ADVERTISEMENT

1995-ൽ സാക്ഷ്യം എന്ന സിനിമയിൽ പാവാടക്കാരിയായ സ്കൂൾ കുട്ടിയായി  ചലച്ചിത്ര ലോകത്തേക്ക് എത്തിയ  പ്രതിഭയാണ് പ്രിയതാരം മഞ്ജു വാരിയർ.  26 വർഷങ്ങൾക്കിപ്പുറവും മലയാളികളെ ആകർഷിച്ചുകൊണ്ട് അതേ പാവാടക്കാരിയായി നിൽക്കുകയാണ് മഞ്ജു.  ഇരുപത്തിയാറ് വർഷങ്ങൾക്കിടെ നടന്ന സ്തോഭജനകമായ ജീവിതസാഹചര്യങ്ങൾ മഞ്ജുവിന്റെ ശോഭയെ ഒട്ടും കെടുത്തിയിട്ടില്ല.  മകൾ വളർന്നു വലുതായി പാവാടപ്രായം മാറി കോളജ് കുമാരിയായിട്ടും മഞ്ജു മലയാളിക്കിന്നും പഴയ പാവാടക്കാരി തന്നെ. 

 

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിവാഹിതയായി മഞ്ജു കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.  കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ തിലകനെ പ്രലോഭിപ്പിച്ചു കൊല്ലുന്ന പ്രതികാര ദുർഗ്ഗയായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അന്ന് മഞ്ജു അഭിനയം നിർത്തിയത്.  ആ ചിത്രം ദേശീയ അവാർഡിന് തൊട്ടടുത്തുവരെ മഞ്ജുവിനെ കൊണ്ടെത്തിച്ചു.  വിവാഹത്തോടെ അഭിനയരംഗം വിടുകയാണെന്ന മഞ്ജുവിന്റെ പ്രഖ്യാപനം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. അന്നുമുതൽ, മഞ്ജു എന്ന് തിരികെയെത്തും എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. മഞ്ജുവിന്റെ അഭാവം മലയാളസിനിമയ്ക്കു നഷ്ടമാണെന്ന് തിലകൻ ഉൾപ്പെടെയുള്ള പല പ്രഗത്ഭ താരങ്ങളും പറഞ്ഞിരുന്നു.  

 

തിരിച്ചുവരവ് കാത്തിരുന്നവരെ ആഹ്ലാദിപ്പിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള മടക്കം. ഹൗ ഓൾഡ് ആർ യു ? എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു തിരിച്ചെത്തിയ മഞ്ജുവിനെ കാത്ത് അവസരങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയചാരുത പുറത്തെടുത്തുകൊണ്ടു മഞ്ജു ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുകയാണ്. ഇന്ന് മോഹൻലാലിനോടും മമ്മൂട്ടിയോടുമൊപ്പം മലയാളി ചേർത്തുവയ്ക്കുന്ന പേരാണ് മഞ്ജു വാരിയർ, ദ് ലേഡി സൂപ്പർ സ്റ്റാർ.   

 

പ്രായമേറുന്തോറും മഞ്ജുവിന്റെ സൗന്ദര്യം കൂടുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. നിഷ്കളങ്കമായ ചിരിയും കുലീനമായ പെരുമാറ്റവും കൊണ്ട് ആരാധകരുടെ പ്രിയ താരമായ മഞ്ജു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ്  വൈറലാകുന്നത്. ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന് സ്കർട്ടും ഷർട്ടുമണിഞ്ഞെത്തിയ മഞ്ജു വാരിയരുടെ ചിത്രമാണ് ഇപ്പോൾ ട്രെൻഡിങ്.  26 വർഷം മുൻപ് സാക്ഷ്യം എന്ന ചിത്രത്തിലഭിനയിച്ച അതേ പാവാടക്കാരി തന്നെയാണിത് എന്നാണ് ആരാധകരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com