sections
MORE

അമരാവതിയുടെ ഗൃഹനാഥൻ; മലയാളത്തിന്റെ ലോഹിതദാസ്

sidhu-lohi
SHARE

11 വർഷം മുൻപ് ലോഹി സാർ മരിച്ചപ്പോൾ മാസികയിൽ ഞാൻ എഴുതിയ ഒരു അനുശോചന കുറിപ്പ്  ഇവിടെ പകർത്താം. എന്റെ ഫോൺ അടിക്കുന്നു  ഞാൻ ഫോൺ  എടുത്തു. മറുതലക്കൽ ലോഹിസാറാണ്‌. ‘സിദ്ധു നമ്മളൊരു സിനിമ ചെയ്യുന്നു. വെറുതെ ഒരു ഭാര്യയുടെ നിർമാതാവ് സലാവുദീന് വേണ്ടിയാണ്. പൃഥ്വിരാരാജ് ആണ് നായകൻ. ഞാൻ സിദ്ധുവിന്റെ പേര് പറഞ്ഞിട്ടുണ്ട് സലാവുദീൻ വിളിക്കും’. സന്തോഷം തോന്നി 9 വർഷത്തിന് ശേഷം ആണ് ഒരു സിനിമ ചെയ്യാൻ ലോഹിസാർ എന്നെ വിളിക്കുന്നത്‌. 

ഞാൻ കെ. മോഹനേട്ടന്റെ സഹായിയായിരുന്നപ്പോൾ ലോഹിസാറിന്റെ തിരക്കഥയിൽ  10 സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട്. പല തിരക്കഥകളുടെയും അവസാന ഘട്ടത്തിൽ ലോഹി സാറിനൊപ്പം ഞാനും ഉണ്ടാകുമായിരുന്നു. സാർ പറയുന്ന കാര്യങ്ങൾ നിര്‍മാതാവിനെയും സംവിധായകനെയും കൺട്രോളറെയും അറിയിക്കാനാണ് എന്നെ അവിടെ നിർത്തുന്നത്. സെല്ഫോണില്ല ഷൊർണൂർ ഗസ്റ്റ്ഹൗസിൽ STD യും ഇല്ല. 

എഴുത്തിന്റെ ഇടവേളകളിൽ സാറിനോടൊപ്പം ഞാനും നടക്കാനിറങ്ങും. ഷൊർണൂരിലെയും ചെറുതുരുത്തിയിലെയും ഇടവഴികൾ പലതും താണ്ടി നടത്തം തുടരും. ചെറിയ ചായക്കടകളിൽ കയറി ഭക്ഷണം കഴിക്കും. നല്ല രുചിയുള്ള നാടൻ  ഭക്ഷണം കിട്ടുന്ന ചെറിയകടകൾ എവിടെയൊക്കെ ഉണ്ടെന്ന് അദ്ദേഹത്തിന് നല്ല തിട്ടമാണ്. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിൽ അസാമാന്യ പ്രതിഭാശാലിയായിരുന്നു  അദ്ദേഹം. മഞ്ജുവാരിയർ, മീരാജാസ്മിൻ, സംയുക്തവർമ, ഭാമ,ധന്യ,ചിപ്പി, കാവേരി, മോഹൻരാജ്, കലാഭവൻ മണി, വിനുമോഹൻ, ശ്രീഹരി ഇനിയും എത്രയോ പേർ ,അദ്ദേഹത്തിന്റെ തിരക്കഥകളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തി. നായികാ പദവിയിലേക്കെത്തി. 

പലർക്കും സിനിമയിൽ വഴിത്തിരിവാകുന്ന വേഷങ്ങൾ നൽകി. കണ്ണൂർ താഴെ ചൊവ്വയിൽ നിന്ന് വന്നെത്തിയ മഞ്ജുവിനെയും ആലുവ ദേശത്തു നിന്ന് വന്ന ദിലീപിനെയും. ഡയറക്ടർ സുന്ദർദാസിന്റെയും കിരീടം ഉണ്ണിയേട്ടന്റെയും സാന്നിധ്യത്തിൽ സല്ലാപത്തിന്റെ ഫോട്ടോ സെഷനുവേണ്ടി ലോഹിസാർ ചേർത്ത്നിർത്തുമ്പോൾ, ജീവിതത്തിലേക്കാണ് അവരെ അടുപ്പിച്ചു  നിർത്തിയതെന്നു ദിലീപിനും മഞ്ജുവിനും അന്ന് മനസിലായികാണില്ല. 

അദ്ദേഹം സംവിധാനം ചെയ്ത നാലു സിനിമകൾ ഞാൻ വർക്ക്‌ ചെയ്തു. അടുത്ത സിനിമക്ക് വിളിച്ചപ്പോൾ മറ്റു രണ്ട് പടങ്ങളുടെ തിരക്കിലായതിനാൽ എനിക്ക് പോകാനൊത്തില്ല. പിന്നീടദ്ദേഹം സിനിമ വർക്ക്‌ ചെയ്യുവാൻ എന്നെ വിളിച്ചിട്ടില്ല. ഇടക്ക് ഫോൺ ചെയ്തു ഞാൻ ക്ഷേമാന്വേഷണം നടത്തും. നേരിൽ കാണുമ്പോൾ ഇപ്പോൾ സാറിന് നമ്മളെയൊന്നും വേണ്ടാതായി എന്ന് പരിഭവം പറയും. നമുക്ക് ഉടനെ ഒരു പടം ചെയ്യാം എന്ന് സാർ സമാധാനിപ്പിക്കും. 

9 വർഷങ്ങൾക്ക്‌ ശേഷം അദ്ദേഹം ചെയ്യാനിരുന്ന മൂന്ന് സിനിമകളുടെ ചുമതലയാണ് എന്നെ ഏല്പിച്ചത്. ഈ കാര്യങ്ങൾക്കായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരു മാസം മുൻപാണ് അവസാനമായി കണ്ടത്. സല്ലാപത്തിനു ശേഷം സുന്ദർദാസും ലോഹിസാറും ദിലീപും ഒന്നിക്കുന്ന സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ സുന്ദർദാസുമൊത്തു ലക്കിടിയിലെ അമരാവതിയിലെത്തി. പൂമുഖത്തെ ചാരുകസേരയിൽ അദ്ദേഹമുണ്ട്. ഒരു പകൽ മുഴുവൻ അവിടെ ചിലവഴിച്ചു. വൈകീട്ടിറങ്ങുമ്പോൾ പടിപ്പുരവരെ വന്ന് ചിരിച്ചുകൊണ്ട് ഞങ്ങളെ യാത്രയാക്കി. പടിപ്പുര കടന്നപ്പോൾ തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നില്പുണ്ട്. ഫോണിൽ തുടർന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നു. 

ജൂൺ 28 ന് വൈകീട്ട് തൃശൂർ ലുലു സെന്ററിൽ ഷാജികൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫങ്ഷൻ. മുഖ്യ അതിഥി ലോഹിതദാസ്. സാറിന് വരാൻ വണ്ടി അയക്കണോ എന്നറിയാൻ 10. 30 ഓടെ ഞാൻ വിളിച്ചു. ഫോണിൽ കിട്ടിയില്ല. നിമിഷങ്ങൾക്കകം സുന്ദർദാസിന്റെ വിളിയെത്തി. ഭൂമികീഴ്മേൽ മറിയുന്നത് പോലെ സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു. പടത്തിന്റെ ഫങ്ഷൻ അദ്ദേഹത്തിന്റെ അനുശോചന യോഗമായി മാറി. നേരെ ലക്കിടിയിലേക്ക്. പൂമുഖത്തു ചാരുകസേരയില്ല. അമരാവതിയുടെ ഗൃഹനാഥൻ തെക്കോട്ട് തലവച്ചു ശാന്തനായി ഉറങ്ങുകയാണ്. 

ആ ഉറക്കത്തിനു ഭംഗം സംഭവിക്കാതിരിക്കാനെന്നോണം സിന്ധു ചേച്ചിയും മക്കളും തേങ്ങലടക്കിപിടിച്ചു ഉണർന്നിരിക്കുന്നു. ഉറങ്ങട്ടെ ഏറെ ഇഷ്ടമുള്ള അമരാവതിയിലെ തന്റെ അവസാന രാത്രി അദ്ദേഹം സുഖമായി ഉറങ്ങട്ടെ. പിറ്റേന്ന് ആ  ചിത കത്തിതീർന്നശേഷം അവിടെനിന്നിറങ്ങി. സുന്ദർദാസും കിരീടം ഉണ്ണിയേട്ടനും കൂടെ ഉണ്ടായിരുന്നു. പടിപ്പുര കടന്നപ്പോൾ പതുക്കെ തിരിഞ്ഞു നോക്കി. ഒരു വ്യാമോഹം... ഞങ്ങളെ യാത്രയാക്കാൻ ചിരിച്ചുകൊണ്ടദ്ദേഹം പടിപ്പുരയിൽ നില്പുണ്ടോ..? ഒന്നും വ്യക്തമായില്ല കണ്ണിൽ നീർവന്ന് നിറഞ്ഞിരുന്നു. എന്റെ ഫോണിൽ ലോഹിസാറിന്റെ നമ്പർ ഇപ്പോഴുമുണ്ട്. ഡയൽ ചെയ്താൽ ആ സത്യം അംഗീകരിക്കേണ്ടി വരും. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാൻ മറുതലക്കൽ അദ്ദേഹം ഉണ്ട്‌ എന്ന വിശ്വസത്തിൽ ഒരു വിളി ഞാൻ ബാക്കി വയ്ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA