ADVERTISEMENT

സ്മിതയെ ഞാൻ കാണുന്നതു മരിക്കുന്നതിനു നാലോ അഞ്ചോ വർഷം മുൻപാണ്. കോടമ്പാക്കത്തു നേരിൽപോയി കാണാമെന്ന ധൈര്യത്തിലാണു പോയത്. പക്ഷെ നാലയലത്തുപോലും അടുക്കാനാകില്ലെന്നു എത്തിയപ്പോൾ മനസിലായി. സ്മിത താരങ്ങളുടെ താരമായിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തിൽ 4 വർഷം കൊണ്ടു 5 ഭാഷകളിലായി 200 സിനിമകളിൽ വരെ സ്മിത അഭിനയിച്ചിട്ടുണ്ട്. സ്മിതയില്ലാതെ സിനിമയില്ലെന്ന കാലമുണ്ടായിരുന്നു. സ്മിതയിലേക്കുള്ള ഏക വാതിൽ മലയാളിയായ നിർ‌മാതാവ് ഈരാളിയാണെന്നു മനസിലായി. ആദ്യ കൂടിക്കാഴ്ചയിൽ ഈരാളി പറഞ്ഞതു ‘നോക്കാം’ എന്നു മാത്രമാണ്.

 

ഈരാളിയുടെ അഥർവം എന്ന സിനിമ സ്മിതയ്ക്കു മാദകത്തിടമ്പ് എന്നതിലപ്പുറം നടി എന്ന വിലാസം നൽകിയ സിനിമകളിലൊന്നായിരുന്നു. അതുകൊണ്ടുതന്നെ സ്മിതയ്ക്ക് ഈരാളിയെ വലിയ ബഹുമാനവുമായിരുന്നു. ഈരാളിക്കു നിൽക്കാനും ഇരിക്കാനും സമയമില്ലാത്ത കാലമാണ്. ശ്രീനിവാസനടക്കമുള്ളവർ മിക്ക ദിവസവും ഈരാളിയുടെ വീട്ടിലോ ഗസ്റ്റ്ഹൗസിലോ ഉണ്ടാകും. മിക്ക ദിവസവും ഈരാളിയെ പോയി കാണും. അവസാനം ഈരാളിക്കു സഹതാപം തോന്നിയെന്നു തോന്നുന്നു. ‘നാളെ ഞാൻ പോയി കാണാം’ എന്നു പറഞ്ഞു. എന്നിട്ടും കാര്യം നടക്കുന്നില്ല.

 

ഒരു ശനിയാഴ്ച രാത്രി വീട്ടിലെത്തിപ്പോൾ ഈരാളി പറഞ്ഞു,‘താൻ എവിടെപോയി കിടക്കുകയാണ്. നാളെ ഉച്ചയ്ക്ക് ഇവിടെ വരണം. ഞാനും കൂടെവരാം.’ തികച്ചും അപ്രതീക്ഷിതമായ നീക്കം. പക്ഷെ ഈരാളി കൂടെ വന്നില്ല. കാറു വിട്ടുതന്നു. നാലു മണിക്കു ഈരാളിയുടെ കാറിൽ സ്മിതയുടെ വീട്ടിലെത്തി. കാറു കണ്ടതും വാതിൽ തുറന്നു. എന്നെ ഉപേക്ഷിച്ചു കാർ പോയി. സ്മിത വീട്ടിൽ ആരെയും കാണാറില്ല. സെറ്റുകളിൽ എട്ടോ പത്തോ മിനിറ്റു നീണ്ടു നിൽക്കുന്നതാണ് അഭിമുഖം. വിസിറ്റിങ് റൂമിൽ ഇരിക്കാൻ പറഞ്ഞു കാവൽക്കാരൻ പോയി. അര മണിക്കൂറിനു ശേഷം സ്മിത വന്നു. മുഖം കണ്ടാലറിയാം അതൃപ്തി. വന്ന ഉടനെ പറഞ്ഞു, ‘ഈരാളി സാർ പറഞ്ഞതുകൊണ്ടുമാത്രമാണു വീട്ടിൽ കയറ്റിയത്. എനിക്കിത് ഇഷ്ടമുള്ള കാര്യമല്ല. ’

 

കറുത്ത, വളരെ സാധാരണയായ ഒരു സ്ത്രീ. സിനിമയിൽ കാണുന്ന അഗ്നിപോലുള്ള ഭാവമോ രൂപമോ ഇല്ല. മുടിപോലും കെട്ടിവച്ചിട്ടില്ല. ‘20 മിനിറ്റു സമയം തരാം.’ കടുപ്പിച്ചു പറഞ്ഞു. പതുക്കെ സംസാരിച്ചു തുടങ്ങി. നന്നായി അഭിനയിച്ച സിനിമകളേയും സീനുകളേയും കുറിച്ചു ചോദിച്ചതോടെ മുഖത്തു ചിരി വിരിഞ്ഞു. ചായ കൊണ്ടുവരാൻ പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കെ ചായ പോര എന്നതുകൊണ്ടു മുറുക്കു കൊണ്ടുവന്നു. അപ്പോഴേക്കും സ്മിത നന്നായി ചിരിച്ചു തുടങ്ങിയിരുന്നു. ജീവിതത്തേക്കുറിച്ചു പതുക്കെ സംസാരിച്ചു തുടങ്ങി. ഇടയ്ക്കു ടേപ്പ് റെക്കാർഡർ ഓഫ് ചെയ്യാൻ പറഞ്ഞു. പഴയ കാല കഥകൾ പറഞ്ഞു.തന്നെ പറ്റിച്ചുപോയവരെക്കുറിച്ചു പറഞ്ഞു. ഇടയ്ക്കു കണ്ണു നിറച്ചു ഏറെ നേരം മിണ്ടാതിരുന്നു. സ്മിത വളർത്തുന്ന നായകൾ ഇടയ്ക്കിടെ മുറിയിൽ വന്നു.‘ഇവർ കാണിക്കുന്ന സ്നേഹംപോലും മനുഷ്യൻ കാണിക്കില്ല. ’ സ്മിത പറഞ്ഞു. 

 

ബ്രിട്ടീഷുകാരനായ ഒരു അധ്യാപകനെ വച്ചു രണ്ടു വർഷമായി സ്മിത ഇംഗ്ളീഷ് സംസാരിക്കാൻ പഠിക്കുന്നുണ്ടായിരുന്നു.വളരെ സ്ഫുടതയുള്ള സംസാരം. വളരെ ചെറിയ മനോഹരമായ വാക്കുകൾ. പറയുന്ന കാര്യത്തിൽ തികഞ്ഞ വ്യക്തത. അതിനു മുൻപൊരിക്കലും ഇതുപോലെ ആരോടും തുറന്നു സംസാരിച്ചില്ലെന്നു അവർ തന്നെ പറഞ്ഞു. വീണ്ടും ചായയും സ്നാക്സും വന്നു. 5 മണിയോടെ തുടങ്ങിയ സംസാരം രാത്രി എട്ടരവരെ നീണ്ടു. പോകാൻ ഇറങ്ങുമ്പോൾ ചേർത്തു പിടിച്ചു സന്തോഷം രേഖപ്പെടുത്തി. പോകാൻ കാറില്ലെന്നു മനസ്സിലായതോടെ ഡ്രൈവറെ വിളിച്ചു. ഷെഡിൽനിന്നു കാർ വന്നപ്പോൾ പുറകിലെ സീറ്റിൽ സ്മിതയുമുണ്ട്. കാറിൽവച്ചു ഒന്നും സംസാരിച്ചില്ല. കോടമ്പാക്കത്തെ ഹോട്ടലിൽ വിട്ടു സ്മിത തിരിച്ചുപോയി. വിളിക്കണമെന്നു പറഞ്ഞു.

 

ഒരു വർഷത്തിനു ശേഷമാണെന്നു തോന്നുന്നു പാലക്കാട്ടു വന്നപ്പോൾ കാണാൻ വേണ്ടി വിളിച്ചു. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാമെന്നു പറഞ്ഞു. ഇന്റർവ്യൂ വായിച്ചില്ലെങ്കിലും പലരും ഇപ്പോഴും അതേക്കുറിച്ചു പറയുന്നുവെന്നു പറഞ്ഞു.ചെന്നൈയിലേക്കു വീണ്ടും വരാൻ ക്ഷണിച്ചു. തൊട്ടടുത്ത ദിവസം തിരിച്ചു വിളിച്ചു. ചെന്നപ്പോൾ ഒരു ബ്രാൻഡഡ് ഷർട്ട് വാങ്ങിവച്ചതു തന്നു. കോയമ്പത്തൂരിലേക്ക് ആളെ വിട്ടു വാങ്ങിച്ചതാണ്. ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ടു മുറിയിലേക്കു പോയി.

 

തികച്ചും അപ്രതീക്ഷിതമായി മരണ വാർത്ത കേട്ടു. ഇത്രയും സൗമ്യതയോടെ അതിനുമുൻപ് ഒരു താരവും എന്നോടു പെരുമാറിയിട്ടില്ല. തികച്ചും അന്തസ്സോടെ തല ഉയർത്തിനിന്നു പ്രൗഡിയോടെയാണു സ്മിത സംസാരിച്ചതും പെരുമാറിയതും. അതുവരെ സിനിമയിൽ കണ്ട സ്ത്രീയെ ആയിരുന്നില്ല സ്മിത. എന്റെ മുന്നിലിരുന്നതു സ്മിതയെന്ന നടിയായിരുന്നില്ല. ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോയ സാധാരണ സ്ത്രീയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com