സുശാന്തിനെപ്പോലെ ഒരുപാട് അവഗണനകള്‍ ഞാനും അഭിമുഖീകരിച്ചു: ടിറ്റോ വിൽസൺ അഭിമുഖം

titto-wilson
SHARE

മെയ്‍ക്കോവര്‍ ഫോട്ടോഷൂട്ടുകളുടെ ഈ കാലത്ത് സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ അപ്പുറത്തുള്ള ഇരുണ്ടലോകത്തിന്റെ കാഴ്ചകളിലേക്ക് കണ്ണു തുറപ്പിക്കുകയാണ് യുവതാരം ടിറ്റോ വില്‍സണ്‍. അങ്കമാലി ഡയറീസ്, മറഡോണ, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ ടിറ്റോ ഈ ഫോട്ടോഷൂട്ടിലൂടെ അഭിസംബോധന ചെയ്യുന്നത് താനടക്കമുള്ള സിനിമാലോകത്തിലെ സമ്മര്‍ദ്ദങ്ങളെയാണ്... വേര്‍തിരിവുകളെയാണ്. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളുടെ പരിഹാരം ആത്മഹത്യയല്ലെന്ന് ടിറ്റോ  പറയുന്നു.  'ആരു ചവുട്ടിയാലും ആരു തളര്‍ത്തിയാലും കഴിവുള്ളവരാണെങ്കില്‍ അതു ലോകം തിരിച്ചറിയും', ടിറ്റോയുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ കരുത്തുണ്ട്. ചര്‍ച്ചയായ ഫോട്ടോഷൂട്ടിനെക്കുറിച്ചും കടന്നുവന്ന സിനിമാവഴികളെക്കുറിച്ചും ടിറ്റോ മനോരമ ഓണ്‍ലൈനില്‍. 

ആ ഫോട്ടോഷൂട്ടിന് പിന്നില്‍

കഴിഞ്ഞ ദിവസം എന്റെ പിറന്നാളായിരുന്നു. ആ ദിവസം എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തുക്കള്‍ വിളിച്ച് ഫോട്ടോഷൂട്ടിന്റെ ആശയം പറഞ്ഞത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ വിവേക് പി. സേതുവിന്റേതാണ് ആണ് ആശയം. സുശാന്തിന്റെ മരണം സത്യത്തില്‍ സംഭവിക്കാന്‍ പാടില്ലത്തതായിരുന്നു. ഒരു നടനോ നടിയോ ആരും തന്നെ സ്വയം മരണം തിരഞ്ഞെടുക്കേണ്ട അവസ്ഥ വരരുത്. ഈ കാര്യം സംസാരിച്ചപ്പോള്‍ വിവേക് ചോദിച്ചു, എനിക്ക് അത്തരത്തില്‍ മനസു മടുപ്പിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന്. സത്യത്തില്‍ ഒരുപാട് അവഗണനകള്‍ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. 

titto-photoshoot

പണ്ട് മുതലേ നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും പല തവണ മാറ്റി നിർത്തപ്പെട്ട അനുഭവങ്ങള്‍ എന്റെ വ്യക്തിജീവിതത്തില്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ആ സംഭാഷണത്തില്‍ നിന്നാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയം വന്നതും ഞങ്ങള്‍ എല്ലാവരും ഇതിലേക്ക് ഇറങ്ങിത്തിരിച്ചതും. കോസ്റ്റ്യൂമും സ്റ്റൈലിങ്ങും ചെയ്തത് വിവേക് തന്നെയാണ്. അഭിഷേക് കൃഷ്ണയും സോനു വര്‍ഗീസും ചേര്‍ന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ആര്‍ടില്‍ വര്‍ക്ക് ചെയ്തത് ലിബിന്‍ ലീ, സുജീഷ്, സുബീഷ്, വാസുദേവന്‍ എന്നിവരാണ്. ഉമേഷ് ആയിരുന്നു ലൊക്കേഷന്‍ മാനേജര്‍. 

മരണം ഒരു അവസാനമല്ല

ആത്മഹത്യ ഒരു പരിഹാരമല്ല. പ്രശ്നങ്ങളെ തരണം ചെയ്യാനാണ് പഠിക്കേണ്ടത്. എനിക്ക് അങ്ങനെയാണ് ഫീല്‍ ചെയ്തിട്ടുള്ളത്. ഒരു പ്രശ്നത്തിന്റെ മുന്നില്‍ തളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ മുന്നോട്ടു യാത്രയില്ല. പഠിച്ചു കൊണ്ടിരുന്ന സമയത്ത് എന്നോട് ഒരാള്‍ പറഞ്ഞ കാര്യം ‍ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. മരിക്കാന്‍ പോകുന്നതിന് തൊട്ടു മുന്‍പു വരെയെങ്കിലും ഒരു അവസരം തേടി വരാതിരിക്കില്ല. ആ അവസരമാകും നമ്മുടെ വഴി മാറ്റുക എന്ന്. അതുകൊണ്ട് ഒരിക്കലും ആത്മഹത്യക്ക് നില്‍ക്കരുത്. മരണം ഒന്നിന്റെയും അവസാനമല്ല. മരണത്തെ ഒരു ഉത്തരമായും ആരും കാണരുത്. മരണം നമ്മള്‍ തേടി പോകേണ്ട കാര്യമില്ല. അതു നമുക്കൊപ്പം തന്നെയുണ്ട്. 

സിനിമയിലെ റാഗിങ്

സിനിമയുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് ലിജോ ചേട്ടന്റെ അങ്കമാലി ഡയറീസിന്റെ സെറ്റില്‍ നിന്നാണ്. അവിടെ ചെന്നു പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയില്‍ വരുമായിരുന്നില്ല. ആ സിനിമ എനിക്കു വേറൊരു വഴി തുറന്നു തന്നു. ഒരു സ്കൂളിലോ കോളജിലോ നമ്മള്‍ ചേരുകയാണെന്ന് വിചാരിക്കൂ. ആദ്യം തന്നെ ചിലപ്പോള്‍ റാഗിങ് ഉണ്ടാകും. പലരും ഇതു നേരിട്ടുണ്ടാകും. ഒരു പുതുമുഖം വരുമ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. പുതിയ ഒരാള്‍ വന്നിട്ടുണ്ടല്ലോ എന്ന ഭാവം. ചെറിയ പരിപാടികളൊക്കെ അവര്‍ ഒപ്പിക്കും.  അതു നല്ല രീതിയില്‍ ആസ്വദിച്ചിട്ടുണ്ട്. അതു കൂടുതലാകുമ്പോഴാണ് ബുദ്ധിമുട്ടാകുന്നത്. നമ്മള്‍ ഇരിക്കുന്ന സ്പേയ്സില്‍ നിന്ന് മാറ്റി ഇരുത്തും. നമ്മള്‍ ചെയ്തു വച്ച വര്‍ക്കില്‍ നിന്ന് പല ഭാഗങ്ങളും തിയറ്ററില്‍ ചെല്ലുമ്പോള്‍ കാണില്ല. നമ്മള്‍ ചെയ്തതു ശരിയാകാഞ്ഞിട്ടാണോ എന്നാകും നമ്മള്‍ ആലോചിക്കുക. 

titto-photoshoot-1

ഇല്ലാത്ത സീനില്‍ കിട്ടിയ തല്ല്

ഒരിക്കല്‍ ഒരു സീന്‍ ഷൂട്ട് ചെയ്ത്, അതിന്റെ ഡബ്ബിങ്ങിനു വേണ്ടി ഞാന്‍ പോയി. അതു തീര്‍ത്തു വീട്ടില്‍ വന്നപ്പോള്‍ എനിക്കൊരു സംശയം... ഞാന്‍ ഡബ്ബ് ചെയ്ത പോര്‍ഷനില്‍ എന്റെ ബോഡി അല്ലല്ലോ. ആ ഒരു പോര്‍ഷനില്‍ കുറെ ഭാഗം അങ്ങനെ പോയിട്ടുണ്ട്. ഞാനതിന്റെ ബന്ധപ്പെട്ട ആളെ വിളിച്ചു ചോദിച്ചു. ഇങ്ങനെ കാണിക്കാനായിരുന്നെങ്കില്‍ എന്നെ ആ ടേക്കിന് അതുപോലെ തല്ലണമായിരുന്നോ എന്ന്. സത്യത്തില്‍ ആ ടേക്കില്‍ ഞാന്‍ വാങ്ങിച്ച അടി ആ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും എനിക്കൊരു സമാധാനം ആകുമായിരുന്നു. 

ആ ഷോട്ടില്‍ എന്നെ ആവശ്യമില്ലാതിരുന്നിട്ടു പോലും എന്നെ നല്ലപോലെ തല്ലി. പിന്നീടത് സംസാരമൊക്കെ ആയി. അതു ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെ പലരും പറഞ്ഞു. വില്ലന്‍ ആയിട്ടാണ് ഞാന്‍ മിക്കവാറും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഓരോ പടത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ പരുക്ക് പറ്റും. അതു ഭേദമായിട്ടേ അടുത്തത് ചെയ്യാന്‍ കഴിയൂ. 

വിധേയനായി നിന്നാല്‍ എല്ലാവര്‍‍ക്കും ഇഷ്ടം

അങ്കമാലി ഡയറീസിന്റെ ഷൂട്ട് കഴിഞ്ഞു തിരിച്ചു വീട്ടില്‍ വരാന്‍ കാശില്ലാതെ നടന്നു വന്നിട്ടുണ്ട്. ആ അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ എനിക്ക് ഒരു വാഹനത്തില്‍ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു കാരണം സിനിമ ആണ്. സിനിമയില്‍ വര്‍ക്ക് ചെയ്തതു കൊണ്ടുണ്ടായ വളര്‍ച്ചയാണ്. എനിക്ക് തരാന്‍ പറ്റുന്ന തരത്തിലുളള വേതനമേ ഞാന്‍ ആവശ്യപ്പെടാറുള്ളൂ. ഒന്നു വിധേയനായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നമ്മള്‍ സ്നേഹത്തോടെ നിന്നു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സന്തോഷമാണ്. നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം ഒന്നും കാണില്ല. നമ്മള്‍ അഭിപ്രായം പറയേണ്ട ആവശ്യവും ഇല്ല. അഭിനയിക്കലാണ് ജോലി. അതു ചെയ്യുക, പോകുക. 

നിരവധി തവണ ഡിപ്രഷനിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു തരണം  ചെയ്യാന്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുക എന്നതാണ് എന്റെ രീതി. എന്തെങ്കിലും എഴുതും. സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യും. പാട്ടുകള്‍ ചെയ്യും. ലോക്ഡൗണ്‍ ആയതോടെ എല്ലാ വര്‍ക്കുകളും മാറ്റി വയ്‍ക്കപ്പെട്ടു. സിനിമയിലെ ടെക്നീഷ്യന്‍മാരായാലും നടീനടന്മാരായാലും ഒരു തരത്തില്‍ അവരും ദിവസ വേതനക്കാരാണ്. ലോക്ജൗണ്‍ ശരിക്കും ഞങ്ങളെയും ബാധിച്ചു. അജഗജാന്തരം എന്ന സിനിമ എല്ലാ പണികളും കഴിഞ്ഞ് റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു ലോക്ഡൗണ്‍ ആയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സിനിമ ചെയ്ത അതേ ടീമിന്റെ സിനിമ ആണ് അജഗജാന്തരം.

യാത്ര മുന്നോട്ടു തന്നെ

സിനിമയില്‍ എത്തിപ്പെടുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരും പല രീതിയിലാണ്. ചില സ്ഥലത്ത് നമ്മള്‍ മടുത്തിട്ട് നിർത്തി പോയാലോ എന്നു വരെ ചിന്തിക്കും. ഒരു സംവിധായകനാകാന്‍ ആഗ്രഹിച്ച് നടനായ വ്യക്തിയാണ് ഞാന്‍. സംവിധാനം വലിയൊരു മോഹമാണ്. അതു നടക്കുന്ന ദിവസം വരും. അതൊരു ആത്മവിശ്വാസമാണ്. ആ വിശ്വാസം ഇല്ലെങ്കില്‍ നമ്മള്‍ എവിടെയും എത്തില്ല. ആദ്യം നമുക്ക് നമ്മില്‍ തന്നെ വിശ്വാസം വേണം. നമുക്ക് നമ്മളുണ്ടെന്ന് തിരിച്ചറിയണം. ആ ആത്മവിശ്വാസം ഇല്ലെങ്കില്‍ എല്ലാം പോയില്ലേ. 

നമ്മുടെ പ്രയത്നം ശക്തമാണെങ്കില്‍ ആരൊക്കെ പിടിച്ചു താഴ്ത്തിയാലും നമ്മള്‍ ഒരു ദിവസം ഉയര്‍ന്നു വരും. അവര‍ ചവുട്ടി ചവുട്ടി താഴ്ത്താന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ മെല്ലെ മെല്ലെ വര്‍ക്ക് ചെയ്ത് ഉയര്‍ന്നു വരണം. അഭിനയിച്ചുകൊണ്ടിരിക്കുക. ആരു ചവുട്ടിയാലും ആരു തളര്‍ത്തിയാലും കഴിവുള്ളവരാണെങ്കില്‍ അതു ലോകം തിരിച്ചറിയും. അയാളെ മുന്നോട്ടു കൊണ്ടു വരും. നല്ല പ്രകടനം കാഴ്ച വയ്ക്കുന്നവരെ അംഗീകരിക്കുക തന്നെ ചെയ്യും. ഒരു പുതുമുഖമായി വന്ന എനിക്ക്, ആദ്യ ചിത്രത്തിനു ശേഷം ഇത്രയെങ്കിലും സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് എന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കുറച്ചെങ്കിലും ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ. മുന്നോട്ടു തന്നെയാണ് എന്റെ യാത്ര. ഇതു തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA