‘രാഷ്ട്രീയത്തിനപ്പുറമുള്ള സ്നേഹമാണ് ഞങ്ങൾ തമ്മിൽ’; ഉമ്മൻചാണ്ടിയും മമ്മൂട്ടിയും

mammootty-oomen-chandy
SHARE

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ മൂന്നാം നാൾ കൊച്ചിയിലൊരു ചടങ്ങിനു വന്നപ്പോൾ ഉച്ചയൂണു കഴിക്കാൻ പനമ്പിള്ളി നഗറിലെ ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. യാതൊരു ഔപചാരികതയുമില്ലാത്ത അത്തരം എത്രയോ കൂടിച്ചേരലുകൾ ഞങ്ങൾക്കിടയിലുണ്ട്. രാഷ്ട്രീയാഭിപ്രായങ്ങൾക്കപ്പുറമുള്ള ഒരു സ്നേഹബന്ധവും സൗഹൃദവും ഞങ്ങൾ തമ്മിലുണ്ട്. 

കേരളം കണ്ടു നിന്ന വളർച്ചയാണ് ഉമ്മൻ ചാണ്ടിയുടേത്. ഞാൻ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താൻ ഞാൻ ആളല്ല. എന്നാൽ ഉമ്മൻചാണ്ടി എന്ന സുഹൃത്തിനെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ സുഹൃത്തിന്റെ വലിയ നേട്ടങ്ങളിൽ ഞാൻ ആഹ്ലാദിക്കുന്നു. 

സാധാരണത്വം ആണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ലളിതമായ ആ സാധാരണത്വമാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും. എത്ര തിരക്കുണ്ടെങ്കിലും ഒന്നു കാണാൻ സൗകര്യം ചോദിച്ചാലോ വിളിച്ചാലോ അദ്ദേഹത്തെ കിട്ടാതിരുന്നിട്ടില്ല. അത്ര വലിയ തിരക്കാണെങ്കിൽ ഞാൻ തിരിച്ചു വിളിക്കാമെന്ന് അദ്ദേഹം പറയും. കൃത്യമായി തിരിച്ചു വിളിക്കുകയും ചെയ്യും. 

ഉമ്മൻ ചാണ്ടിയോട് വിയോജിപ്പുള്ളത് സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ്. എപ്പോഴും കാണുമ്പോൾ അക്കാര്യങ്ങൾ ഞാൻ ആവർത്തിച്ചു പറയാറുമുണ്ട്. അമേരിക്കയിൽ ചികിത്സയ്ക്കു പോയി ദുബായ് വഴി മടങ്ങിയെത്തിയപ്പോൾ ഞാനും ആ സമയത്ത് ദുബായിലുണ്ടായിരുന്നു. ഉടനെ തന്നെ മകൾ അച്ചു താമസിക്കുന്ന വീട്ടിൽപ്പോയി കണ്ടു. രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് മടങ്ങിയത്. 

പൊതുജീവിതത്തിൽ നിന്ന് എപ്പോഴോ പിൻവലിഞ്ഞു നിൽക്കുന്നതായി എനിക്കു തോന്നിയപ്പോഴും ഞാൻ വിളിച്ചു:‘‘പിന്നോട്ടു മാറിനിൽക്കരുത്. ധൈര്യമായി മുന്നോട്ടു പോകണം’’. അത്തരം വിളികൾ എപ്പോഴുമുണ്ടാകാറുണ്ട്. നേട്ടങ്ങളും പദവികളും വരുമ്പോഴുള്ള അഭിനന്ദനങ്ങളെക്കാൾ ഒന്നുലഞ്ഞു പോയോ എന്നു ഞാനാശങ്കപ്പെടാറുള്ള സന്ദർഭങ്ങളിലാണ് കൂടുതലും വിളിച്ചിട്ടുള്ളത്. ആ പാരസ്പര്യം അദ്ദേഹത്തിനുമറിയാം. അത് ഹൃദയം കൊണ്ടൊരു കൊടുക്കൽ വാങ്ങലാണ്. അതിനു വാക്കുകളുടെ കടലൊന്നും വേണ്ട. ഒരു മിഴിച്ചെപ്പിലൊതുങ്ങുന്ന സ്നേഹാന്വേഷണം മതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA