ADVERTISEMENT

കൊറോണയുടെ എട്ടുമാസ മടുപ്പില്‍ നിന്നും രക്ഷപെടാനാണ് മലപ്പുറം സ്വദേശി നിമിഷ അശോക്  ഒരു ഫോട്ടോഷൂട്ടിനായി വീട്ടില്‍ നിന്നിറങ്ങിയത്. ഫോട്ടോ ഷൂട്ട് വൈറലാകണമെന്നും അതിലൂടെ സിനിമയില്‍ അവസരങ്ങള്‍ തേടിയെത്തണമെന്നുമുള്ള ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകും. മലപ്പുറം സ്വദേശിനിയും സാഹിത്യ വിദ്യാര്‍ത്ഥിനിയുമായ നിമിഷ അശോക് ഈ വഴി ഇപ്പോള്‍ പൃഥിരാജിന്റെ പുതിയ സിനിമ ജനഗണമനയിലൂടെ ബിഗ്‌സ്‌ക്രീനില്‍ എത്തിക്കഴിഞ്ഞു. നിമിഷയെ ഈ സ്വപ്‌ന നിമിഷത്തിലേയ്ക്ക് എത്തിച്ചതാവട്ടെ വൈറലായ ആ ഫോട്ടോ ഷൂട്ടും. 

 

nimisha-ashok2

കഠിനമായ കോവിഡ് വിരസതയ്ക്കിടയില്‍ ഒന്നു പുറത്തിറങ്ങാനുള്ള വഴിയ്ക്കായി കാത്തിരുന്നപ്പോഴാണ് നടിയും സുഹൃത്തുമായ അനാര്‍ക്കലി മരിക്കാറാണ് വഫാറ സെലിബ്രിറ്റി പേജിന്റെ അണ്‍കുക്ക്ഡ് എന്ന ഫോട്ടോ ഷൂട്ടിലേയ്ക്ക് നിര്‍ദ്ദേശിച്ചത്. പുറംലോകത്തേയ്ക്ക് ഇറങ്ങാനുള്ള ആഗ്രഹത്തോടെ, ജീവിതത്തിലെ ധീരമായ ഒരു ചുവട് നിമിഷ ആ ഫോട്ടോഷൂട്ടില്‍ എടുത്തു. ഷൂട്ട് വൈറല്‍! ഷൂട്ടിലെ കോസ്റ്റ്യൂമിന്റെ സ്വഭാവം ശരീരത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഊന്നുന്നതായിരുന്നു. ഒരു സ്ത്രീ അവളുടെ സ്വാതന്ത്ര്യത്തില്‍ വസ്ത്രം ധരിച്ചാല്‍ പിന്നീട് സംഭവിക്കാവുന്ന സദാചാര വിചാരണകള്‍ നിമിഷയ്ക്കു നേരെയും ഉണ്ടായി. അതു വീടുവരെയും എത്തി. മകളുടെ സ്വാതന്ത്ര്യത്തെ ചേര്‍ത്തു പിടിച്ച അച്ഛന്‍ നിമിഷയോടെ മുന്നോട്ടു പോകാന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. 

 

കാലടി സര്‍വകലാശാലയില്‍ എംഎ മലയാളത്തിനു ശേഷം കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററില്‍ ബിഎഡ് പഠിച്ചു കൊണ്ടിരിക്കെയാണ് കൊറോണ വന്നത്. വീട്ടിലിരിക്കല്‍ അല്ലാതെ മറ്റു വഴികളില്ല. ഓണ്‍ലൈനായി പരീക്ഷ എഴുതുകയും ഒന്നാം നിലയില്‍ ജയിക്കുകയുമൊക്കെ ചെയ്തു. വീട്ടില്‍ തന്നെയിരുന്ന് മുഷിഞ്ഞു തുടങ്ങിയ എട്ടുമാസത്തിനു ശേഷം, പുറത്തേയ്ക്കിറങ്ങാനുള്ള ഒരവസരം എന്ന നിലയ്ക്കാണ് നിമിഷ വഫാറയുടെ ഷൂട്ടിലേയ്ക്കു വന്നന്നത്. ആ ഫോട്ടോ ഷൂട്ട് വൈറലായി. പ്രത്യേകിച്ച് നിമിഷയുടെ പ്രത്യേകതയുള്ള സ്‌കിന്‍ ടോണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

nimisha-ashok3

 

ഫോട്ടോ ഷൂട്ട് വൈറലായി ദിവസങ്ങളിലൊരു രാത്രി നിമിഷയ്ക്ക് ഒരു കോള്‍ വന്നു, ഒരു വിഡിയോ അയച്ചു കൊടുക്കാനായിരുന്നു നിര്‍ദ്ദേശം. വിഡിയോ കണ്ടതും പൃഥിരാജിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ തന്നെ കൊച്ചിക്ക് വരണമെന്ന് നിര്‍ദ്ദേശം. കൊച്ചിയില്‍ എത്തി കൊറോണ പരിശോധനയും കഴിഞ്ഞ് രണ്ടാം ദിവസം ജനഗണമനയില്‍ അഭിനയിച്ചു. പൃഥിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ വലിയ താരനിര. പൃഥിരാജ് ആണ് നിർമാണം. ഒപ്പം നടി ശാരിയടക്കമുള്ള താരങ്ങള്‍. ഏഴു ദിവസം നീണ്ട ചിത്രീകരണം. പൃഥിരാജില്‍ നിന്നും ലഭിച്ച അഭിനനന്ദനം, ശാരിയുടെ നിര്‍ദ്ദേശങ്ങള്‍- നിമിഷ ആ ദിവസങ്ങളുടെ ത്രില്ലിലാണ് ഇപ്പോഴും. കാരക്ടര്‍ വേഷമാണ് സിനിമയില്‍ നിമിഷ അഭിനയിച്ചത്. 

 

തുടര്‍ന്ന് വേറെയും സിനിമകളിലേയ്ക്കും ഹ്രസ്വചിത്രങ്ങളിലേയ്ക്കും ഫോട്ടോ ഷൂട്ടിലേയ്ക്കും പരസ്യ ചിത്രങ്ങളിലേയ്ക്കുമുള്ള ഓഫറുകള്‍- നിനച്ചിരിക്കാതെ നിമിഷ അഭിനേതാവാകുകയായിരുന്നു. കൊറോണയുടെ തടവില്‍ നിന്ന് ഒന്നു പുറത്തേയ്ക്കിറങ്ങിയ നിമിഷയുടെ രണ്ടാമത്തെ ഫോട്ടോ ഷൂട്ടും വൈറലായി. 'ഐ ലവ് ബീയിങ് ബ്ലാക്ക് സ്‌കിന്‍'- എന്നതായിരുന്നു ഫോട്ടോ ഷൂട്ടിന്റെ ആശയം. വിനോദ് ഗോപിയുടെ ആ ഫോട്ടോകളും ഓണ്‍ലൈന്‍ സ്‌ക്രീനില്‍ ശ്രദ്ധേയമായി.

 

'രണ്ടു ഫോട്ടോ ഷൂട്ടുകളും കണ്ട ഒത്തിരി പെണ്‍കുട്ടികള്‍ എനിക്ക് വ്യക്തിപരമായി സന്ദേശങ്ങള്‍ അയച്ചു. അവര്‍ക്ക് അഭിമാനം തോന്നുന്നുവെന്ന്. നീണ്ട മെസേജുകളായിരുന്നു പലതും. വെളുപ്പാണ് നിറമെന്നു കരുതുന്ന ലോകത്താണ് ഞാനും ജനിച്ചു വളര്‍ന്നത്. എനിക്ക് ആ സന്ദേശങ്ങളുടെ ആത്മാര്‍ത്ഥത മനസിലാകും'- നിമിഷ പറയുന്നു.

 

മലപ്പുറം സ്വദേശിയായ നിമിഷയുടെ കഥ, ആ സന്ദേശം അയച്ച ഓരോ പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമല്ല. നാട്ടിലെ സ്‌കൂളിലായിരുന്നു പഠനം. മൂന്നാം ക്ലാസു മുതല്‍ ഓട്ടത്തിലായിരുന്നു. ചുറ്റുമുള്ള സാഹചര്യങ്ങളില്‍ ആരോഗ്യം വേണമെന്നാണ് ആദ്യമേ തോന്നിയിരുന്നത്. പെണ്ണെന്ന നിലയില്‍ സ്വയം സംരക്ഷിക്കാന്‍. ആണിന്റെ പോലെ ബലം വേണമെന്നായിരുന്നു മോഹം. പിന്നീട് വളര്‍ന്ന് കൗമാരത്തില്‍ എത്തിയപ്പോള്‍ പരിശീലനങ്ങള്‍ക്കു കൂട്ടുവരാന്‍ ആരുമില്ലാത്ത സാഹചര്യമായതിനാല്‍ സ്‌പോര്‍ട്‌സ് നിര്‍ത്തി. പ്ലസ് ടു ആയപ്പോള്‍ കഥയോടും പാട്ടിനോടും മലയാളത്തോടും ഇഷ്ടമായി. ഡിഗ്രിക്ക് മലയാളം ഐഛികമായെടുത്തു. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ യുവസമിതിയോടും തെരുവു നാടകങ്ങളോടും അടുത്തു. 

 

കോളജില്‍ എത്തിയതോടെയാണ് സുന്ദരിയാണ് എന്നു മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുന്നത്. ആളുകള്‍ കളിയാക്കുന്നതായാണ് ആദ്യമെല്ലാം തോന്നിയത്. കണ്ണാടിയില്‍ പോയി നോക്കും. എന്തു കണ്ടിട്ടാണ് സുന്ദരിയെന്നു പറയുന്നതെന്ന് നോക്കും. ഫോട്ടോഫിഗറാണ് എന്നൊക്കെ കൂട്ടുകാര്‍ പറയുന്നത് ആത്മാര്‍ത്ഥമായാണെന്നു മനസിലായപ്പോഴാണ് ആത്മവിശ്വാസം ഉണ്ടായത്. കോളജ് സമയത്താണ് വിഷ്ണു പരമേശ്വരന്‍ 'ട്രൈബല്‍ ക്വീന്‍' എന്ന ആശയത്തോടെ ഒരു ഫോട്ടോ ഷൂട്ടിലേയ്ക്ക് തെരഞ്ഞെടുത്തത്്. അതായിരുന്നു ആദ്യത്തേത്. 

 

സിനിമയിലും ഫോട്ടോ ഷൂട്ടുകളിലും മേക്കപ്പ് ചെയ്ത പ്രഫഷനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെല്ലാവരും നിമിഷയോട് ആവര്‍ത്തിച്ചു പറഞ്ഞത്, സ്‌കിന്നിന്റഎ സ്വഭാവം പോകുന്ന യാതൊന്നും ഉപയോഗിക്കരുത് എന്നാണ്. കറുത്തിരിക്കുന്നു എന്നു പറഞ്ഞ് കുഞ്ഞുന്നാളില്‍ അമ്മയടക്കം പലതും അരച്ച് പുരട്ടി വെളുപ്പിക്കാന്‍ നോക്കിയതൊക്കെ നിമിഷ ഇപ്പോള്‍ ഓര്‍ക്കുന്നു. പലതരം ഫേസ് ക്രീമുകള്‍ ഉപയോഗിച്ച് നിറം മാറ്റാന്‍ ശ്രമിച്ചതും. നിമിഷയുടെ നിറം, അവള്‍ക്ക് വലിയ അവസരങ്ങള്‍ നേടി നല്‍കുകയാണിന്ന്. 'സ്‌കിന്‍ ടോണിന്റെ അപകര്‍ഷതയില്‍ മാറി നില്‍ക്കുന്ന ഒത്തിരിപ്പേരുണ്ട്. എന്നെക്കാള്‍ ഭംഗിയുള്ളവര്‍. ആ സുന്ദരികളെല്ലാം മലയാള സിനിമയിലേയ്ക്കും മോഡലിങ്ങിലേയ്ക്കും വൈകാതെ എത്തും.'- നിമിഷ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com