ADVERTISEMENT

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യിൽ വില്ലനായി വിവേക് ഒബ്റോയ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

 

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്പൻ ടീം ആണ് അണിനിരക്കുന്നത്. കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്.

 

ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. മലയാളത്തിൽ 2000ൽ റിലീസ് ചെയ്ത പുനരധിവാസം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്. തെന്നിന്ത്യൻ സംഗീതജ്ഞൻ എസ്. തമൻ ആണ് സംഗീതം. കലാസംവിധാനം– മോഹൻദാസ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിക്കുന്ന ചിത്രമാകും കടുവ.

 

ഇതിലൊക്കെ ഉപരിയായി, ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം  ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’ സിനിമയെ വേറിട്ടുനിർത്തുക. 2012ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.

 

2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് രണ്ടു സിനിമകള്‍ തമിഴിലൊരുക്കി. 2017ൽ റിലീസ് ചെയ്ത വേഗൈ എക്സ്പ്രസ് ആണ് അവസാനം സംവിധാനം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com