ADVERTISEMENT

മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമായ ‘ചതുര്‍മുഖ’ത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയതിനു പിന്നാലെ എന്താണ് ടെക്നോ ഹൊറര്‍ എന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

chaturmukham

 

chaturmukham2

ഫിക്‌ഷന്‍ ഹൊററിന്‍റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. ഭയത്തിന്‍റെ മുഖ്യകാരണം ആധുനികശാസ്ത്രവും ടെക്നോളജിയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ഈ ജോണറില്‍ വരുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് ഫിലിം മേക്കേര്‍സാണ് ഈ ജോണറിലെ സിനിമകള്‍ എടുത്തിട്ടുള്ളത്. പതിവു ഹൊറര്‍  സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.

chaturmukham-221

 

manju-sunny

മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളജിൽ ഒന്നിച്ചുണ്ടായിരുന്ന തേജസ്വിനിയും ആന്‍റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്‍റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളജ് അധ്യാപകനായ ക്ലെമെന്‍റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണസാഹചര്യവും അതിന്‍റെ തുടര്‍ച്ചയായ് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്..  

 

ഈ മൂന്നു മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. അതൊരു രൂപമാകാം വസ്തുവാകാം വ്യക്തിയാവാം. പേരിലെ നിഗൂഢത സിനിമയിലെ പ്രേതത്തിന്‍റെ കാര്യത്തിലും ഉണ്ട്. ചതുര്‍മുഖത്തിലെ ‘വില്ലന്‍’ അഥവാ ‘പ്രേതം’ ആരാണെന്ന കാര്യവും ഇതു വരെ വെളിവാക്കപ്പെട്ടിട്ടില്ല. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിരയുള്ള ചിത്രത്തില്‍  അതാരുമാകാം. സിനിമ ഇറങ്ങുന്ന വരെ എല്ലാമൊരു സസ്‍പെന്‍സ് ആയി ഇരിക്കട്ടെ എന്നാണ് അണിയറക്കാര്‍ പറയുന്നത്. 

 

അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിർമിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്‌ഷന്‍ സീക്വന്‍സുകളാണ്. 

 

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ്  സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്‌ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു...സു...സുധി വാല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com