ADVERTISEMENT

ബോളിവുഡ് സിനിമ മേഖല ലഹരി മരുന്നിന് അടിപ്പെട്ടുവെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍  പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി എംപിയും നടിയുമായ ജയ ബച്ചന്‍. 'ചില ആളുകളുടെ പേരില്‍ സിനിമാ വ്യവസായത്തെ അടച്ച് ആക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സിനിമ വ്യവസായത്തെ കുറിച്ച് നമ്മുടെ തന്നെ അംഗങ്ങളിലൊരാള്‍ ലോക്‌സഭയില്‍ ഇന്നലെ നടത്തിയ പ്രസ്താവന തന്നെ ശരിക്കും അമ്പരപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. പാല് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുന്നതാണ് ഈ പ്രവണത.’ ജയ രാജ്യസഭയില്‍ പറഞ്ഞു. 

 

ബോളിവുഡ് ഇൻഡസ്ട്രി ഇപ്പോൾ അഴുക്കുചാൽ ആണെന്ന കങ്കണയുടെ പ്രസ്താവനയ്ക്കും ജയ മറുപടി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും  തൊഴിലില്ലായ്മയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ജയ ബച്ചന്‍ പറഞ്ഞു. പ്രതിദിനം അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ടും 50 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖലയാണ് സിനിമ.  രാജ്യത്തിന്റെ സമ്പദ്‌രംഗം തകരാറിലാകുകയും തൊഴിലില്ലായ്മ രുക്ഷമാകുകയും ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനായി സമൂഹമാധ്യമങ്ങളിലൂടെ സിനിമ മേഖലയെ ആക്രമിക്കുന്നതും സര്‍ക്കാരിന്റെ പിന്തുണ കിട്ടാതിരിക്കുകയും പതിവാണ്. സിനിമയില്‍ കൂടി പേരെടുത്തവര്‍ പിന്നീട് അതിനെ അഴുക്കുചാല്‍ എന്നുവിളിച്ചാല്‍ അത് തനിക്ക് അംഗീകരിക്കാനാവില്ല.' ജയ പറയുന്നു. 

 

എന്നാൽ ജയ ബച്ചന്റെ പ്രസ്താവനയിൽ ട്വിറ്ററിലൂടെ മറുപടിയുമായി കങ്കണ എത്തി. സ്വന്തം കുടുംബത്തിലെ ആർക്കെങ്കിലും ഇതുപോലെ അപകടം സംഭവിച്ചാൽ ഇതാകുമോ താങ്കളുടെ നിലപാട് എന്നായിരുന്നു കങ്കണയുടെ ചോദ്യം.

 

‘ജയാ ജി, നിങ്ങളുടെ മകൾ ശ്വേതയെ ചെറുപ്പത്തിൽ തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചാൽ ഇതായിരിക്കുമോ നിലപാട്. അല്ലെങ്കിൽ തന്നെ പരിഹസിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പരാതിയായി പറഞ്ഞ്, അഭിഷേക് ബച്ചൻ ഒരുദിവസം തൂങ്ങി മരിച്ചാൽ എന്താകും നിങ്ങൾ പറയുക. ഞങ്ങള്‍ക്കുവേണ്ടി കുറച്ച് കരുണ കാണിക്കൂ.’–കങ്കണ ട്വീറ്റ് ചെയ്തു.

 

സിനിമ വ്യവസായത്തിലും ലഹരി ഉപയോഗമുണ്ട്:  രവി കിഷന്‍

 

ഹിന്ദി, ഭോജ്പുരി സിനിമകളിലൂടെ പ്രശസ്തനായ നടനാണ് രവി കിഷന്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ലഹരി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രവിയുടെ പരാമര്‍ശം. രാജ്യത്തെ യുവജനതതെ നശിപ്പിക്കാന്‍ ചൈനയും പാക്കിസ്താനും നടത്തുന്ന ഗൂഢാലോചനയാണ് ലഹരി കടത്തലിനു പിന്നിലെന്നും രവി ആരോപിച്ചു. 

 

'സിനിമ വ്യവസായത്തിലും ലഹരി ഉപയോഗമുണ്ട്. നിരവധി പേര്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം കര്‍ശന നടപടി വേണമെന്ന് താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഗുഢാലോചന അവസാനിപ്പിക്കുയും അവരെ ശിക്ഷിക്കുകയും വേണം' രവി കിഷന്‍ പറഞ്ഞു. 

 

എന്നാല്‍, ജയ ബച്ചന്‍ താന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചതാണെന്ന് രവി കിഷന്‍ പ്രതികരിച്ചു. സിനിമയില്‍ എല്ലാവരും ലഹരി ഉപയോഗിക്കുന്നരാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സിനിമ വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍  ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജയ പറഞ്ഞതിേനാട് താനും യോജിക്കുന്നു. ഇത് വിയോജിപ്പിന്റെ സമയമല്ല, സിനിമയെ സംരക്ഷിക്കേണ്ടതുണ്ടെന്നും രവി കിഷന്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com