പര്യമില്ലാത്തവരാകും എന്നേ കരുതിയുള്ളൂ. 

 

വളരെ പക്വതയോടെയാണ് ഫോണില്‍ സംസാരിച്ചിരുന്നത്. ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഫോണിലൂടെ പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. ഇക്കാര്യം മമ്മിയോടു പറഞ്ഞു. ഞങ്ങള്‍ പണം നല്‍കിയില്ല. അടുത്ത ദിവസം അവര്‍ കുടുംബക്കാരുമായി വീട്ടില്‍ വരുമെന്ന് പറഞ്ഞിരുന്നു. അവരെ കണ്ടിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നു ഞങ്ങള്‍ കരുതി. അതിനാല്‍, സംശയം ഉണ്ടെന്ന വിവരം അവരെ അറിയിക്കാതെ പെരുമാറി. നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ കുറെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. നമ്മള്‍ ഓരോന്നു ആവര്‍ത്തിച്ചു ചോദിക്കുന്നതു കണ്ടപ്പോള്‍ അവര്‍ തിടുക്കത്തില്‍ വീട്ടില്‍ നിന്നിറങ്ങി പോയി. തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചത്. 

shamna-kasim-2

 

ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍

പൊലീസില്‍ അറിയിച്ചെന്നു മനസിലായപ്പോള്‍ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി.  'ഷംന വീടിനു പുറത്തേക്ക് ഇറങ്ങില്ലേ... അപ്പോള്‍ കണ്ടോളാം. വലിയ നടി ആണെന്നാണോ വിചാരം. ഒരു ദിവസം സ്റ്റേജില്‍ കേറുമല്ലോ. ഞങ്ങളോടു കളിയ്ക്കുമ്പോള്‍ സൂക്ഷിച്ചു കളിയ്ക്കണം. വല്ലതും സംഭവിച്ചിട്ട് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല' എന്ന രീതിയില്‍ വോയ്സ് മെസേജുകള്‍ വരാന്‍ തുടങ്ങി. 'പൊലീസില്‍ പോയാല്‍ വിവരം അറിയുമെന്നും മര്യാദയ്ക്ക് മിണ്ടാതിരുന്നാല്‍ അപകടങ്ങള്‍ ഒഴിവാക്കാം' എന്നുമൊക്കെയായിരുന്നു ഭീഷണികള്‍. ഈ ഓഡിയോ എല്ലാം ഞങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു, സോറി, നിങ്ങള്‍ കളിച്ച ആള് മാറിപ്പോയി. ഇത് കേട്ട് മിണ്ടാതിരിക്കാന്‍ കഴിയില്ല എന്ന്. ഞാന്‍ പരാതി കൊടുത്തതിനു പിന്നാലെ സമാനമായ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. പിന്നെ, ഇവര്‍ എന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചിരുന്നാല്‍ അതിനേ നേരമുണ്ടാകുകയുള്ളൂ. ഇങ്ങനെയൊരു പരാതി കൊടുത്തതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയാം. മാധ്യമങ്ങള്‍ അറിയും. ആളുകള്‍ ചോദിക്കും. പക്ഷേ, അതു വിചാരിച്ച് മിണ്ടാതിരുന്നാല്‍ ഞാന്‍ ഇനി പുറത്തേക്കിറങ്ങുമ്പോള്‍ ഇവര്‍ എന്നെ ആക്രമിക്കില്ല എന്ന് എന്താണ് ഉറപ്പ്. അതുകൊണ്ട്, ധൈര്യപൂര്‍വം നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. അക്കാര്യത്തില്‍ എന്റെ കുടുംബം എനിക്ക് നല്‍കിയ പിന്തുണ വലുതാണ്. ഞാന്‍ പരാതിപ്പെട്ടതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, ഈ സംഘമെങ്കിലും ഈ പണി നിറുത്തിയാല്‍ അത്രയെങ്കിലും ആകുമല്ലോ. 

 

ജാഗ്രത വേണം

സിനിമ ഒരു ഫാന്റസി ലോകമാണ്. അവസരങ്ങള്‍ നല്‍കാം, ഫോട്ടോഷൂട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞ് നിരവധി പേര്‍ സമീപിക്കാം. എന്റെ കരിയറിന്റെ തുടക്കത്തിലും ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, വിളിക്കുന്നവരെക്കുറിച്ച് ഒന്നു അന്വേഷിച്ചിട്ടേ ഞാന്‍ അതിന് ഇറങ്ങിപ്പുറപ്പെടാറുള്ളൂ. ആദ്യമൊക്കെ ഏതു ഷൂട്ടിനാണെങ്കിലും എനിക്കൊപ്പം മമ്മിയും ഡാഡിയും വരുമായിരുന്നു. ഈ അടുത്ത കാലത്തു മാത്രമാണ് ഞാന്‍ ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോയി തുടങ്ങിയത്. സിനിമയില്‍ അവസരങ്ങള്‍ അന്വേഷിച്ച് കൊച്ചിയിലെത്തി ഇവിടെ ഫ്ലാറ്റെടുത്ത് കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്ന നിരവധി കുട്ടികളുണ്ട്. അവരൊക്കെ വളരെ ചെറിയ പ്രായത്തിലാണ് ഇവിടെ എത്തിപ്പെടുന്നത്. ഒരു വര്‍ക്കിന് ആരെങ്കിലും വിളിക്കുമ്പോള്‍ അതിനു പോകുന്നതിനു മുന്‍പ് വിളിച്ചവരെക്കുറിച്ച് ഒന്നു അന്വേഷിക്കണം എന്നാണ് ഞാന്‍ പറയുക. അവരുടെ തന്നെ ഫ്രണ്ട് സര്‍ക്കിളില്‍ എങ്കിലും മിനിമം അന്വേഷിക്കണം. തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ അതു സഹായിക്കും. അമ്മ പോലുള്ള സംഘടനകള്‍ക്ക് ഇതില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. കാരണം, പുതിയതായി ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന കുട്ടികള്‍ നേരെ വന്ന് അമ്മയില്‍ അംഗത്വം എടുക്കുന്നില്ലല്ലോ. അതിനാല്‍, വ്യക്തിപരമായി അലെര്‍ട്ട് ആയിരിക്കുന്നതായിരിക്കും ഉചിതം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com