ADVERTISEMENT

2019ലെ വനിത ഫിലിം അവാർഡ്സ് വേദി. തക‍ർപ്പൻ ന‍ൃത്തത്തിനു ശേഷം കാരവാനിൽ വിശ്രമിക്കുമ്പോഴാണു നിർമാതാവും നടനുമായ വിജയ്ബാബു അദിതി റാവു ഹൈദരിയെ കാണാനെത്തിയത്. അദിതിയെ ആർടിസ്റ്റ് കോഓഡിനേറ്റർ വിവേക് രാമദേവൻ   അദിതിക്കു വിജയിനെ പരിചയപ്പെടുത്തി. നർത്തകിയും ഊമയുമായ നായികയുടെ കഥയുണ്ടെന്നും  മലയാളത്തിലേക്കു വരാൻ താൽപര്യമുണ്ടോ എന്നും ചോദ്യം? കഥ കേൾക്കട്ടെ എന്നായി അദിതി. കാരവാനിനു പുറത്തു മഴ തകർക്കുമ്പോൾ സൂഫിയുടെയും സുജാതയുടെയും കഥ വിജയ് പറഞ്ഞു തുടങ്ങി. കഥ പറഞ്ഞു തീരുമ്പോഴേക്കും സുജാത തന്റെ മനസ്സു കീഴടക്കിയിരുന്നു എന്ന് അദിതി.  ‘സൂഫിയും സുജാതയും’ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസാകുമ്പോൾ വീണ്ടുമൊരു മഴക്കാലം. ഇപ്പോൾ ഹൈദരാബാദിലുള്ള അദിതി ‘സുജാതയുടെ’ വിശേഷങ്ങൾ പങ്കിടുമ്പോഴും മഴയുടെ പശ്ചാത്തല സംഗീതമാണു മുഴങ്ങുന്നത്...

∙ 15 വർഷത്തിനു ശേഷം വീണ്ടും മലയാളത്തിൽ...?

പ്രജാപതി എന്ന ചിത്രത്തിൽ ഞാൻ നർത്തകി എന്ന നിലയിൽ വന്നു മറയുന്ന ചെറിയ ഒരു കഥാപാത്രം മാത്രമാണു ചെയ്തത്. അതെന്റെ ആദ്യ സിനിമയാണെന്നോ സിനിമയിൽ ഞാൻ അഭിനയിച്ചു എന്നോ അതുകൊണ്ടു പറയാനാവില്ല. ‘സൂഫിയും സുജാതയും’ ഒരു നടി എന്ന നിലയിൽ ഞാൻ ചെയ്യുന്ന ആദ്യ മലയാളം സിനിമയാണ്.

aditirao1

∙ തിയറ്റർ റിലീസ് ഇല്ല എന്നതിൽ ദുഖമുണ്ടോ?

തിയറ്ററുകളും തിയറ്റർ റിലീസും ആദ്യ ദിനം ആദ്യ ഷോ കാണുന്നതിലെ ത്രില്ലും ഒക്കെ ഇഷ്ടമാണ്. എന്റെ ഇതു വരെയുള്ള എല്ലാ ചിത്രങ്ങളും തിയറ്ററിൽത്തന്നെ റിലീസ് ചെയ്തവയുമാണ്. സൂഫിയും സുജാതയും ആമസോൺ പ്രൈം റിലീസ് ആണ് എന്നു കേട്ടപ്പോൾ ചെറിയ വിഷമം തോന്നി എന്നതും സത്യമാണ്. എന്നാൽ രണ്ടാം ചിന്തയിൽ ആ വിഷമത്തിന് അടിസ്ഥാനമില്ല എന്നു മനസ്സിലായി. ഒടിടി പ്ലാറ്റ്ഫോമുകൾ നമ്മുടെ വിനോദ മേഖലയ്ക്കും നമ്മുടെ ആസ്വാദനത്തിനും മുതൽക്കൂട്ടാവുകയാണു ചെയ്യുന്നത്. മലയാളം സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളിൽ ആരാധകരേറെയുണ്ട്. ഒറ്റ ദിവസം കൊണ്ട് ആ ചിത്രം ലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരേ സമയം എത്തുകയാണ്. അത് ഒരു വലിയ അവസരമാണ്. തിയറ്റർ റിലീസിനായി എടുത്തതാണെങ്കിലും ഒടിടിയിലും ശക്തമായ പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ കരുത്തും കാമ്പുമുള്ള ഉള്ളടക്കമാണ് ഈ ചിത്രത്തിന്റേത്.

∙ ചലച്ചിത്ര മേഖലയുടെ ഭാവി ഒടിടിയാണോ?

soofiyum-sujathayum-song

ഒരിക്കലുമല്ല. തിയറ്ററുകളും ഒടിടിയും നിലനിൽക്കും. 2 പ്ലാറ്റ്ഫോമുകൾക്കു വേണ്ടിയും ചിത്രങ്ങളുണ്ടാകും. പ്ലാറ്റ്ഫോം ഏതെന്നതിനേക്കാൾ ഉള്ളടക്കമാകും വിജയപരാജയങ്ങളിൽ പ്രസക്തമാകുക. 

∙ ലീലാ സാംസന്റെ ശിഷ്യ നർത്തകിയാകാതെ അഭിനേത്രിയായി?  

അഭിനയം എന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒക്കെ മനോഹരമായ സങ്കലനമാണ്. ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ അവസരം ലഭിക്കുന്നതു ഭാഗ്യമാണ്. ഞാൻ അത് ആസ്വദിക്കുന്നു. ന‍ൃത്തവും എനിക്ക് ഇഷ്ടം തന്നെ.

∙ മണിരത്നം ചിത്രങ്ങളുടെ അവിഭാജ്യ ഘടകമാണല്ലോ അദിതി?      

soofiyum-sujathayum

എന്നും മണിരത്നം സിനിമയിലെ നായികയാകാൻ ആഗ്രഹിക്കുന്ന ആളാണു ഞാൻ. അദ്ദേഹത്തിന്റെ ബോംബേ എന്ന സിനിമയായിരുന്നു നടിയാവാനുള്ള എന്റെ പ്രചോദനം.     മണി സാറിന്റെ ചിത്രങ്ങളിൽ നാം നമ്മുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നൽകേണ്ടി വരും. ഏറെ വെല്ലുവിളികൾ ഉള്ള വേഷമായിരിക്കും എന്നുറപ്പാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കും. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റിയത് എന്റെ ഭാഗ്യമാണ്.

∙ അദിതി രണ്ടു രാജപരമ്പരകളിലെ കണ്ണിയാണ്. പത്മാവത് എന്ന ചിത്രത്തിൽ റാണിയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്. എന്തു തോന്നി?

ഇന്നത്തെ കാലത്ത് ആരും രാജകൊട്ടാരത്തിലല്ലല്ലോ ജീവിക്കുന്നത്. എന്നെയും ഒരു സാധാരണ പെൺകുട്ടിയായാണു വളർത്തിക്കൊണ്ടു വന്നത്. രാജപാരമ്പര്യം അഭിനയത്തെ സ്വാധീനിച്ചു എന്നു പറയാനാവില്ല. നമ്മുടെ പാരമ്പര്യമല്ല അഭിനയത്തിന്റെ മാനദണ്ഡം. മറിച്ചു സംവിധായകന്റെ നിർദേശങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com