ADVERTISEMENT

സൈബർ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള വാർത്തകൾ എന്നും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് നമ്മൾ. നമ്മിൽ പലരും അതിനിരയായിട്ടുമുണ്ടാകാം. എന്നാൽ എന്തൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നതെന്നോ ഇതിന്റെ വ്യാപനവും അപകടസാധ്യതകളും എത്രയെന്നോ ഇപ്പോഴും ഭൂരിപക്ഷത്തിനും കാര്യമായ ധാരണയില്ല. അതുകൊണ്ട തന്നെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ പകച്ചു പോകുന്നു. ഓപ്പറേഷൻ ജാവ എന്ന ചിത്രം അടയാളപ്പെടുത്തുന്നത് ഇത്തരം ചില സംഗതികളെയാണ്‌. സൈബർ ക്രൈമുകളുടെ കറുത്ത ലോകത്തെ തുറന്നുകാട്ടുന്ന ഓപ്പറേഷൻ ജാവ തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം ഉണർത്തുന്ന, ത്രില്ലിങ്ങായ ആയ ഒരു യാത്രയാണ്.

 

നമ്മുട നിത്യജീവിതത്തിലെ പല അലംഭാവങ്ങളും കുറ്റവാളികൾക്ക് എങ്ങനെ വഴിയൊരുക്കുന്നെന്ന് ഈ സിനിമ പറഞ്ഞുതരുന്നു. നമ്മുടെ ചെറിയ അശ്രദ്ധകൾ, കാര്യങ്ങളെ നിസ്സാരവത്കരിച്ചു കാണുന്നത്, സ്വകാര്യതയ്ക്കു പ്രാധാന്യം നൽകാത്തത്, അറിയാത്ത കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാത്തത് തുടങ്ങിയ ചെറിയ വീഴ്ചകൾ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുന്നതെങ്ങനെയെന്ന്, യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ഈ ചിത്രം തുറന്നു കാട്ടുന്നു. 

 

പലപ്പോഴും പൊലീസുകാർ ജോലിയുടെ ഭാഗമായി നമ്മെ തടഞ്ഞു നിർത്തി പരിശോധിക്കുമ്പോൾ, ചിലരെങ്കിലും ‘ഇവർക്കു വേറേ പണിയൊന്നുമില്ലേ?’ എന്നെല്ലാം കമന്റ് പറയാറുണ്ട്. ‘പണി’ കിട്ടുമ്പോൾ മാത്രമാണ് പലർക്കും പൊലീസിന്റെ വില മനസ്സിലാകുന്നത്. ഇത്തരം ഉദ്യോഗസ്ഥർ രാപകലില്ലാതെ കഷ്ടപ്പെടുന്നതു കൊണ്ടാണ് നമുക്കു പലപ്പോഴും ‘പണി’ കിട്ടാത്തത്‌ എന്നോർക്കണം. ജോലിയുടെ ഭാഗമായി പൊലീസുകാർക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവരുടെ അതിജീവനത്തിന്റെ നേർക്കാഴ്ചകളും ഈ ചിത്രത്തിലുണ്ട്.

 

എത്രയോ കൗമാരക്കാരെയാണ് സൈബർ ക്രൈമുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളുമായി ക്ലിനിക്കിൽ കാണേണ്ടി വന്നിട്ടുള്ളത്‌. മിഠായി വാങ്ങാൻ അച്ഛനമ്മമാരുടെ കയ്യിൽനിന്ന് ഒരു രൂപ തുട്ടെടുത്തിരുന്ന കാലം പോയി. ഓൺലൈൻ ഗെയിം കളിക്കാൻ വൻതുക എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ച കുട്ടി എട്ടാം ക്ലാസ്സിലായതേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കാർ പാർക്ക് ചെയ്യുന്നതിന് അസൗകര്യം ഉണ്ടായപ്പോൾ കാർഡിന്റെ പിൻനമ്പർ അമ്മ പറഞ്ഞു കൊടുത്തതാണ് കുട്ടി ദുരുപയോഗം ചെയ്തത്.

മറ്റൊരു പത്താം ക്ലാസ്സുകാരി ചെയ്തത് ഫോണിൽ സേവ് ചെയ്‌തിരുന്ന കാർഡ് നമ്പർ ഉപയോഗിച്ച്, കാമുകനായ പതിനെട്ടുകാരനു നിരന്തരം പൈസ അയയ്ക്കുകയായിരുന്നു. അച്ഛൻ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് പ്രശ്നം സ്വന്തം വീട്ടിൽത്തന്നെയായിരുന്നു എന്നതു പുറത്തായത്. 

 

ഓൺലൈൻ ഗെയിം കളിക്കുന്ന കുട്ടികൾ ദിനംപ്രതി വർധിച്ചു വരികയാണ്. അവർക്കു ഓരോ ലെവൽ മുന്നേറ്റത്തിനും പണം കൊടുത്തു വാങ്ങാവുന്ന കൂപ്പണുകൾ ലഭ്യമാണ്. ഗെയിമിന്റെ ഹരം പിടിച്ച കുട്ടികൾ ഇത്തരം പ്രലോഭനങ്ങളിൽ എളുപ്പം വീഴും. ഇപ്പോൾ പലതരം പേയ്‌മെന്റ് ഗേറ്റ് വേകളും മാതാപിതാക്കളുടെ മൊബൈലിൽ സേവ് ചെയ്യപ്പെട്ടിരിക്കും.  അതുപയോഗിച്ചുള്ള ക്രയവിക്രയം എളുപ്പമാണ്. അഞ്ചു നിമിഷം പോലും ആവശ്യമില്ലാത്ത ഇത്തരം സംവിധാനം ദുരുപയോഗം ചെയ്യുന്ന കുട്ടികൾ പലരുണ്ട്. ചെറിയ അളവിൽ പല തവണയായാണ് പണം പോകുന്നത്. അതിനാൽ മാതാപിതാക്കൾ അറിയുമ്പോൾ മിക്കപ്പോഴും വൈകിപ്പോകാറുണ്ട്. ഇത് ഒരുതരം ആസക്തിയായതിനാൽ വലിയ കുറ്റകൃത്യങ്ങളിലേക്കു പോകാൻ സാധ്യതയുമുണ്ട്.

 

പ്രണയം നടിച്ച് ഓൺലൈനിൽ പെൺകുട്ടികളിൽനിന്ന് പണം തട്ടുന്നവരും ഹണി ട്രാപ്പിലൂടെ പുരുഷന്മാരെ കുടുക്കുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ല. പല കുറ്റവാളികളും കൗമാരക്കാരെ സൈബർ മാധ്യമങ്ങളിലൂടെയാണ് ബ്രെയിൻ വാഷ് ചെയ്തു കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. താൽക്കാലിക സന്തോഷം മാത്രം നോക്കുന്ന, റിസ്ക് എടുക്കാനുള്ള പ്രവണതയും എടുത്തു ചാട്ടം നിറഞ്ഞ പ്രകൃതവും കൗമാരപ്രായത്തിന്റെ സവിശേഷത ആണ്.  ഈ സാധ്യതയാണ് അവരെ ചൂഷണത്തിനിരയാക്കുന്നത്. 

 

ഇന്ന് സ്വകാര്യതയ്ക്കു പ്രാധാന്യം നൽകാത്തവരും സ്വന്തം സുരക്ഷ നോക്കാതെ പ്രണയത്തിന്റെ പേരിൽ നഗ്നചിത്രങ്ങളും മറ്റും കൈമാറുന്നവരും ഭീഷണികൾക്ക് ഇരയാകുന്നുണ്ട്. അതിനാൽ സൈബർ ലോകത്തിന്റെ ഭീകരത വെളിവാക്കുന്ന ഈ ചിത്രം തീർച്ചയായും കാണേണ്ടതു തന്നെ !! 

 

സാമൂഹിക പ്രതിബദ്ധതയും വിനോദവും ഒരേ സമയം സിനിമയിൽ കൈകാര്യം ചെയ്യുക എളുപ്പമല്ല.  ആ വെല്ലുവിളിയാണ് തരുൺ മൂർത്തി എന്ന സംവിധായകൻ ഏറ്റെടുത്തു വിജയിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com