ADVERTISEMENT

സിനിമ-സീരിയൽ നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നു. കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്നതാണ് ഈ വിഡിയോ പ്രേക്ഷകർക്കു നൽകുന്ന ആശ്വാസം. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങി. 

 

ശരണ്യയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. എല്ലാവരുടെയും പ്രാർഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു. ‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’

 

കഴിഞ്ഞ ഏതാനും വർഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു.

 

ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാതെന്ന് ശരണ്യയുടെ അമ്മ പറയുന്നു.

 

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉൾപ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് ഇവർ താമസിക്കുന്നത്.

 

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. സിനിമ–സീരിയൽ–സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട് എന്നും വളരെ നന്ദിയോടെ അമ്മ ഓർക്കുന്നു.

 

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്നിവ പ്രധാനചിത്രങ്ങൾ. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com