ADVERTISEMENT

മലയാള സിനിമയിലെ മാഫിയകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഷംന കാസിം ബ്ലാക്ക്മെയ്‍ൽ കേസുമായി ബന്ധപ്പെട്ട് പൊലീസ്, മലയാളത്തിലെ ചില താരങ്ങളുടെ മൊഴി എടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദീപിന്റെ പ്രതികരണം.

 

സന്ദീപ് ജി. വാരിയയുടെ കുറിപ്പ് വായിക്കാം:

 

ഷംന കാസിം ബ്ലാക്ക്മെയിൽ കേസും അതിനെ തുടർന്ന് സ്വർണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ്.

 

മീൻ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നു, ചിലരെ നിലവിൽ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.

 

ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു.

 

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ അടയിരിക്കുന്നത് അവസാനിപ്പിക്കണം. മലയാളസിനിമയിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഷംന കാസിം ഉൾപ്പെടെയുള്ള പെൺകുട്ടികൾക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.’–സന്ദീപ് കുറിച്ചു.

 

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തിയിരുന്നു. കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. നടന്‍ ധര്‍മ്മജനുമായി പ്രതികൾ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

 

നടിമാരായ ഷംനയുടെയും മിയയുടെയും ഫോൺ നമ്പർ തട്ടിപ്പുസംഘം ആവശ്യപ്പെട്ടതായും അവരെ പരിചയപ്പെടുത്തിത്തരുമോ എന്നു ചോദിച്ചതായും നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച  കേസിൽ പൊലീസിനു മൊഴി നൽകാനെത്തിയ ധർമജൻ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

ഷംന കാസിമിന്റെയും തന്റെയും ഫോൺ നമ്പരുകൾ തട്ടിപ്പു സംഘത്തിനു കൈമാറിയത് പ്രൊഡക്‌‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണെന്നു പൊലീസിൽ നിന്നു മനസ്സിലാക്കാൻ സാധിച്ചവെന്നും അദ്ദേഹം പറഞ്ഞു.

 

‘‘ അഷ്ഗർ അലി എന്നു പരിചയപ്പെടുത്തിയയാളാണ് എന്നെ വിളിച്ചത്. സെലിബ്രിറ്റികളെ ഉപയോഗിച്ചു സ്വർണം കടത്ത്, കറൻസി കടത്ത് എന്നിവ ചെയ്യുന്ന സംഘമാണെന്നു പറഞ്ഞാണ് വിളിച്ചത്.  ലോക്ഡൗണിൽ വീട്ടിലിരിക്കുമ്പോഴായിരുന്നു ഇത്. 14 കോടി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. തമാശയായാണു തോന്നിയത്. രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ സംശയം തോന്നി. പൊലീസിൽ പരാതി കൊടുത്തതോടെ അവരുടെ ഫോൺ സ്വിച്ചോഫ് ആയി.

 

കടത്തിന് എസ്കോർട്ട് പോകാനൊന്നും എന്നോട് ആവശ്യപ്പെട്ടില്ല. എന്നെക്കണ്ടാൽ സ്വർണക്കടത്തുകാരനെന്നു തോന്നില്ലായിരിക്കും. എന്നെ വിളിച്ച കാര്യം ഷംനയോടു പറഞ്ഞിട്ടില്ല’’–ധർമജൻ പറഞ്ഞു. അതേസമയം, ധർമജന്റെ ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.

 

അതേസമയം, ഷംന കാസിം കേസില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ സിനിമാതാരങ്ങളുടെ നമ്പര്‍ കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com