ADVERTISEMENT

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തൊടുപുഴ സ്വദേശി വിനായകിന് അപ്രതീക്ഷിത സമ്മാനം വീട്ടിലെത്തിച്ച് യുവതാരം ദുൽഖർ സൽമാൻ. ഏറ്റവും പുതിയ മോഡലിലുള്ള സ്മാർട്ട്ഫോണാണ് വിനായകിന് ദുൽഖർ സമ്മാനമായി നൽകിയത്. ഇന്നലെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് താരത്തിന്റെ സ്നേഹസമ്മാനം. 

 

ദുൽഖറിന്റെ സർപ്രൈസിനെക്കുറിച്ച് വിനായക് മനോരമ ഓൺലൈനോട് മനസു തുറന്നു. "ഇന്നലെ രാത്രിയാണ് അദ്ദേഹം വിളിച്ചത്. അമ്മയുടെ ഫോണിലേക്ക്. വലിയ സർപ്രൈസ് ആയിപ്പോയി. അങ്ങനെ ഒരു കോൾ പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നോടു നന്നായി പഠിക്കണം എന്നൊക്കെ പറഞ്ഞു. നല്ല മാർക്ക് വാങ്ങിയതിന് അഭിനന്ദിച്ചു. ഒരു സമ്മാനം നാളെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇന്ന് അദ്ദേഹം കൊടുത്തയച്ച സമ്മാനം വീട്ടിലെത്തി. സാംസങ്ങിന്റെ സ്മാർട്ട്ഫോണാണ്. എങ്ങനെയാണ് ഈ സന്തോഷം പറഞ്ഞറിയക്കുക എന്നെനിക്ക് അറിയില്ല," വിനായക് പറഞ്ഞു. 

 

ദുൽഖർ സൽമാന്റെ വലിയ ആരാധകൻ കൂടിയാണ് വിനായക്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് താരത്തിന്റെ ഫോൺ കോൾ എത്തിയപ്പോൾ പ്രിയതാരത്തിന് ജന്മദിനാശംസകൾ പറയാൻ പോലും വിട്ടു പോയി എന്ന സങ്കടത്തിലാണ് ഈ മിടുക്കൻ. "കോൾ വന്നപ്പോഴേ എനിക്കെന്താണ് പറയേണ്ടതെന്ന് ഒന്നും വരുന്നുണ്ടായിരുന്നില്ല. അതിനിടയിൽ ബർത്ത്ഡേ വിഷ് ചെയ്യാനും വിട്ടു പോയി. ഫോൺ വച്ചു കഴിഞ്ഞപ്പോഴാണ് വിഷ് ചെയ്തില്ലല്ലോ എന്നോർത്തത്. സമ്മാനം കിട്ടിക്കഴിഞ്ഞതിനു ശേഷം നന്ദി അറിയിക്കാൻ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, കണക്ട് ആയില്ല. ഇനി വിളിക്കുമ്പോൾ വൈകിയാണെങ്കിലും ജന്മദിനാശംസകൾ പറയണം. ഒപ്പം ഒരുപാടൊരുപാട് നന്ദിയും. സാധാരണ താരങ്ങൾക്കല്ലേ ആരാധകർ സമ്മാനമൊക്കെ കൊടുക്കാറ്! ഇതിപ്പോൾ ആരാധകനാണ് താരം സമ്മാനം തന്നത്. ഇങ്ങനെയൊരു ഭാഗ്യ അപൂർവമല്ലേ," വിനായക് ചോദിക്കുന്നു. 

 

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com