ADVERTISEMENT

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ പങ്കുവച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. താന്‍ തിയറ്ററില്‍ പോയി ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത് ആണെന്ന് താരം പറയുന്നു. മമ്മൂട്ടിയെ ആദ്യമായി കണ്ടതും സംസാരിച്ചതും അദ്ദേഹത്തെ അനുകരിച്ചതും എല്ലാം നിര്‍മ്മല്‍ പാലാഴി ഓർത്തെടുത്തു.

 

നിർമലിന്റെ കുറിപ്പ് വായിക്കാം:

 

ജീവിതത്തിൽ ആദ്യം തിയറ്ററിൽ പോയികണ്ട സിനിമ "കാർണിവൽ". പാലാഴിയിൽ പ്രീസീദ് തിയറ്റർ ഉദ്ഘാടനം ദിവസം തന്നെ അച്ഛന്റെ കൂടെ 6.30 ന്റെ ഷോക്ക്. ആശാനേ... എന്ന് സിദ്ധിക്ക വിളിക്കുമ്പോ മമ്മൂക്ക ഓടിന്ന് വില്ലന്മാരെ അടിച്ചു ഒതുക്കുമ്പോൾ പരിസരം മറന്ന് ആർപ്പ് വിളിച്ചിരുന്നു, "ഒരു നാലു നാളായ് എൻന്റെയുള്ളിൽ തീയാണ് " എന്ന പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും ആ പഴയ കാലം ഓർമ്മയിൽ വരും.

 

മമ്മൂക്ക പുതിയ പാന്റ് ഇട്ട് ജാടയിൽ വന്ന് ബൈക്കിൽ കയറി പാന്റിന്റെ മൂഡ് കീറുന്നതും മരണ കിണറിൽ ബൈക്ക് ഓടിക്കുമ്പോൾ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാർഥിച്ചതും എല്ലാം ഇപ്പോഴും നിറം മങ്ങാതെ ഓർമ്മയിൽ ഉണ്ട്. ഉള്ളിൽ ഒരു മിമിക്രികാരൻ തലപൊക്കി തുടങ്ങിയപ്പോൾ അനുകരിക്കാൻ ഉള്ള സാഹസികതയും ഞാൻ കാണിച്ചിരുന്നു 'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ചന്തുവിനിപ്പോൾ ട്യൂഷ്യൻ ഉണ്ട്‌" , മിമിക്രി കാസെറ്റിൽ നിന്ന് കേട്ട ഡയലോഗ് ആയിരുന്നു തുടക്കത്തിൽ ചെയ്തിരുന്നത്.

 

പിന്നീട് ‘മഴയെത്തും മുമ്പേ’ എന്ന സിനിമയിലെ പാട്ടിന്റെ ഇടയിലൂടെ ഉള്ള ഡയലോഗ്, ബ്രിട്ടനിലെ ഒരു സായിപ്പ് കണ്ട് പിടിച്ചത് പെണ്ണുങ്ങളുടെ മനസ്സറിയാനുള്ള യന്ത്രം ഹ അതിങ് വരട്ടെ നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താന് അറിയാലോ " അതിന് ശേഷം പ്രിയ സുഹൃത് അബ്‌ദുൾ റഹ്മാൻ ഒരു പേപ്പറിൽ എഴുതി തന്ന കിംഗ്‌ സിനിമയിലെ കുറച്ച് ഇംഗ്ലിഷ്‌ കൂടിയ ഡയലോഗ്, ഇംഗ്ലിഷ്‌ ഉള്ളത്‌ കൊണ്ടാട്ടോ എഴുതി പഠിക്കേണ്ടി വന്നത്. 

 

അങ്ങനെ അനുകരിച്ചും ആരാധിച്ചും നടന്നിരുന്ന കുട്ടിക്കാലം. എല്ലാ മലയാളികളെയും പോലെ ഏട്ടാ കൂട്ടി ലാലേട്ടനെയും ഇക്ക കൂട്ടി മമ്മൂക്കയെയും നമ്മുടെ സ്വന്തം എന്ന സ്വാർത്ഥതയിൽ സ്നേഹിക്കുന്നു അന്നും ഇന്നും. സിനിമ സ്വപ്നം ആയി മാറിയപ്പോൾ വേഷം, പരുന്ത്, സിനിമകളുടെ കോഴിക്കോട് ഉള്ള ഒരു വിധം ലൊക്കേഷനിൽ എല്ലാം പോയിട്ടുണ്ട് മമ്മൂക്കയെ ഒന്ന്‌ നേരിൽ കാണാൻ.

 

അന്നൊന്നും പറ്റിയില്ല. വിനോദ് ഏട്ടൻ പരുന്ത് സിനിമയിൽ ചെറിയ വേഷം അഭിനയിച്ചപ്പോൾ മൂപ്പരുടെ വീട്ടിൽ പോയി മമ്മൂക്കയുടെ കൂടെ അഭിനയിച്ച വിശേഷങ്ങൾ കൊതിയോടെയും കുറച്ചു അസൂയയോടെയും കേട്ടു നിന്നിട്ടുണ്ട്. ഒരുപാട് ഒരുപാട് ആഗ്രഹിച്ചത് കൊണ്ടും അതിന്‌ വേണ്ടി പരിശ്രമിച്ചത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ഒരുപാട് ഒരുപാട് ദൂരെ നിന്ന് നോക്കിയ ഒരു സാധാരണക്കാരൻ ആയ ഈ പാലാഴിക്കാരനെ മമ്മൂക്കയ്ക്ക് ഇപ്പോൾ പേര് പറഞ്ഞാൽ മനസ്സിലാവുന്ന ഒരു ബന്ധത്തിൽ എത്തി. 

 

പുത്തൻ പണം ലൊക്കേഷനിൽ വച്ചു ആദ്യം കണ്ടപ്പോൾ ഞാൻ അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ചപ്പോൾ ഹാ നീ ഉണ്ടോടാ ഇതില്‍ എന്ന് പറഞ്ഞപ്പോൾ ഞാൻ അതിശയ പെട്ടു. കാരണം മമ്മൂക്കയുടെ അറിവോടെ ആണ് ഞാനും സിറാജ്ക്കയും എല്ലാം ആ പടത്തിൽ ചെയ്തത്. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ മെസേജ് അയക്കാറുണ്ട്, അവിടുന്ന് കിട്ടുന്ന റീപ്ലൈ അതിന്റെ സന്തോഷം എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. 

 

കോവിഡ് കാലത്ത് വീട്ടിൽ റൂമിൽ കിടന്ന് ചെറിയൊരു ഉറക്കത്തിലേയ്ക്ക് പോയ് കൊണ്ടിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു ഉറക്കത്തിന്റെ മൂഡിൽ ഫോണ് എടുത്ത് നോക്കിയപ്പോൾ മമ്മുക്ക. ഒറ്റയടിക്ക് ചാടി എണീറ്റ് പുറത്തേക്ക് ഓടി റെയ്ഞ്ച് കട്ടായി പോവാതെ ഇരിക്കാൻ വേണ്ടിയിട്ട വിശേഷങ്ങൾ ചോദിച്ചറിഞ്ഞു "സുഖമല്ലേ അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ വീട്ടിൽ അടങ്ങി ഇരിക്ക് ട്ടോ ഇനി പഴയ പോലെ വണ്ടിയെടുത്ത്‌ കറങ്ങി എവിടേലും പോയി വീഴേണ്ട", ഇല്ല മമ്മുക്ക ഇല്ല ഇല്ല... ഫോൺ കട്ടാക്കി കഴിഞ്ഞപ്പോഴും ഇല്ല മമ്മൂക്ക ഇല്ല ഇല്ല ഇല്ല... തുടർന്ന് പോയി, അത്രയ്ക്കും ഉണ്ടായിരുന്നു ആ സന്തോഷം. പറയാനും എഴുതാനും ഒരുപാട് ഉണ്ട് പറഞ്ഞാൽ തീരില്ല അതുകൊണ്ട് വന്ന കാര്യം പറയുന്നു "ഇന്ത്യൻ സിനിമയുടെ മഹാനടൻ മലയാളത്തിന്റെ അഭിമാനം പത്മശ്രീ ഡോക്ടർ ഭാരത് മമ്മൂക്കയ്ക്ക് ഈ എളിയ കലാകാരന്റെ പിറന്നാൾ ആശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com