ADVERTISEMENT

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും. പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും. 67–ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ചിത്രമുൾപ്പടെ മൂന്ന് അവാർഡുകളാണ് മരക്കാർ വാരിക്കൂട്ടിയത്. വിഎഫ്എക്സിനുള്ള പുരസ്കാരം സ്വന്തമാക്കിയ സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹൻലാൽ അഭിനന്ദിച്ചു.

‘ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കാണ് മരക്കാറിന് പുരസ്കാരം. ഈ നേട്ടത്തിനു കാരണക്കാരൻ ആന്റണിയാണ്. ഇങ്ങനെയൊരു ചിത്രമെടുക്കാൻ ധൈര്യം കാണിക്കുക, അതിനു കൂടെ നിൽക്കുക എന്നത് വലിയൊരു കാര്യമാണ്. വളരെ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് ഈ സിനിമ കടന്നുപോയിരുന്നത്. ഒരു വർഷത്തിൽ കൂടുതലായി ഞങ്ങൾ ആ ചിത്രം ഹോൾഡ് ചെയ്യുന്നു. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനിരുന്നതാണ്. ഈശ്വരകടാക്ഷത്താൽ അത് ചെയ്യാനാകുമെന്ന് ഞങ്ങൾ പ്രാർഥിക്കുന്നു.

മരക്കാർ സിനിമയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

‘മരക്കാർ സിനിമ ഞാൻ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടമാണ്. എല്ലാ ജോലികളും പൂർത്തിയാക്കി ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഈ സിനിമയുടെ ചെറിയ ഭാഗമെങ്കിലും പുറത്തു വന്നാൽ എല്ലാ സസ്പെൻസും നഷ്ടപ്പെടും. ഞാൻ മാത്രമല്ല ആന്റണിയും കണ്ടിട്ടില്ല, മേയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡബ്ബ് ചെയ്തപ്പോൾ ചില ഭാഗങ്ങൾ കണ്ടിരുന്നു. എന്നാൽ ഫൈനൽ ഔട്ടിൽ ഇതൊന്നുമല്ല ആ ചിത്രം. നിങ്ങളെപ്പോലെ ഈ ചിത്രം കാണാൻ ഞാനും ആഗ്രഹിച്ചിരിക്കുകയാണ്.’

മരക്കാർ നേട്ടം കൊയ്തെങ്കിലും മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാതിരുന്നതില്‍ കുറച്ച് നിരാശയുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യം 3 ഉണ്ടാകുമെന്നും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ആന്റണി പെരുമ്പാവൂർ: ‘പറഞ്ഞാൽ തീരാത്ത സന്തോഷത്തിലാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. മോഹൻലാൽ സാറിന്റെയും പ്രിയദർശന്‍ സാറിന്റെയും സ്വപ്നമായിരുന്നു കുഞ്ഞാലിമരക്കാർ. ആ സ്വപ്നത്തിന്റെ കൂടെ നിൽക്കുക എന്ന ജോലി മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ആദ്യമായി, ഇതുപോലൊരു അംഗീകാരം ലഭിച്ചതിൽ മോഹൻലാൽ സാറിനു നന്ദി പറയുന്നു. മോഹൻലാൽ സാറിനും അംഗീകാരം ലഭിക്കണമെന്ന് മനസ്സിന്റെ ഉള്ളിൽ പ്രാർഥിച്ചിരുന്നു. ഈ നേട്ടം എല്ലാവരുടെയും പ്രയത്നം കൊണ്ട് കിട്ടിയ അംഗീകാരമാണ്. എനിക്കു ലഭിച്ച ഈ അംഗീകാരം ഞാൻ മോഹൻലാൽ സാറിനു സമർപ്പിക്കുന്നു. ഇത്രയും വലിയൊരു ബിഗ് ബജറ്റ് ചിത്രമെന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. ഇനി പ്രേക്ഷകരുടെ അംഗീകാരത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com