ADVERTISEMENT

ഈ സത്യസന്ധതയ്ക്കു പൊന്നിനേക്കാൾ തിളക്കമുണ്ട്. സംവിധായകനും നടനുമായ നാദിർഷയ്ക്ക് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി തിരിച്ചേൽപിച്ച ടിടിഇ എം.മുരളീധരനെ റെയിൽവേ അധികൃതർ ആദരിച്ചു. സത്യസന്ധതയും ജോലിയോടുള്ള ആത്മാർഥതയും കണക്കിലെടുത്താണ് മുരളീധരനെ ആദരിച്ചത്. 

 

കണ്ണൂരിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോഴിക്കോട് വടകര, മേമുണ്ട സ്വദേശിയാണ്. ഇന്നലെ നടന്ന പ്രതിവാര ഡിവിഷൻ തല സുരക്ഷാ യോഗത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി മുരളീധരനു സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു. കഴിഞ്ഞ വ്യാഴം രാവിലെയായിരുന്നു ബാഗ് നഷ്ടപ്പെട്ട സംഭവം. യാത്രക്കാരന്റെ വിലപിടിച്ച വസ്തുക്കളടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന വിവരം ടിടിഐ മുരളീധരനു ലഭിക്കുമ്പോൾ മലബാർ എക്സ്പ്രസ് കാസർകോട് സ്റ്റേഷൻ പിന്നിട്ടിരുന്നു. സമയം പാഴാക്കാതെ സീറ്റ് നമ്പർ തിരക്കി കോച്ചിൽ ഓടിയെത്തി പരിശോധിച്ചു. സീറ്റിനടിയിലെ ബാഗ് കണ്ടെത്തി. കുമ്പളയിൽ നിന്നു കയറിയ ആർപിഎഫ് ഉദ്യോഗസ്ഥർക്കു കൈമാറി. 

 

സംവിധായകനും നടനുമായ നാദിർഷായും കുടുംബവും മകളുടെ വിവാഹാവശ്യത്തിനായി കരുതിയ സ്വർണവും വസ്ത്രങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. മംഗളൂരുവിൽ വച്ച് ഇവരുടെ ബന്ധുവിനു ബാഗ് കൈമാറി. അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ–1 ആർ.രഘുരാമൻ, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ–2 സി.ടി.സക്കീർ ഹുസൈനൻ, സീനിയർ ഡിവിഷനൽ കൊമേഴ്സൽ മാനേജർ ജെറിൻ ജി.ആനന്ദ്, സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ സി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com