ADVERTISEMENT

കടയ്ക്കൽ ചന്ദ്രൻ കേരള മുഖ്യമന്ത്രിയായി 26ന് അധികാരമേൽക്കുകയാണ്. മലയാള സിനിമയിലെ ശക്തനായ മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ് മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്നത്. സഞ്ജയ്–ബോബി ടീമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സമാലിക രാഷ്ട്രീയമാണു ചർച്ച ചെയ്യുന്നത്.

 

മലയാളത്തിൽ ഇറങ്ങിയ രാഷ്ട്രീയ സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഈ സിനിമകളിലെല്ലാം മുഖ്യമന്ത്രിമാരുടെ റോളും ചർച്ചയായിട്ടുണ്ട്. മമ്മൂട്ടി തന്നെ നായകനായ ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിൽ ശക്തനായൊരു മുഖ്യമന്ത്രിയുണ്ട്. കെജിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെ.ജി.രാമചന്ദ്രൻ എന്ന മുഖ്യമന്ത്രിയെ അവതരിപ്പിച്ചത് സുകുമാരൻ ആയിരുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ഒരുസംഘം തയാറാകുമ്പോൾ അവരുടെ ഗൂഢാലോചന തകർക്കാൻ എത്തുന്ന പെരുമാൾ എന്ന പൊലീസുകാരൻ ആയിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. സിബിമലയിൽ സംവിധാനം ചെയ്ത ചിത്രത്തിനു തിരക്കഥയെഴുതിയത് എസ്.എൻ.സ്വാമിയായിരുന്നു. ദ് ഡെ ഓഫ് ദ് ജാക്കൽ എന്ന  ഹോളിവുഡ് ചിത്രത്തിന്റെ കഥയായിരുന്നു ഓഗസ്റ്റ് ഒന്നിന് അവലംബമായത്. 

 

കെ.മധു സംവിധാനം ചെയ്ത ജനാധിപത്യം എന്ന പൊളിട്ടിക്കൽ ക്രൈം സിനിമയിൽ നായകനായ സുരേഷ്ഗോപി തന്നെയാണു മുഖ്യമന്ത്രിയുടെ വേഷം ചെയ്തത്. ആർ.ഡി.നായനാർ എന്നായിരുന്നു സുരേഷ്ഗോപി അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ പേര്. എ.കെ.സാജൻ–എ.കെ.സന്തോഷ് ടീമിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. 

 

കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ.നായനാർ, കെ.കരുണാകരൻ, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി എന്നിവരെയൊക്കെ പലതാരങ്ങളും സിനിമയിൽ അനുകരിച്ചിട്ടുണ്ട്. ഇതിൽ ജനാർദനൻ ആണ് കൂടുതല്‍ തവണ മുഖ്യമന്ത്രി വേഷം ചെയ്തത്. ഷാജി കൈലാസ്– രഞ്ജി പണിക്കർ ടീമിന്റെ രാഷ്ട്രീയ സിനിമകളിലായിരുന്നു ജനാർദനൻ  ഇവരെയൊക്കെ അനുകരിച്ച് മുഖ്യമന്ത്രി വേഷം ചെയ്തത്. എഫ്ഐആറിൽ ഇ.കെ.നായനാരെയും തലസ്ഥാനത്തിൽ കെ.കരുണാകരനെയും അദ്ദേഹം അനുകരിച്ചു കൈയ്യടി നേടി.

 

മോഹൻലാലിനെ നായകനാക്കി  തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിലും ശക്തനായൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു. ബാലൻ കെ.നായർ അവതരിപ്പിച്ച മുഖ്യമന്ത്രി എം.എസ്.നായർ. മഹേന്ദ്ര വർമ എന്ന മന്ത്രിയുടെ വേഷമായിരുന്നു മോഹൻലാലിന്. ഡെന്നീസ് ജോസഫ് ആയിരുന്നു കഥയും തിരക്കഥയും എഴുതിയത്.

 

മോഹൻലാൽ നായകനായ ലൂസിഫറിലെ മുഖ്യമന്ത്രി പി.കെ.രാംദാസിനെ അവതരിപ്പിച്ചത് സച്ചിൻ ഖഡേക്കർ എന്ന ബോളിവുഡ് നടനായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com