‘ബിട്ടു’; നിശ്ശബ്ദ പാഠങ്ങൾ

bittu-movie
SHARE

ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്ന് ജല്ലിക്കെട്ട് പുറത്തായെങ്കിലും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇപ്പോൾ ആശ്വാസം പകരുന്നത് ‘ബിട്ടു’ എന്ന ഷോർട് ഫിലിമാണ്. മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് കരിഷ്മ ദേവ് ഡ്യൂബെ സംവിധാനം ചെയ്ത ബിട്ടു ഇടം നേടിയിരിക്കുന്നത്. 174 ചിത്രങ്ങളോട് പൊരുതിയാണ് അന്തിമ പട്ടികയിൽ ബിട്ടു ഇടം നേടിയത്. ബിട്ടു എന്ന പെൺകുട്ടിയുടെയും അവളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തവുമാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും സമൂഹം നിർബന്ധമായും ചർച്ച ചെയ്യേണ്ട പല വിഷയങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. സൗഹൃദം, അനുഭവങ്ങൾ, വിശ്വാസം, ബന്ധങ്ങൾ‌, വ്യക്തിത്വ വികസനം തുടങ്ങി ഒട്ടേറെ പ്രമേയങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

∙ ബിട്ടുവിന്റെ സ്വന്തം ചാന്ദ്

ഹിമാലയൻ താഴ്‌വരയിലുള്ള ഒരു ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയാണ് ബിട്ടു. പഠനത്തിൽ അൽപം പിന്നോട്ടാണെങ്കിലും പാട്ടിലും നൃത്തത്തിലുമെല്ലാം മിടുമിടുക്കി. ആരെയും ത്രസിപ്പിക്കുന്ന വ്യക്തിത്വത്തിനുടമ. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന പെൺകുട്ടി. പറന്നുനടക്കാൻ ഇഷ്ടപ്പെടുന്ന ബിട്ടുവിന് ക്ലാസ്മുറി ഒരുക്കുന്ന ചട്ടക്കൂടുകളോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. അവളെ മനസ്സിലാക്കുന്നതും നിഴൽ പോലെ കൂടെ നിൽക്കുന്നതും ചാന്ദാണ്. ബിട്ടുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരി. എന്നാൽ അന്നേദിവസം, ചാന്ദുമായി വഴക്കുണ്ടാക്കുന്ന ബിട്ടുവിനെ പ്രിൻസിപ്പൽ ഉച്ചഭക്ഷണം നൽകാതെ ശിക്ഷിക്കുന്നു. ആ ശിക്ഷ ബിട്ടുവിന്റെ ജീവൻ രക്ഷിച്ചുവെങ്കിലും തന്റെ പ്രിയപ്പെട്ടവരെ അവൾക്ക് നഷ്ടമാകുന്നു. റാണികുമാരിയാണ് ചിത്രത്തിൽ ബിട്ടുവായി അഭിനയിച്ചിരിക്കുന്നത്.

∙ നിശ്ശബ്ദ പാഠങ്ങൾ

2013ൽ ബിഹാറിലെ സ്കൂളിൽ നടന്ന ഭക്ഷ്യവിഷ ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ബിട്ടു ചർച്ച ചെയ്യുന്ന ‌വിഷയങ്ങൾ ഒട്ടേറെയാണ്. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലെ സ്കൂളുകളുടെ അടിസ്ഥാന വികസനം, മാറേണ്ട പാഠ്യരീതി എന്നിവയാണ് ഇതിൽ പ്രധാനം. ഇന്ത്യയിലെ സ്കൂളുകളിൽ ഇംഗ്ലിഷ് ഭാഷയോട് കാണിക്കുന്ന അമിത വിധേയത്വവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ‘നല്ല കുട്ടികൾ എങ്ങനെയുള്ളവരാകണം’ എന്ന അധ്യാപകന്റെ ചോദ്യത്തിന് ചുണ്ട് വിരൽ ചുണ്ടിൽ അമർത്തി പുഞ്ചിരിയോടെ കുട്ടികൾ നിൽക്കുന്ന രംഗം ചിത്രത്തിൽ പലവട്ടം ആവർത്തിക്കുന്നണ്ട്. ഈ നിശ്ശബ്ദതയാണ് സംവിധായിക ബിട്ടുവിലൂടെ ചോദ്യം ചെയ്യുന്നത്. സമൂഹത്തിൽ നടക്കുന്ന പല അനീതിക്ക് എതിരെയും നിശ്ശബ്ദത പാലിക്കണമെന്ന പാഠം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചുവെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന്റെ അവസാനം ഈ ‘നിശ്ശബ്ദതയ്ക്ക്’ ഭീകരമായ മറ്റൊരു അർഥം കൈവരിക്കുന്നത് സങ്കടത്തോടെ നോക്കി നിൽക്കാനേ പ്രേക്ഷകന് സാധിക്കുകയുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA