ഞാനൊരു സീറ്റുമോഹിയല്ല, കത്തിനെക്കുറിച്ച് അറിയില്ല: ധര്‍മ്മജന്‍

dharmajan-3
SHARE

തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.

‘മണ്ഡലത്തിലെ രണ്ട് പേരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചെങ്കിൽ ഞാൻ ഈ സ്ഥാനത്തേയ്ക്ക് വരില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഞാൻ നിൽക്കൂ. അതിൽ ആർക്കെങ്കിലും മറിച്ചൊരു തീരുമാനമുണ്ടെങ്കിൽ അതിൽ യാതൊരു എതിർപ്പുമില്ല. സ്ഥാനാർഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ ഞാൻ ഉണ്ടാകും. ഞാനൊരു സീറ്റ് മോഹിയില്ല, നിങ്ങള്‍ അങ്ങനെ എന്നെ കാണേണ്ട.’–ധർമ്മജൻ വ്യക്തമാക്കി.

‘ഞാന്‍ എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. ഇവരാരും ഇത്തരം കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറായി നിൽക്കുകയാണ്.’–ധര്‍മ്മജൻ പറയുന്നു.

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നൽകിയിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ധർമ്മജനെ മത്സരിപ്പിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസ് ചർച്ചയാകുമെന്നും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്.

ധര്‍മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് പാർട്ടിയോടുള്ള ആഭിമുഖ്യം പലപ്പോഴും പരസ്യമാക്കിയിട്ടുള്ള നടനാണ് ധർമജൻ.   തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA