ADVERTISEMENT

തന്റെ പഠനകാലത്തെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും സ്കൂളിനെക്കുറിച്ചുമുള്ള ഒാർമകൾ അയവിറക്കി നടൻ ദുൽഖർ സൽമാൻ. മലയാള മനോരമയും മനോരമ ഒാൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുൽഖർ. പഠനകാലത്തെക്കുറിച്ചും തോൽവികളെക്കറിച്ചുമൊക്കെ ദുൽഖർ കുട്ടികളോട് അനുഭവങ്ങൾ പങ്കു വച്ചു. 

 

ബർഗർ ഷെഫ്

 

എന്റെ ലോക്ഡൗൺ ഹോബിയായിരുന്നു ബർഗർ മെയ്ക്കിങ്. എനിക്ക് നല്ല ബർഗർ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടിൽ എങ്ങനെ നല്ല ബർഗർ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവർക്ക് നല്ല ഇഷ്ടമായി. ഇപ്പോൾ എല്ലാവരും എന്നെ ബർഗർ ഷെഫ് എന്നാണ് വിളിക്കുന്നത്. എന്റെ ഈ വർഷത്തെ ഒരു ബർത്ത്ഡേ കേക്ക് പോലും ബർഗർ ഷേപ്പിലുള്ളതായിരുന്നു. പൃഥ്വിവും സുപ്രിയയും കൊണ്ടു വന്നതായിരുന്നു അത്. പിന്നെ, ആരുടെ ജന്മദിനം ആയാലും മറിയത്തിന് മെഴുകുതിരി ഊതാനും കേക്ക് കട്ട് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. എന്റെ പിറന്നാൾ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ടു വന്ന് എനിക്ക് കാർഡ് തന്നു. അവൾ ഉണ്ടാക്കിയ കാർഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്സും ഗ്ലിറ്ററുമൊക്കെയായി. 

 

ഞാനൊരു വികൃതിക്കുട്ടി

 

ഞാനൊരു വികൃതിക്കുട്ടിയായിരുന്നു. എപ്പോഴും എന്നെ പ്രിൻസിപ്പാളിന്റെ ഓഫിസിലേക്ക് അയയ്ക്കാറുണ്ട്. ക്ലാസിൽ ഞാൻ വലിയ ശബ്ദമുണ്ടാക്കും. എന്നെ മോണിറ്റർ ആക്കിയാൽ ക്ലാസിൽ മറ്റു കുട്ടികൾ ഉണ്ടാക്കുന്നതിനേക്കാളും ഒച്ച ഞാൻ ഉണ്ടാക്കും. എല്ലാവരോടും മിണ്ടാതിരിക്കാൻ പറയേണ്ട ഞാനാകും ഏറ്റവും ഉച്ചത്തിൽ സംസാരിക്കുക. അതു കേട്ട് അപ്പുറത്തെ ക്ലാസിലെ ടീച്ചർമാർ വന്ന് മോണിറ്ററായ എന്നെത്തന്നെ ഓഫിസ് റൂമിലേക്ക് പറഞ്ഞു വിടും. പിന്നെ, ‍ഞങ്ങളുടെ സ്കൂളിൽ മൂന്നു കാര്യങ്ങളിൽ‌ വളരെ സ്ട്രിക്റ്റ് ആയിരുന്നു. ഷൂസ് എപ്പോഴും ക്ലീൻ ആകണം. അസംബ്ലിക്ക് കൃത്യനേരത്ത് എത്തണം. പിന്നെ, അസംബ്ലിക്ക് എത്തുമ്പോൾ കയ്യിൽ പ്രാർത്ഥനാഗാനങ്ങളുടെ ഒരു പുസ്തകം (hymn book) കരുതണം. ഇതിൽ ഏതെങ്കിലും തെറ്റിച്ചാൽ ഗ്രൗണ്ടിലൂടെ രണ്ടു റൗണ്ട് ഓടണം. ഞാൻ ഒരുവിധം എല്ലാ ദിവസവും ഓടിയിട്ടുണ്ട്. 

 

അധ്യാപകരുടെ നോട്ടപ്പുള്ളി

 

അത്യാവശ്യം അധ്യാപകരുടെ ഒരു നോട്ടപ്പുള്ളി ആയിരുന്നു ഞാൻ. പുതിയ ക്ലാസിലേക്കു പോകുമ്പോൾ പഴയ അധ്യാപകർ ക്ലാസിലെ വികൃതിക്കുട്ടികളെ പ്രത്യേകം പരിചയപ്പെടുത്തില്ലേ. ഞാനും ആ കൂട്ടത്തിലായിരുന്നു. പുതിയ ക്ലാസിലേക്കു ചെല്ലുമ്പോൾ ഏറ്റവും പിന്നിലെ ബെഞ്ചിൽ പോയിരിക്കും. ടീച്ചർ വന്ന്, എന്നെയും എന്റെ കൂടെ പിറകിൽ ഇരുന്നവരെയും നേരെ പൊക്കി ഫസ്റ്റ് ബെഞ്ചിൽ ഇരുത്തും. ഞാനും എന്റെ അന്നത്തെ പ്രിൻസിപ്പാളും നല്ല ക്ലോസ് ആയിരുന്നു. കാരണം ഞാനെപ്പോഴും അദ്ദേഹത്തിന്റെ ഓഫിസിൽ ആയിരുന്നല്ലോ! ഞങ്ങൾ അവിടെ സംസാരിച്ചിരിക്കും. 'ഇന്നെന്താ ഒപ്പിച്ചേ', എന്നാവും അദ്ദേഹം ചോദിക്കുക. പിന്നെ, 20 മിനിറ്റ് വർത്തമാനമൊക്കെ പറഞ്ഞിരുന്നിട്ട് എന്നോട് ക്ലാസിൽ പൊയ്ക്കോളാൻ പറയും. ടീച്ചർമാർ ചോദിച്ചാൽ പണിഷ്മെന്റ് തന്നൂന്ന് പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറയുമായിരുന്നു. ആരെയും വെറുപ്പിക്കുന്ന കുസൃതികളൊന്നും ഒപ്പിക്കാറില്ല. അധ്യാപകർക്ക് എന്നെ ഇഷ്ടമായിരുന്നു. ആകെയുള്ള പ്രശ്നം, എനിക്ക് ഇങ്ങനെ കുറെ നേരം കുത്തിയിരുന്ന് ശ്രദ്ധിക്കാൻ പറ്റില്ല. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. 

 

ലൈബ്രറി കുട്ടി

 

സ്കൂൾ ലൈബ്രേറിയൻ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ഞാൻ വെറുതെ പോയിരുന്ന് അവരോട് സംസാരിക്കാറുണ്ടായിരുന്നു. അവർ വളരെ ഒരു സ്വീറ്റ് ടീച്ചറായിരുന്നു. എനിക്ക് ബുക്സ് വളരെ ഇഷ്ടമായിരുന്നു. ലൈബ്രറിയിൽ പോയി പുസ്തകം എടുക്കുന്നതിനു മുൻപേ ആ മാഡത്തിനോട് കുറെ വർത്തമാനം പറഞ്ഞിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഇതൊന്നു വായിച്ചു നോക്കൂ എന്ന് പറഞ്ഞ് ഹാരി പോട്ടർ എടുത്തു തന്നത് ആ ടീച്ചറായിരുന്നു. ആ ലൈബ്രറിയും സ്കൂളും അവിടത്തെ ഒച്ചയും ബഹളവുമെല്ലാം എനിക്കെപ്പോഴും മിസ് ചെയ്യും. 

 

അതിനു ശേഷം ഞാൻ‌ തോറ്റിട്ടില്ല

 

എന്റെ ചെറുപ്പത്തിൽ ഞാൻ കുറെ ദിവസങ്ങൾ മട്ടാഞ്ചേരിയിൽ ചെലവഴിച്ചിട്ടുണ്ട്. എന്റെ ഉമ്മയുടെ നാട് അവിടെയാണ്. ഒരുപാട് ഓർമകൾ എനിക്ക് അവിടെയുണ്ട്. ഞാൻ സ്ഥിരം എന്റെ വല്യുപ്പായുടെ സ്കൂട്ടറിന്റെ മുൻപിൽ ഇരിപ്പുണ്ടാകും. അദ്ദേഹം എന്നെ എല്ലായിടത്തും കൊണ്ടുപോകും. മിഠായി വാങ്ങാനും ഐസ്ക്രീം കഴിക്കാനുമെല്ലാം പോകും. വാപ്പച്ചി ഷൂട്ടിന്റെ തിരക്കിലായിരുന്നതിനാൽ ഉമ്മച്ചിയാണ് ഞങ്ങളെ പഠിപ്പിക്കാറുള്ളത്. മാർക്ക് വാങ്ങണമെന്നോ ഫസ്റ്റ് വരണമെന്നോ ഒന്നും വാപ്പച്ചി വന്നു പറയില്ല. എന്റെ ജോലിയിൽ ഞാൻ ബെസ്റ്റ് ആണെന്ന് ഇടയ്ക്ക് ഞങ്ങളെ ഓർമിപ്പിക്കും. ഇങ്ങനെ ഇങ്ങനെ പുരസ്കാരങ്ങൾ വാങ്ങിച്ചിട്ടുണ്ടെന്ന് പറയും. നിങ്ങളുടെ ലൈഫിൽ നിങ്ങൾ എന്തു ചെയ്യണമെന്നു നിങ്ങൾ തീരുമാനിച്ചോ എന്നാണ് അദ്ദേഹം പറയുക. അപ്പോൾ തന്നെ നമുക്ക് തോന്നും, ഞാൻ ക്ലാസിൽ പോലും ഫസ്റ്റ് വന്നിട്ടില്ലല്ലോ എന്ന്! പത്താം ക്ലാസിലെ ബോർഡ് എക്സാമിനു വേണ്ടി എട്ടാം ക്ലാസ് മുതലേ ഞങ്ങളെ ഒരുക്കാറുണ്ട്. സിലബസ് ഒക്കെ ടഫ് ആകും. പരീക്ഷ ഒക്കെ വളരെ ബുദ്ധിമുട്ടാകും. അങ്ങനെ ഞാനും തോറ്റിട്ടുണ്ട്. വീട്ടിൽ വന്നു പറയും, ഉമ്മാ.. ഞാൻ മാത്രമല്ല, ക്ലാസിൽ കുറെ പേർ തോറ്റിട്ടുണ്ട് എന്നൊക്കെ. ഉമ്മച്ചി എന്നെ കുത്തിയിരുത്തി പഠിപ്പിക്കും. പണിഷ്മെന്റ് എന്നു വച്ചാൽ എന്നെ വേറെ ഒന്നിനും വിടില്ല. എട്ടാം ക്ലാസ് ഒൻപതാം ക്ലാസ് വരെയും എനിക്ക് ടോയ് കാർസ് ഇഷ്ടമായിരുന്നു. അതൊന്നും വാങ്ങിത്തരില്ല എന്നു പറയും. ഇങ്ങനെ ക്ലാസിൽ തോൽക്കാനാണെങ്കിൽ എന്തിനാണ് ഇതെല്ലാം വാങ്ങി തരുന്നത് എന്ന ലൈൻ. അപ്പോൾ എനിക്ക് തന്നെ കുറ്റബോധം വരും. എട്ടാം ക്ലാസിൽ ഞാനൊരു നാലു വിഷയങ്ങളിൽ തോറ്റിട്ടുണ്ട്. അപ്പോഴൊക്കെ ഉമ്മച്ചിയുടെ വാക്കുകൾ ഓർമ വരും. എനിക്ക് ഉമ്മച്ചിയെ നിരാശപ്പെടുത്തുന്നത് ഇഷ്ടമല്ലായിരുന്നു. അതിനുശേഷം ഞാനൊരു വിഷയത്തിലും തോറ്റിട്ടില്ല. 

 

വാപ്പച്ചി എന്റെ ഹീറോ

 

വാപ്പച്ചി എന്നെ എല്ലാ തരത്തിലും സ്വാധീനിച്ചിട്ടുണ്ട്. വാപ്പച്ചിക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ട്. ഫാഷൻ, ഫൊട്ടോഗ്രഫി, ട്രാവൽ, രാഷ്ട്രീയം, ടെക്നോളജി, സിനിമ അങ്ങനെ എന്തെടുത്താലും അദ്ദേഹത്തിന് അതെല്ലാം അറിയാം. വളരെ ചെറുപ്പം മുതൽ ഇതു കണ്ട് കണ്ട് എന്റെ വലിയ ഹീറോ ആയിരുന്നു വാപ്പച്ചി. ഓഫ് സ്ക്രീനും അങ്ങനെ തന്നെ. വേറെ ആർക്കും ഇല്ലാത്ത ഒരു പ്രിവിലജ് എനിക്ക് ഉണ്ടല്ലോ. ചെറുപ്പത്തിലെ എനിക്ക് മുതിർന്നവരെപ്പോലെ ഡ്രസ് ചെയ്യാനായിരുന്നു ഇഷ്ടം. കാർട്ടൂൺ കഥാപാത്രങ്ങളുള്ള ഡ്രസ് ഉമ്മച്ചി വാങ്ങിത്തരുമ്പോൾ ഞാൻ പറയും എനിക്ക് ജീൻസും ഷർട്ടും മതിയെന്ന്. കാരണം, എന്റെ മനസിൽ എനിക്ക് വാപ്പച്ചിയെപ്പോലെ ഡ്രസ് ചെയ്യണമെന്നാണ്. എന്റെ കണ്ണ് എപ്പോഴും വാപ്പച്ചിയിൽ ആയിരുന്നു. ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിക്കും. കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ വാപ്പച്ചിയുെ കൂടെ ഷോപ്പിങിന് പോകാൻ തുടങ്ങി. ഡ്രസുകളുടെ കാര്യത്തിൽ അങ്ങനെയാണ് എനിക്ക് എക്സ്പീരിയൻസ് ഉണ്ടാകുന്നത്. ഞാൻ അഭിനയിച്ചു തുടങ്ങിയപ്പോൾ ഇക്കാര്യങ്ങളെല്ലാം എനിക്ക് ആദ്യമേ പരിചിതമായതിനാൽ എളുപ്പമായിരുന്നു. അറിയാവുന്ന ഏരിയ ആയിട്ടു തോന്നി. ട്രാവൽ ചെയ്യുമ്പോൾ ഞാൻ വാപ്പച്ചിക്കു വേണ്ടി ഡ്രസും ആക്സസറീസും വാങ്ങാറുണ്ട്. 

 

മകളുടെ ലോകം അറിഞ്ഞു

 

കഴിഞ്ഞ 9–10 വർഷങ്ങളായി നോൺ സ്റ്റോപ് എന്തെങ്കിലുമൊക്കെ ഷൂട്ടിലായിരിക്കും ഞാൻ. അതുവച്ചു നോക്കുമ്പോൾ ഞാനൊന്നും ഇപ്പോൾ ചെയ്യുന്നില്ല. ഒരു സ്ക്രിപ്റ്റ് കേൾക്കാൻ പോലും ഇപ്പോൾ മടിയാണ്. കാരണം, അത് എപ്പോൾ ഞാൻ കമ്മിറ്റ് ചെയ്ത്... എപ്പോൾ ഷൂട്ട് ചെയ്യാനാണ് എന്നു തോന്നും. ചെയ്യാമെന്നു സമ്മതിച്ച ഒരുപാടു സിനിമകളുണ്ട്. ആ നെഗറ്റിവിറ്റിയും ടെൻഷനും ആശങ്കകളും ഉണ്ട്. എങ്കിലും ഏറ്റവും പോസിറ്റീവ് ആയ കാര്യം എനിക്ക് ഒരുപാടു സമയം കുടുംബത്തോടൊപ്പം കിട്ടി എന്നതാണ്. പ്രത്യേകിച്ച് അമാൽ, മറിയം എന്നിവർക്കൊപ്പം. എന്റെ കല്ല്യാണത്തിനു ശേഷം ഞാൻ ഇത്രയും കാലം വീട്ടിലുണ്ടായിട്ടില്ല. എന്റെ മകൾ എന്നെ ഇത്രയും അടുത്തറിയുന്നത് ഇപ്പോഴാണ്. കളിക്കാനും കഥ പറയാനും കുളിപ്പിക്കാനുമെല്ലാം ഇപ്പോൾ അവൾ എന്നെ അന്വേഷിക്കും. അത് വലിയൊരു ബ്ലെസിങ് ആണ്. എന്റെ പഴയ ഷെഡ്യൂൾ ആയിരുന്നെങ്കിൽ അവളുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ എനിക്കിനിയും വർഷങ്ങൾ വേണ്ടി വന്നേനെ! ഇപ്പോൾ ഒരു പിതാവ് എന്ന നിലയിൽ അവളുടെ ജീവിതത്തിൽ എനിക്ക് കൂടുതൽ റോളുകൾ വന്ന പോലെ ഫീൽ ചെയ്യുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com