ADVERTISEMENT

ദുൽഖറിനെയും സല്യൂട്ട് സിനിമയുടെ അണിയറ പ്രവർത്തകരെയും പ്രശംസിച്ച് നടൻ മനോജ് കെ.ജയൻ എഴുതിയ കുറിപ്പ് ആരാധകരുടെ ഇടയിൽ വൈറലാകുന്നു. റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ അവസരത്തിലാണ് മനോജ് കെ.ജയന്റെ കുറിപ്പ്. 

 

‘ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി.  ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ൽ ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവഭാഗ്യം. ദുൽഖർ,  എന്തൊരു സ്വീറ്റ് വ്യക്തിയാണ് മോനേ നീ. സ്നേഹം മാത്രം....’

 

‘പ്രിയ റോഷൻ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച് പല തവണ പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ ...എനിക്കുണ്ടായ സന്തോഷം അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും പിന്തുണയ്ക്കും നൂറു നന്ദി. ബോബി–സഞ്ജയ‌്‌യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി. കാരണം നവ മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളാണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു. എന്റെ കൂടെ അഭിനയിച്ചവരോടും ഛായാഗ്രാഹകനോടും അങ്ങനെ എല്ലാവരോടും നന്ദി പറയുന്നു.’–മനോജ് കെ. ജയൻ കുറിച്ചു.

 

ഏതാനും ദിവസങ്ങൾക്കു മുൻപ് മനോജ് കെ.ജയന്റെ 55-ാം ജന്മദിനത്തിൽ ദുൽഖർ പങ്കുവച്ച ആശംസ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ‘മനോജേട്ടന് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. എനിക്ക് അറിയാവുന്നതിൽ ഏറ്റവും ക്ഷമയുള്ള, വളരെ പോസിറ്റീവ് ആയ നല്ലൊരാളാണ് അദ്ദേഹം. നിങ്ങൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. സെറ്റിന് ജീവൻ നൽകുന്നത് നിങ്ങളാണ്, നിങ്ങളുടെ കഥകൾ കേൾക്കാനും അസാധ്യമായ തമാശകൾ ആസ്വദിക്കാനുമായി ഞങ്ങളെപ്പോഴും നിങ്ങളുടെ ചുറ്റും കൂടിയിരിക്കും. ജന്മദിനാശംസകൾ ഏട്ടാ, ജന്മദിനത്തോട് അനുബന്ധിച്ച് വലിയ ബഹളങ്ങൾ ഇഷ്ടപ്പെടുന്ന ആളല്ല നിങ്ങളെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ആശംസിക്കാതിരിക്കാൻ കഴിയുന്നില്ല.’–ഇങ്ങനെയായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com