ലക്ഷ്മി രാമകൃഷ്ണനു മുന്നിൽ പൊട്ടിക്കരഞ്ഞ് പീറ്റർ പോളിന്റെ മുൻഭാര്യ എലിസബത്ത്; വിഡിയോ

Mail This Article
പീറ്റർ പോളിന്റെ മുൻഭാര്യ ഹെലൻ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ പോളും നടി വനിത വിജയകുമാറും വിവാഹിതരാകുന്നത്. സംഭവത്തിൽ പൊലീസുകാർ പോലും പീറ്ററിനൊപ്പമാണെന്നും സഹായിക്കാനാരുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എലിസബത്ത്, ലക്ഷ്മിക്കു മുന്നിലെത്തിയത്.
പ്രചോദനും ആത്മവിശ്വാസവുമേകുന്ന വാക്കുകൾ പറഞ്ഞ് എലിസബത്തിനെ ആശ്വസിപ്പിക്കുന്ന ലക്ഷ്മിയെ അഭിനന്ദിച്ച് പ്രേക്ഷകരും രംഗത്തുവന്നു. ഈയൊരു ഘട്ടത്തിൽ ഒരു അമ്മയ്ക്കു വേണ്ടുന്ന പിന്തുണയാണ് ലക്ഷ്മിയെപ്പോലൊരാള്‍ നൽകിയതെന്നും പ്രേക്ഷകർ പറയുന്നു.
‘എനിക്ക് രണ്ട് കുട്ടികളുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും. പൊലീസ് സ്റ്റേഷനിൽ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവർ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്.’–എലിസബത്ത് പറയുന്നു.
‘ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവർ ആരോപിക്കുന്നത്. ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തിൽ ഉണ്ടായിട്ടില്ല.’–എലിസബത്ത്, ലക്ഷ്മിയോട് വ്യക്തമാക്കി.
പീറ്റർ പോളിനെപ്പോലെ ഒരാൾക്ക് എലിസബത്തിനെപ്പോലെ ഒരാളെ ഭാര്യയായി കിട്ടാൻ അർഹതയില്ലെന്നായിരുന്നു ലക്ഷ്മി രാമകൃഷ്ണൻ പ്രതികരിച്ചത്. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കിൽ എലിസബത്ത് ഇനി മുതൽ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കണമെന്ന് ലക്ഷ്മി പറഞ്ഞു.
സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ടും തളരാതെ പൊരുതുന്ന എലിസബത്ത് ഇന്നത്തെ സമൂഹത്തിന് പ്രചോദനമാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
ലക്ഷ്മിയുടെ ഈ വിഡിയോ കണ്ടതിനു ശേഷമായിരുന്നു വനിത വിജയകുമാർ നടിക്കു നേരെ അശ്ലീലവർഷം നടത്തിയത്. വിഡിയോ അഭിമുഖത്തിനായി ലക്ഷ്മി രാമകൃഷ്ണനുമായി സംസാരിക്കണമെന്ന് ചാനലിനെ അറിയിച്ച വനിത, അഭിമുഖം തുടങ്ങിയ ശേഷം ലക്ഷ്മിയെ കടന്നാക്രമിക്കുകയായിരുന്നു.
English Summary: Elizabeth, Peter Paul’s ex-wife, bursts into tears in front of Lakshmi Ramakrishnan