ADVERTISEMENT

പറയാൻ പലരും മടിക്കുന്ന വിഷയത്തെ ആസ്പദമാക്കി തിയറ്ററിലെത്തിയ ചിത്രമായിരുന്നു അന്‍വര്‍ റഷീദിന്റെ ട്രാൻസ്. സിനിമയ്ക്ക് അകത്തും പുറത്തും ട്രാൻസ് വലിയ ചർച്ചയായി. ഫഹദിന്റെ പ്രകടനവും സിനിമ പറയുന്ന കഥയും ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണവും അങ്ങനെ എല്ലാം സിനിമാപ്രേമികൾ കൊണ്ടാടി. ഈ സിനിമയ്ക്ക് വണ്ടി ഫഹദോ അമൽ നീരദോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൻവർ റഷീദ്. ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

 

‘2013ൽ പുറത്തിറങ്ങിയ ആമിയിലാണ് ഇതിനു മുമ്പ് ഞാനും ഫഹദും അമലും ഒന്നിച്ച് പ്രവർത്തിച്ചത്. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും എളുപ്പത്തിലും സന്തോഷത്തിലും ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഞങ്ങളുടേതായ അനുഭവങ്ങൾ സിനിമകളിൽ കൊണ്ടുവരാനും നമ്മുടെ ഇടത്തിൽ നിന്നുകൊണ്ട് അത് സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് 'ട്രാൻസ്' സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ്. ഞങ്ങൾ മൂന്നു പേരെയും സംബന്ധിച്ച് 'ട്രാൻസ്' എന്ന സിനിമയിൽ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ്. അതുകൊണ്ട് തന്നെ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ട്രാൻസ്.' അൻവർ റഷീദ് പറയുന്നു.

 

‘എന്റെ മുൻസിനിമകൾ വച്ചുനോക്കുമ്പോൾ ട്രാൻസിൽ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങൾ കുറവായിരുന്നു എന്ന വാദം ഞാനും അംഗീകരിക്കുന്നു. ട്രാൻസിലെ പരാജയം എന്നെ ബാധിച്ചിട്ടുണ്ടാകാം. പക്ഷേ അതിൽ നിന്നൊക്കെ ഞാൻ മുന്നോട്ടുപോയി.’

 

‘‍ട്രാൻസ് ഇഷ്ടപ്പെട്ട ഒരുപാട് ആളുകള്‍ ഉണ്ട്. പ്രത്യേകിച്ചും ഇൻഡസ്ട്രിയിൽ ഉള്ളവർ. തമിഴ് സംവിധായകൻ കെ.വി. ആനന്ദ് എന്നെ വിളിച്ച് അഭിന്ദിച്ചിരുന്നു. കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ മലയാളത്തിൽ ഇറങ്ങിയ ടെക്നിക്കലി ബെസ്റ്റ് ഫിലിം ആണ് ട്രാൻസ് എന്ന് അദ്ദേഹം പറഞ്ഞു. അരുവിയുടെ സംവിധായകൻ അരുൺ പ്രഭു, തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥ് എന്നിവരും വിളിച്ച് അഭിനന്ദിച്ചു.’–അൻവർ റഷീദ് പറഞ്ഞു.

അൻവർ റഷീദുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com