ADVERTISEMENT

കോഴിക്കോട്∙  ‘‘ ആ റോഡ് റോളർ ലേലം ചെയ്യുന്നത് മോഹൻലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താൽ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാൽ അറിഞ്ഞെങ്കിൽ ഓടിവന്നു വാങ്ങിച്ചേനെ..’’സിവിൽസ്റ്റേഷനു മുന്നിലെ പഴയ റോഡ് റോളർ ലേലത്തിൽ പോയ സംഭവമറിഞ്ഞപ്പോൾ ‘ വെള്ളാനകളുടെ നാട്’ സിനിമയുടെ പഴയകാല കഥകൾ റേഡിയോ മാംഗോയിൽ കോഴിക്കോട് സൂപ്പർഫാസ്റ്റിലൂടെ ഓർത്തെടുക്കുകയായിരുന്നു നിർമാതാവും നടനുമായ മണിയൻപിള്ള രാജു. സിവിൽസ്റ്റേഷനുമുന്നിൽ‍ കിടന്ന റോഡ്റോളറിന്റെ ലേലം ഇന്നലെയാണ് നടന്നത്.  എൻ.എൻ.സാലിഹ് എന്ന കരാറുകാരനാണ് രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്. 

 

1988ൽ പുറത്തിറങ്ങിയ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ ഇതേ ത്രീവീൽഡ് സ്റ്റാറ്റിക് റോളറാണ് ഉപയോഗിച്ചതെന്ന് ജീവനക്കാരിൽ പലരും പറയാറുണ്ടെന്ന് പിഡബ്ല്യൂഡി സൗത്ത് സെക്ഷൻ അസി. എൻജിനീയർ കെ. പ്രസാദ് കഴിഞ്ഞ  ദിവസം റേഡിയോ മാംഗോയിൽ കോഴിക്കോട് സൂപ്പർഫാസ്റ്റ് എന്ന പരിപാടിയിൽ ആർജെ ലിഷ്ണയോട് പറഞ്ഞിരുന്നു.  കുതിരവട്ടം പപ്പുവിന്റെ ‘‘മെയ്ദീനേ.. ആചെറിയേ സ്ക്രൂഡ്രൈവറിങ്ങെടുക്ക്...’’എന്ന ഡയലോഗ് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഉരുണ്ടെത്തുന്നത് ആ റോഡ് റോളറാണ്.

 

മറ്റൊരു കഥയെ അടിസ്ഥാനമാക്കി ബാലൻ.കെ. നായരടക്കമുള്ള താരനിരയുമായി ഷൂട്ടിങ് തുടങ്ങാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റിയെഴുതേണ്ടിവന്നതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ആദ്യത്തെ കഥയത്രപോര, പുതിയ കഥവേണമെന്ന് പ്രിയൻ ശ്രീനിവാസനോട് പറയുകയായിരുന്നു. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതി വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലിൽ എത്തിയിരുന്നു. തുടർന്ന് ‘മാൽഗുഡി ഡേയ്സ്’ എന്നനോവലിൽ ജപ്തി ചെയ്ത റോഡ് റോളർ ആന വലിച്ചുകൊണ്ടുപോവുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നുവത്രേ. 

 

എന്നാൽ ശ്രീനിവാസൻ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലെത്തിയിരുന്നു. തുടർന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ  തലേന്ന് രാത്രി മഹാറാണിയിലേക്ക് വിളിച്ച് ഫോൺവഴി പറഞ്ഞു കൊടുക്കുകായിരുന്നു. ലൊക്കേഷനിലെ ജനറേറ്റർ സ്റ്റാർട് ചെയ്താലേ ശ്രീനിവാസന് എഴുത്തു വരൂ  എന്നും മണിയൻപിള്ള രാജു പറഞ്ഞു. ഗുരുവായൂർ ഭാഗത്തുനിന്ന്  കോഴിക്കോട്ടേക്ക് വരുന്ന ലോറികളിൽ ചില ദിവസം സീനുകളെഴുതിയ കടലാസ് കൊടുത്തയച്ചിട്ടുണ്ടെന്നും മണിയൻപിള്ള രാജു ഓർത്തെടുത്തു.

 

പിഡബ്ല്യുഡിയിൽനിന്ന് റോഡ് റോളർ വാടകയ്ക്ക് കിട്ടാൻ ദിവസം ആയിരംരൂപയാണ് നൽകിയത്. കോഴിക്കോട്ടുകാർ നല്ലയാൾക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനൽകിയതെന്നും മതിലിടിച്ചു പൊളിക്കാൻ അനുവദിച്ചതെന്നും മണിയൻപിള്ള പറഞ്ഞു. ഒറ്റ ടേക്കിൽ ഈ രംഗം ചിത്രീകരിക്കാൻ രണ്ടു ക്യാമറ വച്ച്ഷൂട്ട് ചെയ്യുകയായിരുന്നു. എഴുതിപ്പൂർത്തിയാക്കിയ തിരക്കഥ പോലുമില്ലാതിരുന്നിട്ടും വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയതായും മണിയൻപിള്ള രാജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com