ADVERTISEMENT

സിനിമാതാരം ടിനി ടോമിന്റേതായി  പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ നിജസ്ഥിതി വെളിപ്പെടുത്തി താരം. നിരന്തരം തനിക്ക് എതിരെ കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് അയാൾക്കെതിരെ പ്രതികരിക്കേണ്ടി വന്നതെന്ന് ടിനി ടോം മനോരമ ഓൺലൈനിനോടു പറഞ്ഞു.  ഇതുപോലുള്ള കമന്റുകൾ ദിവസേന വരാറുണ്ട് അതൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ താൻ കരുതാറുള്ളൂ എന്നും അദ്ദേഹം പറയുന്നു. ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടുന്നതായി ശ്രദ്ധയിൽപെട്ടതു കൊണ്ടാണ് നമ്പർ ചോദിച്ച് തിരികെ വിളിച്ച് സംസാരിച്ചതും എന്നും ടിനി ടോം വ്യക്തമാക്കി.

 

‘ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാൻ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല.  സ്ഥിരമായി കുത്തി മുറിവേൽപ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്.  ഞാൻ അയാളെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാൻ പറയുകയും ചെയ്തു.  ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാൻ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പിൽ പരിപാടി അവതരിപ്പിച്ച് വളർന്നുവന്ന ആൾ തന്നെയാണ്.  ഇവരൊക്കെ ചെയ്യുന്ന ജോലികൾ പോലെ ഞാൻ ചെയ്യുന്നതും ഒരു ജോലിയാണ്.’  

 

‘എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകർ എന്നെ വിളിച്ച് ഓരോ വേഷം ഏൽപ്പിക്കുന്നത്. ഇങ്ങനെയുള്ളവർ മോശം കമന്റ് ഇട്ടാൽ നശിച്ചു പോകുന്നതല്ല എന്റെ കഴിവ്, അത് ദൈവസിദ്ധമാണ്.  കുറെ നാളായി എനിക്കെതിരെ മനഃപൂർവം കളിക്കുന്ന ചിലരുണ്ട്.  ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇവർക്കൊക്കെ കിട്ടുന്ന സംതൃപ്തി എന്താണ്? മാത്രമല്ല നല്ല വിമർശനങ്ങളെ നല്ല രീതിയിൽ എടുക്കാറുമുണ്ട്.’ താരം പറയുന്നു. 

 

‘നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികൾ ആരും കാണാറില്ല.  മോശം ആക്കി കാണിക്കാനാണ് ആൾക്കാർ ഉള്ളത്. ഇപ്പോൾതന്നെ ഈ വ്യക്തിക്ക് ആ ഓഡിയോ റെക്കോർഡ് ചെയ്ത് ഇടേണ്ട ആവശ്യം ഉണ്ടായിരുന്നോ? അപ്പോൾ അത് അയാൾ മനഃപൂർവം ഉപദ്രവിക്കാൻ ചെയ്തതല്ലേ. നമ്മളെ സ്ഥിരമായി പ്രകോപിപ്പിച്ചിട്ട് ഇതുപോലെ വിളിക്കുമ്പോൾ ഓഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇടുന്നത്  നമ്മളെ മോശക്കാരൻ ആക്കാൻ തന്നെയല്ലേ?  ഇവർക്കൊക്കെ വേറെ പണിയില്ലേ?’

 

‘എന്റെ പേജ് വഴി ഞാൻ ഒരു പാവപ്പെട്ട സുഖമില്ലാത്ത ആൾക്ക് സഹായം അഭ്യർഥിക്കുകയും 12 മണിക്കൂർ കൊണ്ട് വളരെയധികം പണം അതിൽ വരികയും അയാൾക്ക് അത് ഉപകാരപ്പെടുകയും ചെയ്തു.  ഇതൊന്നും ഒരു സംഘടനയുടെയും പിൻബലത്തിൽ ചെയ്യുന്നതല്ല.  ഞാൻ വളരെ കാലമായി അയാൾക്ക്‌ സഹായം ചെയ്തു കൊണ്ടിരിക്കുകയാണ്.  അയാൾക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്.  ഇതുപോലെതന്നെ പലവിധ ചാരിറ്റി പ്രവർത്തനങ്ങളും ഞാൻ ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും ഇവർ ഒന്നും കാണുന്നില്ല.  ഞാൻ സെലിബ്രിറ്റി ആയത് കൊണ്ട് എന്നെ വിമർശിച്ചാൽ ഇവർക്ക് വിസിബിലിറ്റി കിട്ടും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.’  

 

‘ഇപ്പോൾതന്നെ ആ ഓഡിയോ ഇട്ടയാളുടെ പേര് പത്തുപേർ അറിഞ്ഞില്ലേ അതുതന്നെയാണ് ഇവരുടെ ആവശ്യം. സാധാരണക്കാരനായ ഒരാളെ വിമർശിച്ചാൽ ഇവരുടെ ആവശ്യം നടക്കില്ല അതുകൊണ്ടാണ് ഇവർ ഇങ്ങനെ സെലിബ്രിറ്റികളുടെ പുറകെ നടക്കുന്നത്.  സോഷ്യൽ മീഡിയ നല്ല കാര്യത്തിനും ചീത്ത കാര്യത്തിലും ഉപയോഗിക്കാം.  ഞാൻ നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.  ചിലർ പക്ഷേ ദുഷ്ടലാക്കോടെ പെരുമാറുന്നു.  ഇതിന്റെയൊന്നും പിറകെ നടക്കാൻ നമുക്ക് സമയമില്ല.. ഇവരൊക്കെ ഇങ്ങനെ ചെയ്തു എന്ന് കരുതി എനിക്ക് അവസരങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.  ഇപ്പോൾ തന്നെ വലിയ മൂന്ന് ഡയറക്ടറുടെ ചിത്രങ്ങൾ ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്.  ഇവരൊക്കെ എന്നെ തേടിവന്നത് കഴിവുകൊണ്ട് തന്നെയാണ്.’  

 

‘ഇങ്ങനെ നെഗറ്റീവ് ആയി ചെയ്തുകൊണ്ടിരിക്കുന്നവർ  സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളെ കൊല്ലാൻ നടക്കുന്നവരാണ്.  സലിംകുമാർ ചേട്ടനെ എത്രയോ പ്രാവശ്യം ഇവരൊക്കെ കൊന്നുകളഞ്ഞു.  അതുപോലെ ഓരോരുത്തരെയും എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നു.  നല്ലത് ചെയ്തു ജീവിക്കാൻ ശ്രമിക്കുന്നതിനു പകരം ഇവരൊക്കെ ഇങ്ങനെയാണ് ചെയ്യുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാൻ കൂടുതലൊന്നും പറയാനില്ല" ടിനി ടോം പറയുന്നു

 

മറ്റുള്ളവർക്കെതിരെ നെഗറ്റീവ് ആയി പ്രവർത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം അവർ ജീവിതത്തിൽ എവിടെയും എത്തിയിട്ടുണ്ടാകില്ല.  ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാൽ അറിയാം അവർക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല.  അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവർ നന്നായി ജീവിക്കുന്നവർക്ക് എതിരെ കാണിക്കുന്നത്.  അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകർക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്നും ടിനി ടോം പറഞ്ഞു.  ബാഡ് കമന്റ്സ് ഫ്ലഷ് ചെയ്യുന്ന പണി ഇനിയും തുടരുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com