ADVERTISEMENT

ജോജി സിനിമയിലെ കുട്ടപ്പൻ ചേട്ടനെ കണ്ടപ്പോൾ പ്രേക്ഷകർക്കൊരു സംശയം – ഈ നടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...? അധികം ആലോചിച്ചു തല പുകയും മുൻപേ അവരുടെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു – ‘തൊരപ്പൻ ബാസ്റ്റിന്‍’!  ആടുതോമയെ കുത്തി വീഴ്ത്തിയ അതേ തൊരപ്പൻ ബാസ്റ്റിൻ തന്നെ. വാകത്താനം സ്വദേശി പി.എൻ. സണ്ണിയാണ് ‘ജോജി’യില്‍ ഫഹദിന്റെ അപ്പന്‍ വേഷത്തിൽ കയ്യടി നേടുന്നത്.

 

പനച്ചേൽ കുട്ടപ്പൻ ചേട്ടൻ എന്ന കഥാപാത്രമാണ് ഇദ്ദേഹം 'ജോജി'യിൽ അവതരിപ്പിച്ചിരിക്കുന്നത്. എരുമേലിയുടെ പശ്ചാത്തലത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. പനച്ചേൽ കുടുംബത്തിലെ ജോമോന്‍റേയും ജെയ്സന്‍റേയും ജോജിയുടേയും അപ്പനാണ് കുട്ടപ്പൻ. ജോമോനായി ബാബുരാജും ജെയ്സണായി ജോജി മുണ്ടക്കയവും ജോജിയായി ഫഹദ് ഫാസിലുമാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്.

sunny-bastin

 

‘ഇയ്യോബിന്റെ പുസ്തകത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ലൊക്കേഷനിൽ വച്ചാണ് ശ്യാം പുഷ്കരനെ പരിചയപ്പെട്ടത്. പിന്നീട് ജോജിയിലെ കഥാപാത്രം വന്നപ്പോൾ അവർ എന്നെ തിരക്കിക്കണ്ടു പിടിക്കുകയായിരുന്നു. ഫഹദ്–ദിലീഷ്–ശ്യാം ടീമിനൊപ്പം ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായതിൽ വലിയ സന്തോഷം. സിനിമ കണ്ട് ഒരുപാട് പേർ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായങ്ങളാണ് പറയുന്നത്’’.– സണ്ണി ‘വനിത ഓൺലൈനോട്’ പറഞ്ഞു.

 

ശരീരസൗന്ദര്യത്തിലും കളരിയിലുമൊക്കെ ശ്രദ്ധേയനായ ഇദ്ദേഹം മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷണിൽ കോൺസ്റ്റബിൾ ആയിരിക്കുമ്പോഴാണ് ഇദ്ദേഹം സ്ഫടികത്തിൽ അഭിനയിച്ചത്. ഇപ്പോഴും നാട്ടിൽ നിരവധിപേർക്ക് വ്യായാമ മുറകൾ പകർന്നു നൽകുന്ന സണ്ണിയാശാനാണ് ഇദ്ദേഹം. ഭാര്യ റമ്മി. 3 മക്കളാണ്. അഞ്ജലിയും ആതിരയും ടെക്നോ പാർക്കില്‍ ജോലി ചെയ്യുന്നു. മകന്‍ അലക്സി എംബിഎയ്ക്ക് പഠിക്കുന്നു.

 

ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അൻവർ, അശ്വാരൂഢൻ, ഇയ്യോബിന്‍റെ പുസ്തകം, ഡബിൾ ബാരൽ തുടങ്ങി 25 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ‌"എദൻ" എന്ന സിനിമയിൽ മാടൻ തമ്പി എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോജി ഹിറ്റായതോടെ മലയാളസിനിമയിൽ ഇനിയും നല്ല കഥാപാത്രങ്ങൾ തന്നെ തേടി എത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com