ADVERTISEMENT

‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന അനശ്വര പ്രണയചിത്രം 25 വയസ്സു പൂർത്തിയാക്കിഇപ്പോഴും പ്രണയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാലത്തെ അതിജീവിച്ച ഒട്ടേറെ പ്രണയസിനിമകളുടെ കഥ പറയാനുണ്ട് നമ്മുടെ മലയാളത്തിനും.  മലയാള സിനിമയിലെ സുന്ദരമായ പ്രണയ സംഭാഷണങ്ങളെക്കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ 

 

‘തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്.’ – 1984ൽ റിലീസ് ചെയ്ത ‘കാണാമറയത്ത്’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മധ്യവയസ്കനായ ‘റോയി’ക്ക് ശോഭനയുടെ ടീനേജുകാരിയായ ‘ഷേർളി’ അയയ്ക്കുന്ന കത്തിലെ വാചകമാണിത്. ഞാൻ കണ്ട, കേട്ട മലയാളസിനിമയിലെ ആദ്യ പ്രണയവാചകം ഇതാണ്. ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട പ്രണയസിനിമകളിലൊന്ന് ഐ.വി.ശശി – പത്മരാജൻ ടീം സൃഷ്ടിച്ച ഈ സിനിമയാണ്. വിവാഹിതരല്ലാത്ത, വ്യത്യസ്ത പ്രായക്കാർക്കിടയിലുണ്ടാകുന്ന ഒരു പ്രണയകഥ വർഷങ്ങളിത്ര കഴിഞ്ഞിട്ടും പിന്നീടാരും സിനിമയാക്കിയതായും ഓർക്കുന്നില്ല.

 

‘ഒരു ഏപ്രിൽ 18ന് നമ്മൾ കണ്ടുമുട്ടി’ എന്നു ബാലചന്ദ്രമേനോന്റെ ‘രവി’ ശോഭനയുടെ ‘ശോഭന’യോടു പറയുന്നത് ‘ഏപ്രിൽ 18’ എന്ന സിനിമയിലാണ്. ശോഭന അഭിനയിച്ച ആദ്യ സിനിമ ഇതായിരുന്നെങ്കിലും ‘കാണാമറയത്തി’നു ശേഷമാണു ഞാനിതു കാണുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രണയം ഏറ്റവും ശക്തമായും സരസമായും വരച്ചുകാട്ടിയ ചിത്രം.

 

‘ആ മരച്ചുവട്ടിൽ കൃഷ്ണശിലയുടെ മുന്നിൽ ഒരു വിളക്കു കൊളുത്തി വയ്ക്കണം’ എന്നു മമ്മൂട്ടിയുടെ ‘ഉണ്ണിക്കൃഷ്ണൻ’ ശോഭനയുടെ ‘തുളസി’ക്കു കത്തെഴുതുന്നത്, ബാലു മഹേന്ദ്രയുടെ ‘യാത്ര’ (1985) യിലാണ്. ഒരുപക്ഷേ, മലയാള സിനിമ കണ്ട ഏറ്റവും മനോഹരമായ ക്ലൈമാക്സ് രംഗമുള്ള പ്രണയചിത്രം.

 

‘നിന്നെ വിട്ടുകൊടുക്കാൻ വയ്യ. ഒരു ജയിലർക്കും ഒരു നിയമത്തിനും, ആർക്കും.’ – മോഹൻലാലിന്റെ ‘റഷീദ്’ ഗീതയുടെ ഇന്ദിരയോട് ഇതു പറയുന്നത് 1986ൽ പുറത്തുവന്ന ‘പഞ്ചാഗ്നി’യിലാണ്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട നായികയും പത്രപ്രവർത്തകനായ നായകനും തമ്മിലുള്ള ഇതിലെ പ്രണയം അന്നും ഇന്നും പുതിയതാണ്. ഹരിഹരൻ - എംടി ടീമിന്റെ ഈ ചിത്രം, പ്രണയത്തിനപ്പുറത്ത് ആ കാലത്തെ അടയാളപ്പെടുത്തുകകൂടി ചെയ്തു.

 

‘അവിടെ വച്ചു നിനക്കു ഞാനെന്റെ പ്രണയം തരും’ എന്നു മോഹൻലാലിന്റെ ‘സോളമൻ’ ശാരിയുടെ ‘സോഫി’യോടു പറയുന്നത് പത്മരാജന്റെ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലാണ്. പിന്നീടു വന്ന എല്ലാ തലമുറയിലെയും സംവിധായകരെ പ്രചോദിപ്പിച്ച, കാലത്തെ അതിജീവിച്ച ലവ് സ്റ്റോറി.

 

‘നന്ദാ, നീ എന്റെ താരയെ നോക്കിക്കോണേ’ എന്ന് അശരീരിയായി ശങ്കറിന്റെ ‘നന്ദനോട്‌’ മോഹൻലാലിന്റെ ‘സണ്ണി’ വിളിച്ചുപറയുന്നത് വേണു നാഗവള്ളിയുടെ ‘സുഖമോ ദേവി’യിലാണ്. അതിനുശേഷവും, അധികം ചർച്ച ചെയ്യപ്പെടാത്ത, എന്നാൽ, ഏറെ മനോഹരമായ പ്രണയവാചകങ്ങൾ കണ്ടിട്ടുള്ളതും വേണു നാഗവള്ളിയുടെ സിനിമകളിലാണ്.

‘രാധ മണ്ണാർത്തൊടിയിൽ വരുന്ന ദിവസം വരെയേ മാഷിനു ക്ലാരയെ കാണാൻ കിട്ടുള്ളൂ.’ – പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഞാനാദ്യമായി കാണുന്ന, ശരിയായ അർഥത്തിലുള്ള ത്രികോണ പ്രണയകഥയാണ്‌. കുടുംബമായി കാണാൻ കൊള്ളാത്ത സിനിമ എന്ന് ഞങ്ങളുടെ വീട്ടിലെ ഡ്രൈവർ ‘തൂവാനത്തുമ്പികൾ’ കണ്ടിട്ടുവന്നു പറഞ്ഞത് ഇന്നും ഓർക്കുന്നു. ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും എത്രയോ കുടുംബങ്ങളുടെ ഹൃദയങ്ങളിൽ ഈ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു.

 

‘നീന എനിക്കുവേണ്ടി തിരഞ്ഞെടുക്കുന്ന പെൺകുട്ടി നീന തന്നെയായാൽ കൊള്ളാമെന്നുണ്ട്.’ –  ഫാസിലിന്റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ൽ മമ്മൂട്ടിയുടെ ‘ഡോ.വിനയൻ’ സുഹാസിനിയുടെ ‘നീന’യോടു നടത്തുന്ന പ്രണയാഭ്യർഥന. ഒരു മുത്തശ്ശിക്കഥയുടെ ഭംഗിയോടെ ഇന്നും ഓർമകളിൽ നിൽക്കുന്ന പ്രണയകഥ.

‘ഞാൻ കൊടുത്തതേ ചെമ്പാ, വെറും ചെമ്പ്...’ പ്രണയത്തിലെ ആ ചതിയെക്കുറിച്ച് ശ്രീനിവാസന്റെ ‘ഭാസ്കരൻ’ ജഗതിയുടെ ‘വെളിച്ചപ്പാടി’നോട്‌ ആവേശത്തോടെ പറയുന്നത് സത്യൻ അന്തിക്കാട്‌ - രഘുനാഥ് പാലേരി ടീമിന്റെ ‘പൊന്മുട്ടയിടുന്ന താറാവി’ലാണ്. ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഉർവശിയുടെ ‘സ്നേഹലത’യുടെ വഞ്ചനയും അതിനു ഭാസ്കരൻ ചെയ്ത പ്രതികാരവുമൊക്കെക്കൊണ്ട് അന്നുവരെ കണ്ട പ്രണയചിത്രങ്ങളിൽനിന്നു വേറിട്ടു നിന്ന ചിത്രം.

 

‘അവിടെ വിചിത്രമായൊരു സ്വരം കേട്ടു. കുയിലല്ല, മാലാഖയുമല്ല’ – വൈശാലിയുടെ പാട്ടിനെക്കുറിച്ച് ഋഷ്യശൃംഗൻ അച്ഛനോട് ഇതു പറയുന്നത് ‘വൈശാലി’യിലാണ്. വേനലിനെക്കുറിച്ച്, മഴയക്കുറിച്ച്, പ്രണയത്തെക്കുറിച്ച് ഭരതനും എംടിയും ചേർന്ന് പ്രകൃതിയുടെ കാൻവാസിൽ വരച്ചിട്ട സിനിമ. അതിനു മുൻപോ ശേഷമോ, വൈശാലിപോലൊരു പ്രണയകഥ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.

 

‘ആദ്യരാത്രിയെന്നു പറഞ്ഞാൽ എനിക്കൊരു പേടിയുമില്ല, ശോഭയ്ക്കു പേടിയുണ്ടോ?’ –  ‘വടക്കുനോക്കിയന്ത്ര’ത്തിലെ ‘തളത്തിൽ ദിനേശ’ന്റെ ഭാര്യയോടുള്ള ഡയലോഗ്. പ്രണയത്തിലെ അപകർഷതാബോധം ആദ്യമായി വിഷയമാക്കിയ, ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ഏറ്റവും പ്രസക്തമായൊരു പ്രണയചിത്രമാണത്.

‘ഇവിടെ എന്നെക്കാൾ സുന്ദരിമാരുണ്ട്. എന്നെ... എന്നെ മാത്രം പ്രേമിക്കുമോ?’ –  അടൂർ ഗോപാലകൃഷ്ണന്റെ ‘മതിലുകളിൽ’ ‘ബഷീറി’നോടു ‘നാരായണി’ ചോദിക്കുന്നതാണിത്. പരസ്പരം കാണാതെ പ്രണയിക്കുന്ന, ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ സിനിമ.

 

‘നിങ്ങളുദ്ദേശിച്ചു വന്ന പെൺകുട്ടി ഇവരല്ലല്ലോ, അല്ലേ’. – ‘ഇന്നലെ’യിലെ ശരത്തിന്റെ (ജയറാം) ഈ ചോദ്യത്തിന് ഡോ. നരേന്ദ്രന്റെ (സുരേഷ് ഗോപി) നിസ്സഹായമായ മറുപടി ‘അല്ല’ എന്ന വേദനയുള്ള ചിരിയാണ്. ഇന്നും നമ്മുടെ മനസ്സുകളിൽ നോവായി നിറഞ്ഞുനിൽക്കുന്ന, പ്രണയത്യാഗത്തിന്റെ പത്മരാജൻ ടച്ച്‌.

 

‘ഞാൻ ഗന്ധർവൻ. ചിത്രശലഭമാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരി.’ – മലയാള സിനിമയിലെ പ്രണയഗന്ധർവന്റെ അവസാന ചിത്രം. ആ ഗന്ധർവന്റെ മടങ്ങിപ്പോക്കോടെ, ‘മായാമയൂര’ത്തിലെയും ‘മേഘമൽഹാറിലെയും’ ചില വെളിച്ചങ്ങൾ ഒഴിച്ചുനിർത്തിയാൽ, മലയാള സിനിമയിലെ പ്രണയം പിന്നീടുള്ള കുറെ വർഷങ്ങളിലേക്ക് ഒഴിഞ്ഞുപോയി.‘ഞാൻ ജൂനിയർ യേശുദാസ് ശശികുമാർ’ എന്ന് മഞ്ജു വാരിയരുടെ ‘രാധ’യ്ക്ക് ദിലീപിന്റെ ‘ശശികുമാർ’ സ്വയം പരിചയപ്പെടുത്തി, ‘സല്ലാപ’ത്തിലൂടെ (1996 – ലോഹിതദാസും സുന്ദർദാസും) പ്രണയം മലയാളസിനിമയിലേക്കു തിരിച്ചുവരവറിയിച്ചു.

 

‘നമുക്കു പിരിയാം...’ എന്ന് ശാലിനിയുടെ മിനി ചോദിക്കുമ്പോൾ ഒരുനിമിഷം പോലും ചിന്തിക്കാതെ ‘ശരി’ എന്നു സമ്മതിക്കുന്ന കുഞ്ചാക്കോ ബോബന്റെ ‘സുധി’.... അന്നുവരെയുള്ള പ്രണയചിത്രങ്ങളിലെ നായികാനായകന്മാരെ ‘അനിയത്തിപ്രാവി’ലൂടെ പൊളിച്ചെഴുതുകയായിരുന്നു ഫാസിൽ. 

 

‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ’ എന്നു പറഞ്ഞ് പൃഥ്വിരാജിന്റെ ‘മനു’വിനെ നവ്യ നായരുടെ ‘ബാലാമണി’ രഞ്ജിത്തിന്റെ ‘നന്ദന’ത്തിൽ കെട്ടിപ്പിടിച്ചത് നമുക്കു പ്രണയത്തിന്റെ അഭൗമതലം കൂടി സമ്മാനിച്ചുകൊണ്ടാണ്.

 

‘അജയൻ വിളിച്ചിട്ടും ഉണർന്നില്ലെങ്കിൽ അതു സത്യമാണ്, ഞാൻ മരിച്ചു.’ – രഞ്ജിത്തിന്റെ തന്നെ ‘തിരക്കഥ’യിലെ ക്ലൈമാക്സിൽ അനൂപ്‌ മേനോന്റെ അജയനോട്‌ പ്രിയാമണിയുടെ മാളവിക പറയുന്നതാണിത്. കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും നമുക്കു പ്രണയം തിരിച്ചുതന്ന സിനിമ. ‘ചേട്ടാ തട്ടിൽകൂട്ടി ദോശയില്ലേ?’ എന്നു ശ്വേതാ മേനോന്റെ ‘മായ’, ലാലിന്റെ ‘കാളിദാസ’നോട് ചോദിച്ചത് ആഷിഖ് അബുവിന്റെ ‘സോൾട്ട് ആൻഡ്‌ പെപ്പറി’ലാണ്. അന്നുവരെ കണ്ട പ്രണയചിത്രങ്ങളിൽനിന്നു വ്യതസ്തമായ, കൂൾ ആയ ഒരു ലവ് സ്റ്റോറി.

 

‘ഓളാ തട്ടമിട്ടു കഴിഞ്ഞാ ന്റെ സാറേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല’ എന്നു പറഞ്ഞ് വിനീത് ശ്രീനിവാസനും ‘അതിലേറ്റവും ഭംഗിയുള്ളവൻ ഞാനാ, ജോർജ്’ എന്നു പറഞ്ഞ് അൽഫോൺസ് പുത്രനും നിവിൻ പോളിയിലൂടെ തിയറ്ററുകളെ പ്രണയം കൊണ്ട് വീണ്ടും പൂരപ്പറമ്പാക്കി.

 

‘സ്നേഹം കാറ്റുപോലെയാണ്, നിങ്ങൾക്കതു കാണാൻ പറ്റില്ല; അനുഭവിക്കാനേ പറ്റൂ’ എന്നാണ് ദുൽഖർ സൽമാന്റെ ‘ചാർലി’ പറഞ്ഞത്. ‘ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ’ എന്നതിലൂടെ പൃഥ്വിരാജിന്റെ മൊയ്തീൻ നമ്മളോടു പറഞ്ഞത് പ്രണയത്തിനു കാലമില്ല എന്നാണ്. 

‘ഞങ്ങള് തൽക്കാലം പഠിക്കട്ടെ, ബാക്കിയുള്ള കാര്യമൊക്കെ പിന്നെ തീരുമാനിച്ചോളാ.’ എന്നാണ് ‘തണ്ണീർമത്തൻ ദിനങ്ങളിലെ’ ജെയ്സൻ കഴിഞ്ഞ വർഷം നമ്മളോടു പറഞ്ഞത്. ‘ഞാൻ ഡീസന്റ്, എനിക്ക് അറേഞ്ച്ഡ് മാര്യേജ് താൻ” എന്നാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ കല്യാണി പ്രിയദർശൻ ഈ ലോക്ഡൗണിന് തൊട്ടുമുൻപും അഭിപ്രായപ്പെട്ടത്.  മലയാള സിനിമയിലെ പ്രണയം കാലത്തിനൊപ്പവും ചിലപ്പോൾ കാലത്തിനെതിരെയും മുന്നോട്ടും പിന്നോട്ടും ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com