ADVERTISEMENT

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അമേരിക്കൻ പാരാനോർമൽ വിദഗ്ദൻ സ്റ്റീവ് ഹഫിന്റെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമാക്കി മെന്റലിസ്റ്റ് നിപിൻ നിരാവത്ത്. സ്റ്റീവ് ഹഫിന്റെ വിഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും നിപിൻ അഭ്യർത്ഥിച്ചു. ആത്മാക്കളെ വിളിച്ചുവരുത്തി സംസാരിക്കാൻ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണെങ്കിൽ അവർക്ക് തന്റെ സ്വർണമാല സമ്മാനമായി നൽകുമെന്നും നിപിൻ പ്രഖ്യാപിച്ചു. 

 

മരിച്ചുപോയ പ്രിയപ്പെട്ടവരോട് ഒരിക്കലെങ്കിലും സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജനങ്ങളുടെ ഈ ആഗ്രഹത്തെയാണ് പലരും ചൂഷണം ചെയ്യുന്നതെന്നും നിപിൻ പറഞ്ഞു. സ്റ്റീഫ് ഹഫ് പുറത്തുവിട്ട വിഡിയോകൾ നേരത്തെ റെക്കോർഡ് ചെയ്യപ്പെട്ടതാണെന്നും അതിലെ ശബ്ദം പൂർണമായും സുശാന്തിന്റേതല്ലെന്നും നിപിൻ വ്യക്തമാക്കി. ആത്മാക്കളുമായി സംസാരിക്കാൻ സ്റ്റീഫ് ഹഫ് ഒരുക്കിയതിനു സമാനമായ സജ്ജീകരണങ്ങൾ സ്വന്തം മുറിയിൽ ഒരുക്കിയ നിപിൻ, അദ്ദേഹം വിഡിയോയിലൂടെ സംപ്രേഷണം ചെയ്തതുപോലെയുള്ള ശബ്ദങ്ങൾ പുനരാവിഷ്ക്കരിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷനുകളുടെ സഹായത്തോടെയായിരുന്നു നിപിന്റെ പരിശ്രമം. 

 

സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഇത്തരം തട്ടിപ്പുകൾ വിശ്വസിക്കരുതെന്ന് ആവർത്തിച്ച നിപിൻ ഒരു വെല്ലുവിളിയും പ്രേക്ഷകർക്കു മുൻപിൽ വച്ചു. കഴുത്തിലണഞ്ഞിരുന്ന സ്വർണമാല ഊരി ഒരു വൈൻ ഗ്ലാസിലിട്ട നിപിൻ പറഞ്ഞതിങ്ങനെ– "ആർക്കെങ്കിലും ആത്മാവിനെ വിളിച്ചുവരുത്താൻ കഴിയുകയാണെങ്കിൽ, അതുവഴി എന്റെ അമ്മയുമായി സംസാരിക്കാൻ സാധിക്കുകയാണെങ്കിൽ ഈ മാല നിങ്ങൾക്കുള്ളതാണ്. ആർക്കു വേണമെങ്കിലും സമീപിക്കാം. മൂന്നുമാസം സമയം തരും. അതുവരെ ഈ മാല ഞാൻ അണിയില്ല."

 

പാരാനോർമൽ ആക്ടിവിറ്റികളുമായി പ്രചരിക്കുന്ന കഥകളുടെ ചരിത്രവും അതിനു പിന്നിലെ യാഥാർഥ്യവും പങ്കുവയ്ക്കുന്നതാണ് നിപിന്റെ വിഡിയോ. പല കാലഘട്ടങ്ങളിലും ഇത്തരം അവകാശവാദങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെന്നും അവരുടെ തട്ടിപ്പുകൾ പലതവണ പുറത്തുവന്നിട്ടുണ്ടെന്നും നിപിൻ ആവർത്തിച്ചു. മലയാളികളെപ്പോലെ വിദ്യാസമ്പന്നരായ ആളുകൾ ഇത്തരം വ്യാജ അവകാശവാദങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും നിപിൻ അഭ്യർത്ഥിച്ചു. അമേരിക്കൻ പാരാനോർമൽ വിദഗ്ദൻ സ്റ്റീഫ് ഹഫ് പുറത്തുവിട്ട സുശാന്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, സുശാന്തിന്റെ പഴയ ഓഡിയോ ക്ലിപുകൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണ് ഹഫിന്റെ വിഡിയോയിലെ ശബ്ദമെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. എന്നാൽ, ഇതൊന്നും ഹഫിന്റെ വിഡിയോയുടെ അത്രയും ജനശ്രദ്ധ നേടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com