അൻപതാം പിറന്നാൾ ആഘോഷിച്ച് രമ്യ കൃഷ്ണൻ; ചിത്രങ്ങൾ

ramya-krishnan-birthday
SHARE

അൻപതാം പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യയുടെ ‘നീലാംബരി’ രമ്യ കൃഷ്ണൻ. തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. 1970 സെപ്റ്റംബര്‍ 15 ന് ചെന്നൈയിലാണ് രമ്യ കൃഷ്ണന്‍ ജനിച്ചത്. 13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.  മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ രമ്യാ കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള പ്രേക്ഷകരും നടിയുടെ പിറന്നാളിന് ആശംസകൾ നേർന്ന് രംഗത്തുവന്നു. താരത്തെക്കുറിച്ച് ജെനു ജോണി എഴുതിയ കുറിപ്പ് വായിക്കാം: വെറ്ററൻ അഭിനേതാക്കളുടെ അഭിനയത്തിന് ലഭിക്കുന്ന പ്രശംസകൾക്ക് പുറമേ അവരുടെ ലുക്കും ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിൽ രമ്യ കൃഷ്ണനെയും പരാമർശിക്കേണ്ടതാണ്. സിനിമയിൽ വന്ന കാലത്തെ പോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുണ്ട്. ശബ്ദവും സംസാരരീതിയും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടിയാണ് ,ഇൻഡസ്ട്രിയിലെ തന്റെ അതാത് സമയത്തെ മറ്റാരുടെയും ശൈലി അല്ല സ്വന്തമായി ഉണ്ടാക്കിയെടുത്ത അഭിനയശൈലിയാണ് രമ്യയുടേത്. 

ramya-krishnan-birthday1

 

പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യ , ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട് നീലാംബരി. കമലാഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു. എല്ലാ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ നായിക ആയ രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം , ആര്യൻ, ഒരേ കടൽ , അനുരാഗി , മഹാത്മാ. തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരങ്ങളിൽ നർത്തകി ആയും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗന്റ് ആയി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റ് ആവുന്നതിന്റെ ഭാഗം ആവുന്നുണ്ട് രമ്യ , അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും , അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും , മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടും ഒക്കെ. 

 

ഇന്നും ബാഹുബലി പോലെ പോപ്പുലർ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്ത ആയി നിൽക്കുമ്പോഴും സൂപ്പർ ഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്കും പോലെയുള്ള കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് പ്രശംസനീയമാണ്. സിനിമയിൽ കണ്ടു തുടങ്ങിയ കാലം മുതൽ ഇന്ന് വരെ ഒരേ പോലെ ഇഷ്ടം തോന്നിയിട്ടുള്ള കുറച്ച് താരങ്ങളിൽ ഒരാളാണ് രമ്യ കൃഷ്ണൻ. വയസ്സനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ...

ചെറുപ്പത്തിലെ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്ന രമ്യ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും പ്രാവീണ്യം നേടി 13 വയസ്സുള്ളപ്പോൾ വെള്ളൈ മനസ്സ് എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്കെത്തി. 19 വയസ്സു മുതൽ അഭിനയത്തിൽ സജീവമായി. മുഖ സൗന്ദര്യത്തിലെ ലക്ഷണം കൊണ്ട് ദ്രാവിഡ അമ്മൻ വേഷങ്ങളിൽ തിളങ്ങിയ രമ്യ പടയപ്പ എന്ന സിനിമയിലെ രജനീകാന്തിനെതിരെ നിൽക്കുന്ന വില്ലൻ വേഷത്തിലൂടെ തമിഴകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഈ അടുത്തകാലത്തിറങ്ങിയ ബാഹുബലി എന്ന സിനിമയിലൂടെ രമ്യയുടെ കരിയർ ഗ്രാഫ് ഒന്നുകൂടി ഉയർന്നു.

1983 ൽ പുറത്തിറങ്ങിയ സ്വപ്നത്തിലൂടെയാണ് രമ്യ മലയാള സിനിമയിലേയ്ക്ക് കടന്നുവന്നതെങ്കിലും 1988 ൽ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ മോഹൻലാൽ ചിത്രമായ അനുരാഗിയിലൂടെയാണ് രമ്യ മലയാളിക്ക് പ്രിയങ്കരിയായത്.

സ്വപ്നം

അനുരാഗി

ഓർക്കാപ്പുറത്ത്

ആര്യൻ

അഹം

നേരം പുലരുമ്പോൾ

മഹാത്മ

ഒന്നാമൻ

ഒരേ കടൽ

ആടുപുലിയാട്ടം

അപ്പവും വീഞ്ഞും

തുടങ്ങിയവയാണ് രമ്യ അഭിനയിച്ച ചില മലയാള സിനിമകൾ.

സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ വംശിയാണ് രമ്യയുടെ ഭർത്താവ്. 2003-ല്‍ ഇവര്‍ വിവാഹിതരായി. റിത്വിക് എന്നാണ് മകന്റേ േപര്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA