ADVERTISEMENT

മമ്മൂക്കയ്ക്ക് ജന്മദിനമംഗളമായി എനിക്കേറെയിഷ്ടമുള്ളെ‍ാരു സിനിമയെക്കുറിച്ച്...ആ കഥാപാത്രത്തെക്കുറ‍ിച്ച് : റോയ്! പത്മരാജനു മാത്രം എഴുതാനാവുന്നത്..മമ്മൂട്ടിക്കു മാത്രം സാധ്യമാക്കാനാവുന്നത്...

 

‘കാണാമറയത്ത്’ റോയിയുടെ പ്രണയമുണ്ടെന്ന് ഷെർളിക്ക് അറിയാമായിരുന്നു. ആ അറിവാണ് അവളെ മുന്നോട്ടുകൊണ്ടുപോയത്. അവളെ ഓരോ തവണയും അയാൾ വേണ്ടെന്നുപറഞ്ഞു. പക്ഷേ, അപ്പോഴൊക്കെയും, അവളെ വേണമെന്ന് മിണ്ടാതെ മിണ്ടുന്നൊരു മനസ്സ് അവൾക്കു കാണാനായി. എന്നിട്ടും, എന്റെ ഈ പ്രണയം, നിഷ്‌കളങ്കവും വിശുദ്ധവുമായ ഈ പ്രണയം അയാൾ കണ്ടില്ലെന്നു നടിക്കുന്നതെന്ത് എന്നവൾ ഹൃദയത്തിൽ സങ്കടപ്പെട്ടു.

 

ഷെർളി എന്ന കൗമാരക്കാരിക്ക് റോയ് വർഗീസ് എന്ന മുപ്പത്തിയഞ്ചുകാരനോടു തോന്നുന്ന പ്രണയത്തിനു നൂറു വിധിവിലക്കുകളുണ്ടായിരുന്നു. എന്നിട്ടും അരുതായ്‌കകളുടെ അതിർത്തി ഉറപ്പോടെ മറികടന്ന്, കന്യാപ്രണയത്തിന്റെ വേവിൽ നീറിപ്പുകഞ്ഞു, ഷെർളി.

 

ആ പ്രായക്കാരിൽ മിക്കപ്പോഴും ഉണ്ടാവുന്നതുപോലെ ആരാധനയിൽനിന്നായിരുന്നു ഷെർളിയുടെ പ്രണയം പിറന്നതെങ്കിലും അതിന്റെ ആദ്യ മുളപൊട്ടലിനെത്തന്നെ റോയ് പിഴുതെറിയാൻ നോക്കുന്നു. – നോക്ക്! എനിക്കെന്തു പ്രായമുണ്ടെന്നാ നിന്റെ വിചാരം? പച്ചയ്‌ക്കങ്ങു പറഞ്ഞാൽ നിന്റെ അച്‌ഛനാവാനുള്ള പ്രായമുണ്ട്.

 

വേണമെങ്കിൽ, ആ പ്രായവിളംബരത്തിനുമുന്നിൽ ഷെർളിയെപ്പോലൊരു ഇളംപെൺകൊടിക്കു പതറാം. പക്ഷേ, അവളാ പ്രസ്‌താവനയെ ഒടിച്ചുമടക്കി, വിവാഹപ്രായം കഴിഞ്ഞും കെട്ടാതെ ഒറ്റയാന്റെ അഹംഭാവത്തോടെ നടക്കുന്ന അയാളുടെ മുന്നിലിട്ടുകൊടുക്കുകയാണ്:– ഓ, പ്രായം! എന്റെ പ്രായത്തിലൊള്ള ഒരു ലക്ഷം ആമ്പിള്ളേരുണ്ടാവും. അതിനു ഞാനെന്തു വേണം? അവരെയെല്ലാം അതിന്റെ പേരിൽ അങ്ങ് ഇഷ്‌ടപ്പെട്ടോളണോ?

 

ജീവിതത്തെ എന്നും ആത്മവിശ്വാസത്തോടെ നേരിടുന്ന റോയ്, വിചാരിക്കാതെ കേട്ട ആ പെൺചോദ്യത്തിനുമുന്നിൽ ഒരു നിമിഷം ഇളകിക്കാണണം. ഈ നിമിഷത്തിൽ പതറരുതെന്ന് അയാൾ അയാളോടുതന്നെ മെല്ലെ പറഞ്ഞുംകാണണം. ഇവളുടെ പ്രണയത്തിനു കളിപ്പാട്ടത്തിന് ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ വാശിയല്ലേ ഉള്ളത്? എന്തു വിലകൊടുത്തും അതു നേടിയെടുക്കണമെന്ന വീണ്ടുവിചാരമില്ലാത്ത വാശി? പക്ഷേ, ഈ മുഖം, ഇപ്പോൾമാത്രം വിടർന്ന ഇളംസൂര്യകാന്തിയുടെ അഴകാർന്ന ഈ മുഖം, കടുപ്പിച്ചുപറയാൻ എന്നെ സമ്മതിക്കുന്നില്ലല്ലോ...

 

റോയ് എന്നിട്ടും പറഞ്ഞു: നിനക്കിരുപത്തിയഞ്ചു വയസ്സുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ എനിക്ക് ഒരു ഇരുപത്തിയഞ്ചു വയസ്സുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ പറയുകയില്ലായിരുന്നു.

അപ്പറഞ്ഞതിൽ, അങ്ങേരുടെ കാരിരുമ്പുമനസ്സിന്റെ ഒരു അരികിത്തിരി പൊട്ടിയലിഞ്ഞു കിനിഞ്ഞ നനവുണ്ടെന്ന് ഷെർളിക്കു മനസ്സിലാവാതിരിക്കുമോ?– എങ്കിലെനിക്കിരുപത്തിയഞ്ചു വയസ്സാ...അല്ലെങ്കിൽ റോയിച്ചായന് ഇരുപത്തിയഞ്ചു വയസ്സാ. അപ്പോഴോ?

 

പ്രണയത്തിനുമാത്രം ജീവിതത്തിൽ സാധിച്ചെടുക്കാവുന്ന ചില മാജിക്കുകളുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ, അസാധ്യങ്ങൾക്കിടയിൽനിന്ന് ഉയിരെടുക്കുന്ന ഒരു വല്ലാത്ത സാധ്യത. ദൈവസ്‌നേഹവും സ്വന്തം ആത്മാവിനോടുള്ള നീതിയും സ്വന്തം കരുത്താക്കുന്ന ഷെർളി എന്ന പെൺകുട്ടിക്ക് അതുവരെ വഴിത്തുണയായത് അപ്പുറത്ത് അങ്ങനെയൊരു സാധ്യതയുണ്ട് എന്ന ഉള്ളറിവുതന്നെയായിരിക്കും. പക്ഷേ, ദിവസങ്ങൾ കടന്നുപോകെ, റോയ് എന്ന മനുഷ്യൻ തന്നിൽനിന്ന് എത്ര ദൂരെയാണെന്നും അയാളുടെ ഹൃദയത്തിലെ പ്രണയം തുറക്കാനുളള താക്കോൽ അയാൾതന്നെ വഴിയിൽ കളഞ്ഞതാണെന്നും അവൾ മനസ്സിലാക്കുന്നു. ഇനി എന്തു ചെയ്യാൻ?

 

അവൾ തീരുമാനിക്കുന്നു: എന്റെ ഈ പ്രണയസങ്കടത്തിനുമുന്നിൽനിന്ന് ഞാനെന്നെത്തന്നെ മാറ്റിനിർത്തട്ടെ. റോയിച്ചായനുമുന്നിൽ പ്രണയത്തിനു കേഴുന്ന ആ ഷെർളി ഇനിയുണ്ടാവാൻ പാടില്ല.

 

അങ്ങനെയാണ്, ജീവിതത്തിന്റെ മുറിവുകൾ മറന്ന് ഒരു കന്യാസ്‌ത്രീയാവാൻ അവൾ തീരുമാനിക്കുന്നത്. ഇനി എനിക്കു സ്വപ്‌നങ്ങൾ പാടില്ല. എന്റെ വഴിയിലിനി പ്രണയമോർമിപ്പിക്കാൻ ഒരു പൂവും വിടരാതിരിക്കട്ടെ. ഒരു കിളിയും പാടാതിരിക്കട്ടെ...

 

അതിനുമുമ്പ് ഒരു കത്തെഴുതണം, ഈ അനാഥപ്പെണ്ണിനെ സ്‌പോൺസർ ചെയ്യുന്ന അജ്‌ഞാതനായ ആ അങ്കിളിന്. ആ ചുമലിൽ തല ചായ്‌ച്ച് മതിയാവോളം കരയാനാവാത്തതുകൊണ്ട് ഈ കത്തെങ്കിലും. ആ സ്‌പോൺസർ, അവളുടെ പ്രിയങ്കരനായ കാണാ അങ്കിൾ, റോയ് വർഗീസ് തന്നെയാണെന്ന് ആ പെൺകുട്ടി അപ്പോഴും അറിഞ്ഞില്ലല്ലോ...

 

ആ കത്തെഴുതുമ്പോൾ ഷെർളിക്ക് ഇടയ്‌ക്കിടെ അക്ഷരം ഇടറിയിരിക്കണം, കരച്ചിൽവീണ് കടലാസ്സിലെ മഷി പടർന്നിരിക്കണം.– എന്തിനാണ് ഞാൻ നൺ ആകുന്നതെന്ന് അങ്കിൾ എഴുതിച്ചോദിച്ചിരുന്നുവല്ലോ. ഞാനൊരു തെറ്റ് ചെയ്‌തു. ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരാളെ ഞാൻ ആഗ്രഹിച്ചു. തിരിച്ചുകിട്ടാത്ത സ്‌നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്.

 

കത്തിലെ ആ അവസാനവരികൾ വായിക്കുമ്പോൾ, ഒരു കടലിന്റെ ഒടുക്കത്തെ അല നിസ്സഹായതയോടെ വന്ന് തന്നെ തൊട്ടപോലെ തോന്നിയിരിക്കണം റോയിക്ക്.

അന്നേരം, അതെഴുതിയവളുടെ ഈറൻമിഴിയിണകളിൽ ജീവിതത്തിന്റെ ഉടമ്പടി അറിയിച്ച് അയാൾക്കൊന്ന് ഉമ്മവയ്‌ക്കാനും തോന്നിയിരിക്കണം. എന്നിട്ട്, കണ്ണട ഊരിവച്ച് സ്വന്തം കണ്ണിലെ നനവ് അയാൾ ആരുംകാണാതെ തുടച്ചിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com