ഡൗൺ സിൻഡ്രോം ബാധിച്ച ഒരു സഹോദരനെ മനസ്സിൽ കണ്ടാണ് ജോർജ് കോര എന്ന ചെറുപ്പക്കാരൻ ‘തിരികെ’ എന്ന സിനിമ എഴുതി പൂർത്തിയാക്കുന്നത്, അതും നാലു വർഷങ്ങൾക്കു മുൻപ്. തിയറ്റർ റിലീസ് സ്വപ്നം കണ്ടിരുന്ന സമയത്താണ് കോവിഡ് വില്ലനായത്. ഒടുവിൽ ഒടിടി റിലീസ് മാത്രം. പക്ഷേ, സിനിമ ഇന്നു വലിയ ചർച്ചയാണ്. ഡൗൺ സിൻഡ്രോം ബാധിച്ച ഒരാൾ നായകനാകുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയോടെ മാത്രമല്ല, സിനിമ പറയുന്ന സഹോദര സ്നേഹത്തിന്റെ ഭംഗിയും സൗന്ദര്യവും കൂടിയുണ്ട് പ്രേക്ഷകനെ ചെറുസ്ക്രീനുകൾക്കു മുൻപിൽ പിടിച്ചിരുത്താൻ.
ചിത്രം ചർച്ചയാകുമെന്നറിയാമായിരുന്നെങ്കിലും ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന് കരുതിയതല്ലെന്നു ജോർജ് പറയുന്നു. ഓരോ ദിവസവും പ്രേക്ഷകർ സിനിമ കാണുന്നു, വിളിക്കുന്നു, അഭിപ്രായം പറയുന്നു. സിനിമയെ ജനം ഏറ്റെടുത്തതു മാത്രമല്ല, ഞങ്ങളെപ്പോലെയുള്ളവർക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണിത്–ജോർജ് ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.
തിരിച്ചെത്തുന്നു ‘തിരികെ’യിലേക്ക്
ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുടുംബ സുഹൃത്തുണ്ടായിരുന്നു. ഞാൻ കുട്ടിക്കാലത്തു കണ്ടിട്ടുള്ള പരിചിത മുഖം. ഓരോ വർഷവും അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കും. ഞങ്ങളെല്ലാവരും പോകും. വർഷം ചെല്ലുംതോറും ഞങ്ങൾ വലുതാകുന്നതു ഞങ്ങളറിഞ്ഞു. പക്ഷേ, അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത് എന്നും ഒരു കൊച്ചു കുട്ടിയുടെ മനസ്സുമായിട്ടായിരുന്നു. അന്നത് എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. സിനിമ എഴുതിത്തുടങ്ങിയപ്പോഴും അത്തരം കാര്യങ്ങളാണ് ആദ്യം ഓർമയിലേക്കു വന്നത്. പിന്നെ, എനിക്ക് അങ്ങനെയൊരു സഹോദരനുണ്ടായിരുന്നെങ്കിലെന്ന ചിന്തയും. വലിയൊരു പ്രോജക്ടായിരുന്നു ആദ്യം ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, പല കാരണങ്ങളാൽ അതു മുടങ്ങി. അങ്ങനെയാണ് നാലു വർഷം മുൻപു പൂർത്തിയാക്കിയ ‘തിരികെ’യിലേക്കു വീണ്ടും തിരിച്ചെത്തുന്നത്.

ഗോപിയിലേക്ക്
ആദ്യമേ തന്നെ ക്രൂവിനോടു പറഞ്ഞിരുന്നു, നല്ല നായകനെ കിട്ടിയില്ലെങ്കിൽ സിനിമയില്ലെന്ന്. പറ്റിയ ഒരുപാടു പേരെ അന്വേഷിച്ചു. അങ്ങനെയാണ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോ.ഷാജി തോമസ് ജോണിന്റെ സഹായം തേടുന്നത്. ഗോപീകൃഷ്ണനെ ചികിത്സിച്ചിരുന്ന അദ്ദേഹം ചില ടിക് ടോക് വിഡിയോ എനിക്ക് അയച്ചു തന്നു. അങ്ങനെയാണ് ഗോപി ‘തിരികെ’യുടെ ഭാഗമാകുന്നത്. ഗോപിയെ പരിചയപ്പെട്ടതിനുശേഷം വീണ്ടും സിനിമയ്ക്കു വേണ്ടി റിസർച്ചും മറ്റും നടത്തി. കഥയിൽ ചില മാറ്റങ്ങൾ വരുത്തി. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെയും സ്പെഷൽ സ്കൂൾ അധ്യാപകരെയും കണ്ടു. അവരുടെ ആവശ്യങ്ങളും അവസ്ഥയും പൂർണമായും ഒറിജിനാലിറ്റിയോടെ അവതരിപ്പിക്കണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു.
എന്നെ പിന്തുണച്ച ഒരു ടീം കൂടി ലഭിച്ചതോടെ എല്ലാം എളുപ്പമായി. ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസം മാത്രമല്ല, എത്രയോ കഴിവുകളുള്ള കുട്ടികളാണു നമ്മുടെ സമൂഹത്തിൽ അവഗണിക്കപ്പെടുന്നത് എന്ന തിരിച്ചറിവു വലുതായിരുന്നു. സിനിമയിൽ അതെല്ലാം കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതേ തീവ്രതയോടെ. ഗോപിക്കു വേണ്ടി വർക് ഷോപ്പുകൾ നടത്തിയിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം ഒരു കുടുംബത്തെപ്പോലെ സഹകരിച്ചു. ഗോപി നല്ലൊരു നടനാണ്. നമ്മൾ പറയുന്നതു കേട്ട് കഥാപാത്രത്തിന്റെ പൂർണതയിലേക്കാവശ്യമായ എല്ലാ ഘടകങ്ങളും അവൻ നൽകുന്നുണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് സിനിമ വിജയിച്ചത്.
അഭിനയം, എഴുത്ത്, സിനിമാ സ്വപ്നങ്ങൾ

അഭിനയമായിരുന്നു ഇഷ്ടം. അങ്ങനെയാണ് ‘പ്രേമ’ത്തിലേക്കെത്തുന്നത്. പിന്നെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ കോ–സ്ക്രീൻ റൈറ്ററായി. അതും വഴങ്ങുമെന്നു കണ്ടതോടെ രചനയും ഗൗരവത്തോടെ കാണാൻ തീരുമാനിച്ചു. എങ്കിലും അഭിനയത്തോടു പ്രത്യേക താൽപര്യമുണ്ട്. ചില പ്രോജക്ടുകളെക്കുറിച്ചു ചർച്ചകൾ നടക്കുന്നുണ്ട്. അധികം വൈകാതെ തിരശ്ശീലയിൽ വീണ്ടും കണ്ടുമുട്ടാമെന്നുതന്നെയാണു പ്രതീക്ഷ.
കുടുംബം
പന്ത്രണ്ടാം ക്ലാസ് വരെ കുവൈത്തിലായിരുന്നു. പിന്നീട് ചെന്നൈയിലെ ലൊയോള കോളജിലേക്കെത്തി. സിഎ പഠനം കൂടി പൂർത്തിയാക്കിയാണ് സിനിമയിലേക്കെത്തുന്നത്. അച്ഛൻ കോരയും അമ്മ മിനിയും സഹോദരി എൽമയും കട്ട സപ്പോര്ട്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് സിനിമയിൽ ഇപ്പോഴും നിലനിൽക്കാൻ കഴിയുന്നത്.