ADVERTISEMENT

നായികാ പ്രാധാന്യമുള്ള ക്രൈം ത്രില്ലർ സിനിമകളുടെ പട്ടികയിലേക്കു പുതിയൊരു തമിഴ് സിനിമ കൂടിയെത്തുമ്പോൾ അതിലെ നായിക മലയാളത്തിന്റെ ഉണ്ണിനീലി, ഇനിയ. ലോക്ഡൗൺ കഴിഞ്ഞാലുടൻ റിലീസാകാനിരിക്കുന്ന ‘കോഫി’ എന്ന സിനിമയിലെ നായികാവേഷമാണ് ഇനിയയ്ക്ക് – പൊലീസ് ഓഫിസറാകാൻ ആഗ്രഹിക്കുന്ന നായിക.

10 വർഷത്തിനിടെ മലയാളത്തിലും തമിഴിലും കന്നഡയിലുമായി ഇനിയ ചെയ്തത് 32 നായികാ വേഷങ്ങൾ. തമിഴിൽ റിലീസാകാനുള്ളതു കോഫി, കളേഴ്സ് എന്നീ സിനിമകൾ. തിയറ്ററിൽ പോയി സിനിമ കാണുകയെന്ന പരിചയം മാത്രമുണ്ടായിരുന്ന കുട്ടിക്കാലത്തുനിന്ന് തെന്നിന്ത്യൻ നായികയിലേക്ക് ഇനിയ എന്ന ശ്രുതി ശ്രാവന്ത് എത്തിയ കഥയറിയാം. 

 

ശ്രുതിയിൽനിന്ന് ഇനിയയിലേക്ക് 

 

സിനിമാരംഗവുമായി ബന്ധമില്ലാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി. നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വേഷമിട്ട ‘കൂട്ടിലേക്ക്’ എന്ന ഹ്രസ്വചിത്രമാണ് ഇനിയയെന്ന അഭിനേത്രിയിലേക്കുള്ള യാത്രയിലെ ആദ്യ വഴിത്തിരിവ്. അച്ഛന്റെ സുഹൃത്ത് മുഖേനയാണ് ആ ഹ്രസ്വചിത്രത്തിൽ എത്തുന്നത്. പിന്നീടു ഹ്രസ്വചിത്രങ്ങൾ, മോഡലിങ് എന്നിവയിലൂടെയായിരുന്നു വളർച്ച. നായികാ കഥാപാത്രമായി എത്തുന്നതു തമിഴ് സിനിമയിലൂടെയാണ്. 

 

2011ൽ പുറത്തിറങ്ങിയ ‘വാകൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണു തെന്നിന്ത്യൻ നായികാവേഷങ്ങളിലേക്ക് ഇനിയയുടെ പേര് എഴുതിച്ചേർത്തത്. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഈ സിനിമയിലൂടെ ഇനിയയെ തേടിയെത്തി. 

 

ഇനിയയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, സിനിമയിൽ ഗോഡ് ഫാദറോ വെൽവിഷറോ ഇല്ലാതിരുന്നിട്ടും സ്വന്തം പ്രയത്നത്താൽ നേടിയെടുത്ത വിജയം. ആ വിജയത്തിന് അഭിമാനം കൂടുതലാണെന്നും പറയുന്നു ഇനിയ. മലയാളത്തിലും പുതിയ വേഷങ്ങൾ തേടിയെത്തി. മാമാങ്കത്തിലെ ഉണ്ണിനീലിയിലെത്തി നിൽക്കുന്നു മലയാള സിനിമയിൽ ഇനിയയുടെ ഗ്രാഫ്. 

 

ഇഷ്ടമാണ് ഫൈറ്റ്, ഹോഴ്സ് റൈഡിങ്

 

ഡാൻസും പാട്ടും കഴിഞ്ഞാൽ ഇനിയയുടെ ഇഷ്ടങ്ങൾ ഹോഴ്സ് റൈഡിങ്ങും കളരിയുമൊക്കെയാണ്. കോഫി എന്ന സിനിമയിലും സംഘട്ടന രംഗങ്ങൾ ഏറെയുണ്ട്. മുൻപൊരിക്കൽ ഷൂട്ടിങ് പഠിച്ചതും ഈ സിനിമയിൽ ഇനിയയെ സഹായിച്ചു. 

 

അച്ഛൻ സലാഹുദീൻ, അമ്മ സാവിത്രി, സഹോദരി സ്വാതി, സഹോദരൻ ശ്രാവൺ എന്നിവരാണു സിനിമാ ജീവിതത്തിലും ഇനിയയ്ക്ക് ഏറ്റവുമധികം പിന്തുണ. തിരുവനന്തപുരമാണു സ്വദേശം. അമയ എന്റർടെയ്ൻമെന്റ്സ് എന്ന പേരിൽ പ്രൊഡക്‌ഷൻ രംഗത്തേക്കും ഇനിയ കടന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com