ADVERTISEMENT

ഞാൻ ബാലേട്ടന്റെ വിദ്യാർഥിയല്ല. പക്ഷേ, ബാലേട്ടന്റെ ക്ലാസിൽ ഇരുന്നിട്ടുണ്ട്, രണ്ടോ മൂന്നോ തവണയെങ്കിലും. അതുവരെ പരിചയിച്ച  അധ്യാപനമാതൃകകളിൽനിന്നു വിഭിന്നമായ അധ്യാപനശൈലി എന്നെ ആശ്ചര്യപ്പെടുത്തി. ഒരു ഒറ്റയാൾ നാടകം കാണുന്ന രസമുണ്ടായിരുന്നു. അതിലേറെ അദ്ഭുതപ്പെടുത്തി, അധ്യാപകനെ ' സാർ' എന്നു  സംബോധന ചെയ്യുന്നതിനു പകരം 'ഏട്ടാ' എന്നു  വിളിക്കുന്ന വിദ്യാഭ്യാസസംസ്കാരം! അതിനെപ്പറ്റി ചോദിച്ചപ്പോൾ പ്രതികരണം ഉടൻ  വന്നു,

 

 "അതല്ലേടാ, കേൾക്കാൻ സുഖം ?"

 

ഭാവിയിൽ, ശിഷ്യരെ അടുപ്പമുള്ള മിത്രങ്ങളായി കാണുന്ന കാഴ്ചപ്പാടിൽ ഞാൻ എത്തിച്ചേർന്നതിനും ബാലേട്ടൻ ഇങ്ങനെ നിമിത്തമായി. അദ്ദേഹം ഒരുകാലത്തും പാഠ്യപദ്ധതിയുടെ തടവറയിൽ കിടന്നില്ല. ജി.ശങ്കരപ്പിള്ളയുടെ രംഗശില്പത്തിനു  പകരം ബ്രഹ്ത്തിന്റെ ദർശനവും സി.ജെ യുടെ നാടകങ്ങൾക്കു  പകരം ലോർക്കയുടെ 'ബ്ലഡ്‌ വെഡിങ്ങും'  ബാലേട്ടൻ ക്ലാസിൽ പഠിപ്പിച്ചു. ഇപ്പറഞ്ഞ രണ്ടനുഭവങ്ങൾക്കും ഞാൻ സ്വയം സാക്ഷിയാണ്. പക്ഷേ ഇതിലധികമായി സമ്പർക്കത്തിൽവന്ന സകലരെയും അറിവിന്റെയും  ആർദ്രതയുടെയും  നല്ല പാഠങ്ങൾ ബാലേട്ടൻ  പഠിപ്പിച്ചുകൊടുത്തു 

 

ബാലേട്ടൻ സ്നേഹത്താൽ ദുർബലനായ മനുഷ്യനായിരുന്നു. ഞങ്ങൾക്കിടയിൽ കൊടുക്കൽ വാങ്ങലുകൾ ഏറെയുണ്ടായി, പല കാലങ്ങളിൽ, പല  ദേശങ്ങളിൽ. പുറന്തോടിനുള്ളിലെ ബാലേട്ടനെ കാണാൻ സുരേഷ്ബാബു - പദ്മകുമാർ ടീം ഒരുക്കിയ  'ജലം' സിനിമ പിന്നെയും അവസരങ്ങൾ തന്നു. 'ജല'ത്തിനുവേണ്ടി ഞാൻ എഴുതി, ഔസേപ്പച്ചൻ ഈണമിട്ട നാലു ഗാനങ്ങൾ  2016 -ലെ ഓസ്കർ അവാർഡിനുള്ള ഒറിജിനൽ സൗണ്ട് ട്രാക്ക് വിഭാഗത്തിൽ എങ്ങനെയോ ഉൾപ്പെട്ടിരുന്നല്ലോ. ഈ സിനിമയിലെ ഒരു  പ്രധാന കഥാപാത്രമായ തട്ടുകടക്കാരനെ  അവതരിപ്പിച്ചത്  ബാലേട്ടനാണ്. നിരാലംബയായ ഒരു പെൺകുട്ടിക്കും അവളുടെ  കുഞ്ഞിനും  അയാൾ സംരക്ഷണം കൊടുക്കുന്നു. എങ്കിലും ഒത്തുവന്നപ്പോൾ  അയാളുടെ ഉള്ളിലെ  നരഭോജി പുറത്തേക്കു നഖം നീട്ടി. ആ രംഗം ചിത്രീകരിച്ച വേളയിൽ ഞാനും ലൊക്കേഷനിൽ ഉണ്ടായിരുന്നു. അനിയന്ത്രിതമായ കാമാവേശത്തോടെ, അതിഗോപ്യമായി, 'എന്തൊരു മണമാണെടീ  നിന്റെ മുടിക്ക് 'എന്നയാൾ പറയുന്ന രംഗം എന്നിൽപോലും വലിയ സംഘർഷങ്ങളുണ്ടാക്കി.

 

അതിനുശേഷം വന്ന ചെറിയ  ഇടവേളയിൽ രണ്ടു കട്ടൻചായയുമായി ഞങ്ങൾ  ഇത്തിരി  മാറിയിരുന്നു. കുറച്ചുനേരം   ബാലേട്ടൻ ഒന്നും മിണ്ടിയില്ല, പിന്നെ  സ്വയമെന്നോണം പതിയേ  പറഞ്ഞുതുടങ്ങി,

 

 "ഒരു സിനിമാ  ഡയലോഗാണ്.  അതിനെ അങ്ങനെ കണ്ടാൽ മതി. പക്ഷേ എന്തോ ഭയങ്കര അസ്വസ്ഥത തോന്നുന്നു. നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ  പരമ ദയനീയമാണ്. പരിചയപ്പെടുന്നവന്മാർക്കെല്ലാം ഒറ്റ ഉദ്ദേശമേയുള്ളൂ! ഈ വിഷയം സമൂഹം വേണ്ടത്ര അഡ്രസ് ചെയ്യുന്നില്ല. വർഗീയതയും ഫാഷിസവും ഉദാരവൽക്കരണവും ആഗോളീകരണവുമൊക്കെയാണല്ലോ നമ്മുടെ ബ്രഹ്മാണ്ഡൻ  പ്രശ്നങ്ങൾ!  സത്യത്തിൽ ഇതൊന്നുമല്ല, ആണുങ്ങളുടെ കയറും പൊട്ടിച്ചുള്ള ഈ  നിൽപ്പാണ് ഏറ്റവും ഭീകരമായത്. ഇതൊക്കെ അല്പസ്വല്പം  മനസ്സിലാക്കിയിട്ടുള്ള ഞാനാണല്ലോ പറയുന്നത്, 'എന്തൊരു മണമാടീ, നിന്റെ മുടിക്ക്' !  ഇതു കാണുന്ന  മനുഷ്യരായ മനുഷ്യർ  എന്നെപ്പറ്റി എന്തു വിചാരിക്കുമോ ?"

 

ബാലേട്ടൻ കുറെക്കൂടി  ഉദാഹരണങ്ങൾ നിരത്തി. അവയത്രയും ഒരു കലാകാരൻ ജീവിതത്തിൽ  കാത്തുസൂക്ഷിക്കേണ്ടതായ ധാർമികതയെയും നൈതികതയെയുംപറ്റിയുള്ള സങ്കീർത്തനങ്ങളായിരുന്നു.

 

ഞാൻ മഹാരാജാസിലായിരുന്നപ്പോൾ സിനിമാചർച്ചകളുടെ ഭാഗമായി ബാലേട്ടൻ ഇടക്കിടെ എറണാകുളത്തു വന്നുപോയിരുന്നു. പലപ്പോഴും കാണാനും സംസാരിക്കാനും സാധിച്ചു. അദ്ദേഹത്തോടൊപ്പം രാജേന്ദ്രമൈതാനിയിൽ ചിലവഴിച്ച ചില മനോഹരസായാഹ്നങ്ങൾ ഓർമയിലുണ്ട്. സിനിമയാക്കാൻ ആഗ്രഹിച്ച  പല കഥകളും അദ്ദേഹം പറഞ്ഞു. അവയെല്ലാം സ്വന്തം അനുഭവങ്ങളായിരുന്നുവെന്ന സത്യം പിന്നീടു മനസ്സിലായി. കോളേജിലെ പരിപാടികളിൽ പങ്കെടുക്കാൻ പലകുറി ക്ഷണിച്ചിട്ടും ഒഴിഞ്ഞുമാറിയ ബാലേട്ടൻ ഒരിക്കൽ വളരെ യാദൃച്ഛികമായി മഹാരാജാസിലേക്കു  കയറിവന്നു. ഞാൻ ഡിപ്പാർട്ട്മെന്റിനു തൊട്ടടുത്തുള്ള പി.ജി ക്ലാസ്സിലായിരുന്നു.  അദ്ദേഹം നേരേ ക്ലാസിലേക്കു വന്നു. ഞാൻ പുറത്തിറങ്ങി ബാലേട്ടനെ സ്വീകരിച്ചു.

 

“വേണ്ടടാ, തിരക്കില്ല. നീ പഠിപ്പിക്ക്,  ഞാനൊന്ന് കേൾക്കട്ടെ.”

 

ചൂളിപ്പോയി. മാത്യു അർനോൾഡിനെ പകുതിയിൽവിട്ട് ഞാൻ ബാലേട്ടനുമായി കാന്റീനിലേക്കു നീങ്ങി.

 

“നീ ഫ്രീയാണോ ?” ചായ കുടിക്കുന്നതിനിടെ ബാലേട്ടൻ ചോദിച്ചു.

 

“നമുക്ക് ഒരു സ്ഥലംവരെ പോകണം. കയ്യിൽ രൂപ വല്ലതുമുണ്ടെങ്കിൽ എടുത്തോ.”

 

ഞങ്ങൾ ഓട്ടോയിൽ കയറി നഗരത്തിലെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ അത്യാഹിത വിഭാഗത്തിനുമുന്നിൽ ഒരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു. പരിക്ഷീണമായ രൂപം. മുഷിഞ്ഞ വേഷം. അയാൾ ബാലേട്ടനെ കണ്ടതേ ഓടിവന്നു കെട്ടിപ്പിടിച്ചു. അവർ ശബ്ദംതാഴ്ത്തി എന്തൊക്കെയോ  സംസാരിച്ചു. ഞാൻ ഇത്തിരി ദൂരെ മാറിനിന്നു. കുറച്ചുനേരം അങ്ങനെ കടന്നുപോയി.

 

ബാലേട്ടൻ തിരികേ വന്നപ്പോൾ ആ ചെറുപ്പക്കാരനും കൂടെയുണ്ടായിരുന്നു. ബാലേട്ടൻ ഉള്ളംകൈ നീട്ടിപ്പിടിച്ചു. അതിൽ ചെറിയ രണ്ടു നോട്ടുകൾ ഞാൻ വച്ചുകൊടുത്തു. എനിക്കുപോലും ലജ്ജതോന്നുന്ന തുകയായതിനാൽ മുഖത്തേക്കു  നോക്കിയില്ല.

 

“ഇതു കുറേ  ഉണ്ടല്ലോടാ”  എന്നു  പറഞ്ഞുകൊണ്ട് ബാലേട്ടൻ പൈസ വാങ്ങി ആ ചെറുപ്പക്കാരനെ നിർബന്ധപൂർവ്വം ഏൽപ്പിച്ചു.

 

ഗോകുലത്തിൽ  ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ആകാംക്ഷ നിയന്ത്രിക്കാനാവാതെ ഞാൻ ചോദിച്ചുപോയി.

 

“അതെന്റെ  ഒരു കഥാപാത്രം.” 

 

ഒരൊറ്റ വരിയിൽ ബാലേട്ടൻ നിർത്തി. അതിലധികമായി വിശദീകരിക്കാൻ അദ്ദേഹം  ഇഷ്ടപ്പെട്ടില്ല.

 

അധ്യാപകൻ, തിരക്കഥാകാരൻ, നടൻ എന്നിങ്ങനെ ജീവിതത്തിൽ ലഭിച്ച  എല്ലാ വേഷങ്ങളും ബാലേട്ടൻ  ഗംഭീരമാക്കി.  തീർച്ചയായും അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന ഒരുപാടുപേർ സമൂഹത്തിലുണ്ട്. അവരിൽ ചിലരെങ്കിലും  അദ്ദേഹം എഴുതാതെപോയ തിരക്കഥയിലെ ജീവനുള്ള കഥാപാത്രങ്ങളായിരിക്കും എന്നതിൽ എനിക്കു സംശയമില്ല. 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com