ADVERTISEMENT

വിവാഹത്തിന്റെ 16–ാം വാർഷിക ദിനത്തിൽ പ്രിയതമയുമൊത്തുള്ള ചിത്രം പങ്കു വച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചോക്കോ ബോബൻ. ‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന കുറിപ്പും ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ചാക്കോച്ചൻ പോസ്റ്റ് ചെയ്തു. 

 

നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് ആശംസകൾ നേർന്ന് കമന്റുകൾ രേഖപ്പെടുത്തുന്നത്. നേരത്തെ മനോരമ ഒാൺലൈനിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ പ്രിയയെ കണ്ടു മുട്ടിയതിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനസ്സു തുറന്നിരുന്നു. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. 

 

ഞാൻ നക്ഷത്രത്താരാട്ട് എന്ന സിനിമ ചെയ്യുന്ന സമയം. തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുമ്പോൾ മാർ ഇവാനിയോസ് കോളജിൽ നിന്നുള്ള കുട്ടികൾ ഓട്ടോഗ്രാഫിനായി വന്നിട്ടുണ്ട് എന്ന് റിസപ്‌ഷനിൽ നിന്നു വിളിച്ചു പറഞ്ഞു. ഞാൻ താഴേക്ക് ചെന്നു. കുറച്ചു സുന്ദരികളായ പെൺകുട്ടികൾ അവിടെ ഇരിക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫ് നൽകി. ആ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ കണ്ണുകളിൽ മാത്രം കണ്ണ് പെട്ടെന്ന് ഉടക്കി. ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ഒരു സ്റ്റൈൽ ആയിരുന്നു പാമ്പിന്റെ പോലത്തെ ഒരു പൊട്ട്. പ്രിയ അങ്ങനെയൊരു പൊട്ടു കുത്തിയായിരുന്നു വന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പായിരുന്നു എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. അതായിരുന്നു തുടക്കം. ഗാന്ധിമതി ബാലൻ എന്ന പ്രൊഡ്യൂസറുടെ മകളും പ്രിയയും സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെ പുള്ളിക്കാരിക്ക് എന്റെ ഫോൺ നമ്പർ കിട്ടി. പ്രിയയുടെ വീട്ടുകാർക്ക് ഒരു സംശയമുണ്ടായിരുന്നു. ഞാനൊരു സിനിമാക്കാരനാണ്... കല്യാണം കഴിക്കുമെന്ന് പറഞ്ഞു പറ്റിക്കുമോ എന്നൊക്കെ. പുള്ളിക്കാരിയാണെങ്കിൽ ആ സമയത്ത്  പ്രീഡിഗ്രിക്ക് കേറിയിട്ടേ ഉള്ളൂ. കൊച്ചു കുട്ടിയാ! വേറെ ആരേയും പ്രേമിക്കാനുള്ള സമയം ഞാൻ കൊടുത്തില്ല. പ്രിയയ്ക്ക് എൻജിനീയറിങ് പഠിക്കണമായിരുന്നു. കാത്തിരിക്കാമോ എന്നു ചോദിച്ചു.

 

കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു. അങ്ങനെയാണ് കല്യാണം നടന്നത്. ആ സമയത്ത് ഞാൻ സിനിമയിലെ തന്നെ പലരെയും സ്നേഹിക്കുന്നുണ്ട് എന്നൊക്കെയായിരുന്നു ആളുകൾ ചിന്തിച്ചിരുന്നത്. ഇങ്ങനെയൊരു പ്രണയം ആരും അങ്ങനെ പ്രതീക്ഷിച്ചു കാണില്ല. ഞങ്ങൾ പ്രേമിച്ചിരുന്ന കാലത്ത് പരസ്പരം കാണുമ്പോൾ എടുക്കുന്ന ഫോട്ടോസ്, ഷൂട്ടിങ്ങിനായി ചെന്നൈയിൽ പോകുമ്പോൾ വലിയ തിരക്കില്ലാത്ത എന്നെ തീരെ പരിചയമില്ലാത്ത ഏതെങ്കിലും കടയിൽ പോയാണ് പ്രിന്റെടുക്കുക. കുറെ കത്തുകൾ അങ്ങോട്ടും ഇങ്ങോട്ടും എഴുതിയിട്ടുണ്ട്. അതെല്ലാം ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com