ADVERTISEMENT

ഈ സങ്കടകാലത്ത് കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് വിജയ്‍യുടെ മാസ്റ്ററെന്ന് തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ്. മാസ്റ്റർ സിനിമയ്ക്ക് യാതൊരു നിബന്ധനകളുമില്ലെന്നും കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും ദിലീപ് പറഞ്ഞു.

 

‘അൻപത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദർശനത്തിന്റെ എണ്ണവും കുറവ്. ഒരു സ്ഥലത്ത് ഒരാൾ പട്ടിണി കിടക്കുക, മറ്റൊരാൾക്ക് സിനിമയുണ്ട്. അതല്ലല്ലോ ഇതൊരു ആഘോഷമാക്കുകയാണ്. ദൈവം അനുഗ്രഹിച്ച് ഈ സമയത്ത് എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളിൽ വരുന്നു. ഇത്രയും നാൾ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണ്.’–ദിലീപ് പറഞ്ഞു.

 

കഴിഞ്ഞ മാർച്ച് 11ന് ആണു കേരളത്തിലെ തിയറ്ററുകൾ അടച്ചത്. ഇന്നലെ, മറ്റൊരു 11–ാം തീയതി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെ തിയറ്ററുകൾ തുറക്കാൻ വഴിയൊരുങ്ങി. മാത്രമല്ല നിർമാതാക്കളും തിയറ്റർ സംഘടനയും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്കും കഴിഞ്ഞ ദിവസം പരിസമാപ്തിയായതായി നിർമാതാവ് സുരേഷ് കുമാർ വ്യക്തമാക്കി. 

 

25,000 പേർ

 

നേരിട്ടും അല്ലാതെയും സംസ്ഥാനത്തു ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്നത് ഏകദേശം 25,000 പേരാണ്. കോവിഡ്കാലത്ത് ഇവരിൽ ഭൂരിപക്ഷത്തിന്റെയും വരുമാനം നിലച്ചു. കേരളത്തിലെ 670 പ്രദർശന കേന്ദ്രങ്ങളിലായി ജോലിയെടുക്കുന്നത് ഏഴായിരത്തോളം പേർ. പലർക്കും ജോലി നഷ്ടമായി. ചലച്ചിത്ര മേഖല സജീവമാകുമ്പോൾ വെളിച്ചമാകുന്നത് ഇവരുടെയൊക്കെ ജീവിതങ്ങളിൽ കൂടിയാണ്. 

 

റിലീസ് മാലപ്പടക്കം 

 

85 സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഷൂട്ടിങ്ങും മറ്റുമായി പുരോഗമിക്കുന്നതു 35 സിനിമകൾ. മോഹൻലാലിന്റെ മരയ്ക്കാർ, മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവ വമ്പൻ ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ഇതിൽ മൂന്നെണ്ണമെങ്കിലും മാർച്ചിലെത്തും. പൃഥ്വിരാജിന്റെ കോൾഡ് കേസ്, കുഞ്ചാക്കോ ബോബന്റെ നായാട്ട്, ടൊവിനോയുടെ മിന്നൽ മുരളി, നിവിൻ പോളിയുടെ തുറമുഖം, ജയസൂര്യയുടെ സണ്ണി, വെള്ളം, മഞ്ജു വാരിയർ നിർമിച്ച ലളിതം സുന്ദരം എന്നിങ്ങനെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ നിര നീളുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com