ADVERTISEMENT

സാധുവായ മനുഷ്യൻ, ആരോടും ഈർഷ്യയില്ലാതെ അനുകമ്പയോടെ പെരുമാറുന്ന പ്രകൃതക്കാരൻ – ഇതായിരുന്നു ഞാൻ അടുത്തുകണ്ട കിം കി ഡുക്. രണ്ടു വർഷം മുൻപ് കസഖ്സ്ഥാനിൽ വച്ച് അദ്ദേഹത്തിനൊപ്പം ഒരു മലനിരയിലേക്കു യാത്ര പോകാൻ കഴിഞ്ഞു. ഒരേ സീറ്റിലിരുന്നായിരുന്നു യാത്ര. ശാന്തസ്വഭാവിയായ താങ്കൾ സിനിമകളിൽ ഇത്രകണ്ടു വയലൻസ് കാണിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചു.

 

അദ്ദേഹം ഒരുനിമിഷം എന്നെ നോക്കി. ‘‘മനുഷ്യർ രണ്ടു തരക്കാരല്ലേ..? ശാന്തരും അശാന്തരും...നമ്മൾ കാണുന്ന ഭൂരിഭാഗം പേരും അശാന്തരാണ്. അശാന്തരായവരുടെ മനോവ്യാപാരങ്ങളാണു ഞാൻ ചിത്രീകരിക്കുന്നത്. അത്തരം മനസ്സുകൾ അതേപടി തുറന്നുകാട്ടുന്നതു കൊണ്ടാകാം എന്റെ സിനിമകളിൽ വയലൻസ് ഏറെയെന്നു പറയാൻ കാരണം’’.

 

കിം കി ഡുക്കിന്റെ എല്ലാ സിനിമകളിലും വയലൻസ് ഇല്ല. ദൃശ്യങ്ങൾ കൊണ്ടു കഥ പറയുന്നതാണു ശൈലി. ഫ്രെയിമുകളിൽ അസാധാരണ ദൃശ്യഭംഗിക്കൊപ്പം ‘സ്പിരിച്വാലിറ്റി’യും ദർശിക്കാനായിട്ടുണ്ട്.

 

kim-messege

കിമ്മിനെ ഞെട്ടിച്ച കേരളം

 

2013ലാണ് കിം കി ഡുക് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അതിഥിയായി എത്തുന്നത്. അദ്ദേഹം എത്തുന്നതു തന്നെ വലിയ വാർത്തയായിരുന്നു. കാണാനും അടുത്തുചെന്നു സിനിമയെപ്പറ്റി പറയാനും ഓട്ടോഗ്രാഫ് വാങ്ങാനും ഫൊട്ടോയെടുക്കാനുമായി ആളുകൾ വിമാനത്താവളത്തിൽ വച്ചു തന്നെ തിരക്കുകൂട്ടി.

 

സംഘാടകർ കിമ്മിനെ രഹസ്യമായി പാർപ്പിക്കാൻ തീരുമാനിച്ചു. എല്ലാ മാധ്യമങ്ങൾക്കും അദ്ദേഹത്തിന്റെ അഭിമുഖം പ്രത്യേകമായി എടുക്കണം. അതു കിമ്മിനു ശല്യമായാലോ എന്നു കരുതി പിറ്റേന്ന് ഒരു പത്രസമ്മേളനം ഏർപ്പാടു ചെയ്തു. പ്രത്യേക പൊലീസ് സെക്യൂരിറ്റിയിലാണ് താമസം.

kim-ki-duk-biju

 

പിറ്റേന്നു രാവിലെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കിം വഴുതക്കാട്ടെ സ്റ്റാർ ഹോട്ടലിൽനിന്നു പ്രഭാതസവാരിക്കിറങ്ങി. കലാഭവൻ തിയറ്റർ ഭാഗത്തേക്കായിരുന്നു നടപ്പ്. അവിടെ തിയറ്ററിനു മുന്നിൽ ഒരു കെഎസ്ആർടിസി ബസ് ആളെ കയറ്റാനായി നിർത്തിയിട്ടിരിക്കുന്നു. കിം കി ഡുക്കിനെ കണ്ട് ബസിനുള്ളിൽ നിന്ന് ആളുകൾ തല പുറത്തേക്കിട്ടു. ‘അതാ കിം പോകുന്നു..’ ഓടിത്തുടങ്ങിയ ബസ് ബല്ലടിച്ചു നിർത്തി. ആളുകൾ കിമ്മിനു ചുറ്റുംകൂടി. അദ്ദേഹം അമ്പരന്നു. കൊച്ചുവെളുപ്പാൻ കാലത്ത് തനിക്കു ചുറ്റും ആളുകൾ കൂടി തന്റെ സിനിമകളെപ്പറ്റി വാതോരാതെ പറയുകയാണ്! ആകെ ബഹളം. കിം കി ഡുക്കിന് ഇത് അസാധാരണ അനുഭവം.

 

മലയാളികളെപ്പോലെ തന്നെ സ്നേഹിക്കുന്ന സിനിമാ ആരാധകർ മറ്റൊരിടത്തുമില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു. കേരള ചലച്ചിത്രമേളയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ സീറ്റുകിട്ടാതെ നിലത്തിരുന്നും വാതിൽക്കൽ നിന്നുമൊക്കെ ആളുകൾ കാണുന്നത് തെല്ലൊരു അമ്പരപ്പോടെ അദ്ദേഹം നോക്കിനിന്ന ചിത്രം എന്റെ മനസ്സിലുണ്ട്. കിമ്മിനെ പ്രേക്ഷകർ പൊക്കിയെടുത്താണു പുറത്തുകൊണ്ടുവന്നത്. ‘ഐഎഫ്എഫ്കെ – ഈ വീടിന്റെ ഐശ്വര്യം’ എന്നൊരു ബോർഡ് കിം കി ഡുക്കിന്റെ വീടിന്റെ പൂമുഖത്തു വച്ചിട്ടുണ്ടെന്ന് ഒരു തമാശ അന്നു രൂപപ്പെട്ടു. ഞാനത് അദ്ദേഹവുമായി പങ്കിട്ടു. അതുകേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. ‘താങ്ക് യു കേരള’ ചിരിക്കുശേഷം കിം പറഞ്ഞു.

 

സ്പ്രിങ് സമ്മർ, ദ് ബോ, ത്രീ അയൺ, ടൈം, ബ്രെത് ഡ്രീം തുടങ്ങിയ സിനിമകൾ കണ്ടാണ് ഞാൻ കിം സിനിമകളോടടുക്കുന്നത്. തനിക്ക് സിനിമയെപ്പറ്റി അക്കാദമിക് അറിവുകളില്ലെന്നു കിം പറഞ്ഞിട്ടുണ്ട്. ശരിയാണ്, തെരുവിൽനിന്നു സിനിമ പഠിച്ചയാളാണ് ഈ മനുഷ്യൻ. ആ സിനിമകൾ കണ്ടപ്പോൾ ഇതുപോലെ സിനിമ പിടിക്കണമെന്നു ഞാനും കരുതി. ഇറാനിയൻ സംവിധായകർക്കൊപ്പം കിമ്മും  എന്റെ മനസ്സിൽ ഇടംപിടിച്ചു.

 

ആദ്യം കണ്ടത് 

 

2012ൽ ഷാങ്ഹായ് ചലച്ചിത്രമേളയിൽ എന്റെ ‘ആകാശത്തിന്റെ നിറം’ മത്സരവിഭാഗത്തിലുണ്ട്. അന്നവിടെ കിം കി ഡുക്കും ഉണ്ട്. അദ്ദേഹത്തെ കാണാമല്ലോ എന്ന സന്തോഷത്തോടെയാണ് എത്തിയത്. കിം കി ഡുക്കിന്റെ ‘ആരിരംഗ്’ ആണ് അവിടെ പ്രദർശിപ്പിക്കുന്നത്. രണ്ടു വർഷം ആർക്കും പിടികൊടുക്കാതെ ഒരു മലമുകളിൽ അദ്ദേഹം അജ്ഞാതവാസത്തിലായിരുന്നു. ദിവസവും തന്റെ ജീവിതം സ്വയം ഷൂട്ട് ചെയ്യും. ഡോക്യുമെന്ററി സ്വഭാവമുള്ള ആ ചിത്രമാണ് ആരിരംഗ്.

 

അജ്ഞാതജീവിതം അവസാനിപ്പിച്ച് ഈ സിനിമയുമായാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ആദ്യം കാനിൽ പ്രദർശിപ്പിച്ച ഈ സിനിമ പുരസ്കാരം നേടി. തുടർന്നാണ് ഷാങ്ഹായിൽ എത്തിയത്. തുടക്കത്തിൽ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിനു മുന്നിലെത്തി. വലിയ ആൾക്കൂട്ടത്തിനു നടുവിലാണ് അദ്ദേഹം. ആളുകളെ വകഞ്ഞുമാറ്റി തള്ളിക്കയറി അടുത്തുചെന്നു.

 

‘ഐ ആം ഫ്രം കേരള’ എന്നു പറഞ്ഞു പരിചയപ്പെടുത്തി. കിമ്മിന് ഇംഗ്ലിഷ് വശമില്ല. കൂടെയുള്ള ദ്വിഭാഷി എന്നോടു കാര്യങ്ങൾ തിരക്കി. ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ താൽപര്യമായി. ഇന്ത്യൻ സിനിമകൾ ഇഷ്ടമാണ്. പക്ഷേ, ഇന്ത്യയിൽ വന്നിട്ടില്ല.  കേരള രാജ്യാന്തര ചലച്ചിത്രമേളയെപ്പറ്റി അറിഞ്ഞപ്പോൾ താൽപര്യമായി. ആരിരംഗ് കാണാൻ എന്നെ ക്ഷണിച്ചു. കിം കി ഡുക്കിന്റെ അതിഥിയായി അദ്ദേഹത്തിനു തൊട്ടടുത്ത സീറ്റിലിരുന്നാണ് ഞാൻ ആ ചിത്രം കണ്ടത്. സിനിമകളുടെ തിരക്കില്ലാത്ത സമയം കേരളത്തിലെത്താമെന്ന് ഉറപ്പുനൽകിയാണ് അന്ന് അദ്ദേഹം യാത്ര പറഞ്ഞത്.

 

എങ്ങോ മറഞ്ഞ കിം

 

2013ൽ ഗോവ മേളയിൽ പങ്കെടുത്തതിനു പിന്നാലെയാണ് കിം തിരുവനന്തപുരത്തെത്തുന്നത്. ഒരു പ്രസിദ്ധീകരണത്തിനായി അദ്ദേഹത്തെ അഭിമുഖം ചെയ്യാമെന്ന് ഏറ്റിരുന്നു. അഭിമുഖം കഴിഞ്ഞപ്പോൾ എന്റെ ചിത്രത്തിൽ അഭിനയിക്കാമോ എന്നു ഞാൻ ചോദിച്ചു. ‘ഉറപ്പായും.. എപ്പോഴാണെന്നു പറഞ്ഞാൽ മതി’ ഇതായിരുന്നു മറുപടി. പിന്നീട് ‘കിം കി ഡുക് –സിനിമയും ജീവിതവും’ എന്നൊരു പുസ്തമെഴുതി കോപ്പി അദ്ദേഹത്തിനയച്ചു. തുടർന്നുള്ള വർഷം റഷ്യൻ ഫെസ്റ്റിവലിൽ വച്ചാണ് വീണ്ടും കാണുന്നത്. ഇവിടേക്ക് ഒരിക്കൽകൂടി വരാൻ താൽപര്യമുണ്ടെന്നു പറഞ്ഞു. 

 

2018ൽ കസഖ്സ്ഥാനിൽ അൽമാട്ടി ചലച്ചിത്രമേളയിൽ വച്ചാണ് ഒടുവിൽ കണ്ടത്. അന്നു പ്രളയത്തെത്തുടർന്നു കേരള രാജ്യാന്തര ചലച്ചിത്രമേള ഉപേക്ഷിച്ചിരിക്കുകയായിരുന്നു. പ്രളയം ദുഃഖകരമാണെങ്കിലും മേള മാറ്റിവയ്ക്കാൻ പാടില്ല എന്നായിരുന്നു കിമ്മിന്റെ വാക്കുകൾ. കൊറിയൻ ഭാഷയിലെഴുതിയ ഒരു സന്ദേശം ചലച്ചിത്ര അക്കാദമി ഭാരവാഹികൾക്കു നൽകാനായി കിം ഏൽപിച്ചു. ‘ചലച്ചിത്രമേള ഉപേക്ഷിക്കരുത്. കല മനുഷ്യരുടെ മുറിവുകൾ ഉണക്കും’ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

 

കോവിഡ്കാലത്ത് ബന്ധപ്പെടുമ്പോൾ അദ്ദേഹം ഹോങ്കോങ്ങിലാണ്. ‘ഐ ആം സേഫ്’എന്നായിരുന്നു അദ്ദേഹം അയച്ച മൊബൈൽ സന്ദേശം. ഏതു ലോകത്തേക്കാണോ കിം യാത്രയായത്, അവിടെയും അദ്ദേഹം സുരക്ഷിതനായി ഇരിക്കട്ടെ, അവിടെയുള്ളവരുടെയും മനസ്സുകൾ അനാവരണം ചെയ്യുന്ന സിനിമകൾ എടുക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com