ADVERTISEMENT

രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും ജൂലൈ രണ്ടിന് തീയിറ്ററുകളില്‍. നായാട്ടിനു ശേഷം പൊലീസ് റിയലിസം ജോണറിലുള്ള മറ്റൊരു മലയാള സിനിമ കൂടിയാണ് വെള്ളിത്തിരയിലെത്തുകയാണ്. യഥാര്‍ത്ഥ ജീവിതത്തിലും പൊലീസുകാരായ ആളുകളാണ് ചിത്രത്തിന്റെ എഴുത്തുകാര്‍ എന്നതും ഈ സിനിമകളുടെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പൊലീസ് ജീവിതവും അന്വേഷണവും അവര്‍ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും യഥാര്‍ത്ഥ രൂപത്തില്‍ പുറത്ത് വരികയാണ് ഈ ചിത്രങ്ങളിലൂടെ. ആസിഫ് അലിക്ക് പുറമേ സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സെന്തില്‍കൃഷ്ണ എന്നിവരാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

 

ജോസഫ് എന്ന പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എഴുത്തുകാരനായ ഷാഹി കബീര്‍ തന്നെ രചിച്ച് മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത 'നായാട്ട്' എന്ന ചിത്രം ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൊലീസ് ജീവിതത്തിന്റെ നേര്‍പ്പകർപ്പാണ് നായാട്ട് എന്ന് ചൂണ്ടിക്കാണിച്ച് ഒരു പൊലീസുകാരന്‍ എഴുതിയ കുറിപ്പ് വൈറലാവുകയും ചെയ്തിരുന്നു. 

 

'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തെക്കുറിച്ച് പൊലീസുകാർക്കിടയിലും വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ റിലീസിങ് അനൗണ്‍സ്‌മെന്റും പുതിയ പോസ്റ്ററും ആയിരക്കണക്കിന് പൊലീസുകാരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കാസര്‍ഗോഡ് ജില്ലയിലെ വിജിലന്‍സ് ഇന്‍സ്‌പെക്ടറും നടനുമായ സിബി തോമസിന്റെ കഥയാണ് ഈ ചിത്രത്തിനാധാരം. സിബി തോമസും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. 

 

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ സബ്ഇന്‍സ്‌പെക്ടറെ അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തെത്തിയ സിബി തോമസ് 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിനായുള്ള കഥ കണ്ടെത്തിയത് തന്റെ പൊലീസ് ജീവിതത്തില്‍ നിന്ന് തന്നെയാണ്. കാസര്‍ഗോഡ് നടന്ന ഒരു ജ്വല്ലറി മോഷണക്കേസ് പ്രതികളെ പിടിക്കാനായി അന്വേഷണ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ സഹപ്രവര്‍ത്തകരെ നയിച്ച് ഉത്തരേന്ത്യയില്‍ പോയ അനുഭവത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിട്ടുള്ളത്. അഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ തേടി അപരിചതമായ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോകുന്നതും അവിടെയുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. 

 

'സിനിമയ്ക്ക് വേണ്ടി കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ധാരാളം ഫിക്‌ഷന്‍ എലമെന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷേ ഒരു കേസിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി സാധാരണ പൊലീസുകാര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അവര്‍ ജോലിക്ക് വേണ്ടിയിടുക്കുന്ന റിസ്‌കുകളും സാഹസികതകളും യഥാര്‍ത്ഥമായി തന്നെ ചിത്രത്തില്‍ അവതരിക്കപ്പെടുന്നുണ്ട.്''-സിബി തോമസ് പറയുന്നു. 'സ്വന്തം അനുഭവങ്ങള്‍ ചിത്രീകരിക്കപ്പെടുന്നത് കണ്ടു നില്‍ക്കുന്നത് തന്നെ പ്രത്യേക അനുഭവമായിരുന്നു. പ്രത്യേകിച്ചും റിയലിസ്റ്റ് സിനിമയുടെ മലയാളത്തിലെ ഏറ്റവും വലിയ സൃഷ്ടാവായ രാജീവ് രവിയുടെ സംവിധാനത്തിന്‍ കീഴില്‍. സൂപ്പര്‍ ഹീറോകളുടെ കഥയൊന്നുമല്ല ഇത്. സാധാരണ പൊലീസുകാരുടെ ജീവിതമാണ്''- സിബി തോമസ് കൂട്ടിച്ചേര്‍ത്തു. 

 

ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബി.അജിത്കുമാര്‍ എഡിറ്റിങ്ങും, സുരേഷ് രാജന്‍ ഛായാഗ്രഹണവും, ഡോണ്‍വിന്‍സെന്റ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com