ഉമ്മൻ ചാണ്ടിക്ക് സമം ഉമ്മൻ ചാണ്ടി മാത്രം: പ്രശംസിച്ച് എം.എ. നിഷാദ്

nishad-oomen
SHARE

നിയമസഭാംഗമെന്ന നിലയിൽ  50 വർഷം തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് സംവിധായകൻ എം.എ. നിഷാദ്. കേരള രാഷ്ട്രീയത്തിലെ അതികായകന്മാരിൽ, ഒന്നാം നിരയിൽ ഉമ്മൻചാണ്ടിയുടെ േപരുണ്ടാകുമെന്ന് നിഷാദ് പറയുന്നു.

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:

ശ്രീ ഉമ്മൻ ചാണ്ടിയുടെ 50 വർഷങ്ങൾ...

ഉമ്മൻചാണ്ടി.. കേരള രാഷ്ട്രീയത്തിലെ അതികായകന്മാരിൽ,ഒന്നാം നിരയിൽ ഈ പേരുണ്ടാകും. പുതുപ്പളളിയിലെ, നാടൻ വഴികളിലൂടെ നടന്ന് തുടങ്ങിയ രാഷ്ട്രീയ യാത്ര...ഓരോ കാലടിയും,സൂക്ഷമതയോടെ ചുവട് വച്ച യാനം...അലസത മുടിയിലും,വസ്ത്രധാരണത്തിലും മാത്രം..

സൂക്ഷമതയും,നിശ്ചയദാർഢ്യവും,രാഷ്ട്രീയ കൗശലവും, ഈ മനുഷ്യനിൽ നിന്നും കണ്ട് പഠിക്കണം, ഓരോ രാഷ്ട്രീയ വിദ്യാർത്ഥിയും,ഭിക്ഷാംദേഹികളും...രാഷ്ട്രീയം ഒരു ചതുരംഗമാണ്...കറുപ്പും,വെളുപ്പും കളങ്ങളുളള ചതുരംഗം...അവിടെ കാലാൽപട മുതൽ,രാജാവ് വരെ നിറഞ്ഞാടുന്നു...അവിടെ വേണ്ടത് കൗശലമാണ്...ഉമ്മൻചാണ്ടി എന്ന നേതാവിനുളളതും അത് തന്നെ...

കോൺഗ്രസ് രാഷ്ട്രീയത്തിൽ, ഉമ്മൻചാണ്ടി എന്ന മഹാമേരുവിനെ തളക്കാൻ മാത്രമുളള കെൽപ്പൊന്നും മുല്ലപ്പളളിക്കും,രമേശനുമില്ല എന്ന സത്യം പറയാതെ വയ്യ... ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ,രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പാണ്..പക്ഷേ ഉമ്മൻചാണ്ടി എന്ന വ്യക്തിയെ എനിക്കിഷ്ടമാണ്...

പുനലൂരിലെ എന്റെ തറവാട്ടിൽ,രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ചെറുപ്പത്തിൽ തന്നെ അനുഭവിച്ചറിഞ്ഞിട്ടുളള വ്യക്തിയാണ് ഞാൻ...എന്റെ ഉമ്മയുടെ വാപ്പ മുഹമ്മദ് കുഞ്ഞ് മാസ്റ്റർ,പുനലൂരിലെ പ്രഥമ നഗരസഭ ചെയർമാനായിരുന്നു...അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സൗഹൃദ കൂട്ടത്തിലുളള ഒരുപാട് നേതാക്കളെ കാണുവാനുളള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്...

കമ്മ്യൂണിസ്റ്റ് നേതാവായ എം.എൻ. ഗോവിന്ദൻ നായർ, സി.എച്ച്. മുഹമ്മദ് കോയ,ആർ ബാലകൃഷ്ണപിളള, അവുഖാദർ കുട്ടി നഹ,കെ.എം. മാണി,പി.ജെ. ജോസഫ്, വക്കം പുരുഷോത്തമൻ അങ്ങനെ നീളുന്നു ആ പട്ടിക...പക്ഷേ ഞാനാദ്യം ഒരു മന്ത്രിയുടെ ഓഫിസിൽ പോകുന്നത്,ശ്രീ ഉമ്മൻ ചാണ്ടിയുടെ ഓഫിസിലാണ്..കരുണാകരൻ മന്ത്രിസഭയിൽ

ധനകാര്യ മന്ത്രിയായിരുന്നു അന്നദ്ദേഹം..

കൊല്ലം ടി കെ എം എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലം,ആൾ ഇന്ത്യ ടൂർ പ്രോഗ്രാം അന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു...അതിന് പക്ഷേ സർക്കാറിന്റ്റെ അനുമതി വേണമായിരുന്നു പ്രത്യേകിച്ച് ധനകാര്യവകുപ്പിന്റെ..അതിന് വേണ്ടിയാണ് ഞാനദ്ദേഹത്തെ കാണാൻ പോയത്...എനിക്കതിന് അവസരം ഒരുക്കിയത്,പ്രിയസുഹൃത്ത് പ്രദീപിന്റെ പിതാവ്,കോൺഗ്രസ്സ് നേതാവായിരുന്ന ശ്രീ കരുണാകരൻ പിളള സാറായിരുന്നു..

സെക്രട്ടറിയേറ്റിന്റെ സൗത്ത് സാൻഡ്വിച്ച് ബ്ളോക്കിലുളള ധനകാര്യ മന്ത്രിയുടെ ഓഫിസിൽ ഞാൻ കണ്ട കാഴ്ച്ച ഒരു പുതിയ അനുഭവമായിരുന്നു...ഒരു മന്ത്രിയുടെ ഓഫിസ് എന്ന എന്റെ സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ച ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്..ഓഫിസ് നിറയേ ഒരു പൂരത്തിനുളള ആൾക്കൂട്ടം...ആൾക്കൂട്ടത്തിനിടയിൽ,നിന്ന് കൊണ്ട് ഫയൽ ഒപ്പിടുന്ന ശ്രീ ഉമ്മൻചാണ്ടി..

തിരക്കിനിടയിൽ കരുണാകരൻപിളള സാർ എന്നെ പരിചയപ്പെടുത്തി...തനി കോട്ടയംകാരന്റെ ശൈലിയിൽ,എന്നതാ പ്രശ്നമെന്ന് ചോദിച്ചു...ഒറ്റ ശ്വാസത്തിൽ ഞാൻ കാര്യം അവതരിപ്പിച്ചു...എന്നാൽ ഒരപേക്ഷ എഴുതി നൽകാൻ ആവശ്യപ്പെട്ടു...അങ്ങനെ ആദ്യമായി ഒരു മന്ത്രിക്ക് ഞാനൊരപേക്ഷയെഴുതി...കൈകൾ ചെറുതായി വിറച്ചിരുന്നു എന്നുളളതാണ് സത്യം...അപേക്ഷ വാങ്ങി അത് ഒപ്പിട്ട ശേഷം പി എ യെ കൊണ്ട്,ധനകാര്യ അഡീഷനൽ സെക്രട്ടറിയെ വിളിപ്പിച്ച്,അനുമതി നൽകൂകയും ചെയ്തു...എന്റെ നന്ദി കേൾക്കുന്നതിന് മുമ്പ്,അടുത്തയാളുടെ പ്രശ്നത്തിലേക്ക് അദ്ദേഹം നീങ്ങി...ആൾക്കൂട്ടങ്ങളുടെ നടുവിൽ...

പിന്നീട് ഞാനിതേ ആൾക്കൂട്ടം കാണുന്നത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോളാണ്.. 2015-ൽ,പുനലൂർ തൂക്കുപാലത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു മാസ്സ് പെറ്റീഷൻ നൽകാൻ പോയപ്പോൾ...ആൾക്കൂട്ടത്തിന് നടുവിൽ അതേ ഉമ്മൻചാണ്ടി...ഞങ്ങളുടെ അപേക്ഷ വാങ്ങുമ്പോൾ,അദ്ദേഹത്തിന്റെ ചെവിയിൽ, ഒരു ഖദർ ധാരി മന്ത്രിക്കുന്നത് ഞങ്ങൾ കേട്ടു,സിപിഐ ക്കാരനാ...നിഷാദ്..അതിന് ചെവികൊടുക്കാതെ,ഞങ്ങളുടെ അപേക്ഷയിൽ അദ്ദേഹം ഒപ്പ് വച്ചു...

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ നിലപാടുകളെ,ഒരുപാട് വിമർശിച്ചിട്ടുളള വ്യക്തിയാണ് ഞാൻ..ഇന്നും വിമർശനം അഭംഗുരം തുടരുകയും ചെയ്യുന്നു...പക്ഷേ,ഒന്നുറപ്പാണ്...ഉമ്മൻ ചാണ്ടിക്ക് സമം ഉമ്മൻ ചാണ്ടി മാത്രം...

ആൾക്കൂട്ടത്തിന് നടുവിൽ,അലസമായ മുടിയും,ഉടഞ്ഞ ഖദർ കുപ്പായവുമിട്ട്,രാഷ്ട്രീയ കൗശലതയുടേയും,സൂക്ഷമതയുടേയും,ആൾ രൂപമായി ചാണ്ടി സാർ നടന്ന് നീങ്ങുന്നത് ഇന്നും,ചുവട് തെറ്റാത്ത,കാലടികളുമായിട്ടാണ്....നിയമസഭയിൽ അമ്പത് വർഷം പൂർത്തീകരിക്കുന്ന ശ്രീ ഉമ്മൻചാണ്ടിക്ക് അഭിനന്ദനങ്ങൾ !!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA