ADVERTISEMENT

സാധാരണ മേയ് ദിനാശംസ രണ്ടാം ദിവസം തീരേണ്ടതാണ്. എന്നാൽ ഇപ്പോഴും ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു മേയ് ദിനാശംസയുണ്ട്. ആന്റണി പെരുമ്പാവൂരിനേയും മോഹൻലാലിനേയും കുറിച്ചുള്ളതാണത്.‘മുതലാളിയേക്കൊണ്ടു പണിയെടുപ്പിച്ചു കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി’ എന്നു ആന്റണിയെ വിശേഷിപ്പിക്കുന്ന ആശംസയാണിത്. അടുത്ത കാലത്തൊന്നും മലയാളി ഇതുപോലൊരു മേയ് ദിനാശംസ ഫോർവേഡു ചെയ്തു സന്തോഷിച്ചു കാണില്ല. ആന്റണിയും ഇതു കണ്ടു ചിരിച്ചു കാണും. 

 

ഒരാൾ പൊളിഞ്ഞു കാണുന്നതിൽ മലയാളി മനസിനു വല്ലാത്തൊരു സന്തോഷമുണ്ട്. സാധാരണ കശുവണ്ടി മുതലാളിയിൽനിന്നു സ്വന്തം കഠിനാധ്വാനംകൊണ്ടു രാജ്യത്തെ കോർപറേറ്റുകളെ വിറപ്പിച്ച ബിസ്ക്കറ്റ് രാജാവു രാജൻ പിള്ള മരിച്ചപ്പോൾ നാം സന്തോഷത്തോടെ വായിച്ചതു രാജൻ പിള്ളയുടെ സാമ്രാജ്യം തകരാൻ പോകുന്ന കഥയാണ്. എം.എ.യൂസഫലി കൊച്ചിയിൽ ലുലുമാളുണ്ടാക്കിയപ്പോൾ നാം അവിടെ വന്ന നിക്ഷേപത്തിനു പകരം ചർച്ച ചെയ്യതു യൂസഫലി തോടിന്റെ അരികു കയ്യേറിയെന്ന വാർത്തയാണ്. ഏതെങ്കിലും സായിപ്പു കോവളം ലീലാ ഹോട്ടൽ വാങ്ങിയിരുന്നെങ്കിൽ നാം അതു കാണാൻ ക്യൂ നിന്നേനെ. അതു മലയാളിയായ രവി പിള്ള വാങ്ങിയതോടെ നാം കൊട്ടാരത്തിന്റെ വേരു തേടിപ്പോയി. ആന്റണിയുടെ കാര്യത്തിലും ഇതേ മനസുള്ളതുകൊണ്ടാണതു സന്തോഷത്തോടെ ഫോർവേഡ് ചെയ്യുന്നത്. 

 

ഈ സന്ദേശമുണ്ടാക്കിയതൊരു കലാകാരന്റെ മനസല്ല എന്നുറപ്പാണ്. റിപ്പറിന്റെ അതേ മനസുള്ള ഒരു ക്രിമിനൽ മനസാണ്. ആന്റണി തൊഴിലാളിയാണെന്ന് ആരാണു പറയുന്നത്. നരസിംഹം എന്ന സിനിമ റീലീസ് ചെയ്തു മാറ്റ്നി കഴിഞ്ഞതോടെ ഈ മനുഷ്യൻ മുതലാളിയായിട്ടുണ്ട്. അതായത് പണം ഇറക്കി പണം  വാരാൻ അറിയാവുന്നൊരു നല്ല കച്ചവടക്കാർ. സ്വന്തം പറമ്പിൽ ലക്ഷം തേങ്ങയുണ്ടായിട്ടു അതു പറച്ചു നിലത്തിച്ചു തേങ്ങാകച്ചവടക്കാരനെ കാത്തിരുന്നു ജീവിതം തുലയ്ക്കുന്ന കർഷകനല്ല ആന്റണി. അങ്ങനെയിട്ടാൽ തേങ്ങ കൊട്ടത്തേങ്ങയാകുമെന്നറിയാവുന്നൊരു കച്ചവടക്കാരനാണ്. കൃത്യസമയത്തു  കൊപ്രയും ആട്ടി വെളിച്ചെണ്ണയും ചകിരിയും ചിരട്ടയും വിൽക്കാനറിയാവുന്നൊരു കച്ചവടക്കാരൻ. മോഹൻലാൽ എന്നതൊരു ഉൽപ്പന്നാണെന്നു തിരിച്ചറിഞ്ഞ ആന്റണി അതിനെയൊരു ബ്രാൻഡാക്കി ഉയർത്തി. രാജ്യത്തു അമിതാബ് ബച്ചനു ശേഷം ഇതുപോലെ ബ്രാൻഡായ ആദ്യ സിനിമാക്കാരനാണു ലാൽ. അതുണ്ടാക്കിയത് ആന്റണിതന്നെയാണ്. രാജ്യത്തെ പല സൂപ്പർ സ്റ്റാറുകളും വേണ്ടത്ര വിൽക്കപ്പെടാതെ പോയതും ഇതുപോലെ കട്ടയ്ക്കു കൂടെ നിൽക്കാൻ കച്ചവട ബുദ്ധിയുള്ളവർ ഇല്ലാത്തതുകൊണ്ടാണ്.  ലോകത്തെ എന്റർടെയ്മെന്റ് ഇന്റസ്ട്രിയിൽ ഇതു തികച്ചും സാധാരണമാണ്. അവരതു ബിസിനസ് സ്കൂളിൽപോയി പഠിച്ചവരെക്കൊണ്ടു നടത്തിപ്പിക്കുന്നു, ആന്റണിയതു സ്വന്തം തലകൊണ്ടു നിർവഹിക്കുന്നു എന്നു മാത്രം.

 

ഈ കഷ്്ടകാലത്ത് ദൃശ്യം – 2 എന്ന സിനിമ 8 കോടികൊണ്ട് ഉണ്ടാക്കി  30കോടിക്കു ആമസോണിനു വിൽക്കാൻ ചില്ലറ കഴിവു പോരാ. രാജ്യത്തു വെറും 70 തിയറ്ററിൽ മാത്രം സിനിമ റിലീസ് ചെയ്യാൻ ബലമുള്ളൊരു ഭാഷയാണു മലയാളം. 1000 തിയറ്ററിൽ റിലീസ് ചെയ്യുന്ന തെലുങ്കും 3000 തിയറ്ററിൽ റിലീസ് ചെയ്യുന്ന ഹിന്ദിയുമെല്ലാം ഇതേ രാജ്യത്തുള്ളവതന്നെയാണ്. അവർക്കൊന്നും ഇതിനു കഴിഞ്ഞില്ല. ഈ സിനിമയുടെ കച്ചവടം ആമസോണിന്റെ ലോക റാങ്കിങ് പട്ടികയിൽ വരുന്നതിനു ഇടയാക്കിയതു ആന്റണിയെന്ന കച്ചവടക്കാരന്റെ മനസാണ്. കൊറോണ പിടിച്ചു എല്ലാവരു പേടിച്ചിരിക്കുമ്പോൾ ‘ആന്റണി പേടിക്കരുതെന്നും നമുക്ക് കാലത്തു ജീവിക്കുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നും’ മോഹൻലാൽ പറയുമ്പോൾ അതൊരു തീപ്പൊരിയാക്കി സ്വന്തം വഴി കണ്ടെത്തിയ മനുഷ്യൻ.

 

ആന്റണി മോഹൻലാലിനെ പണിക്കുവിട്ടു സമ്പാദിക്കുകയായിരുന്നില്ല. ആന്റണി രാവും പകലും ഉറങ്ങാതെ മോഹൻലാലിനെ കൂടുതൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആലോചിക്കുകയും ഓടുകയുമായിരുന്നു. എം.എ.യൂസഫലിയായാലും ബിൽ ഗെയ്റ്റ്സായാലും ചെയ്യുന്നത് ഇതുതന്നെയാണ്. ഈ മനുഷ്യന്റെ കഠിനാധ്വനമാണു മലയാള സിനിമയിലേക്കു കോടികളുടെ നിക്ഷേപം കൊണ്ടുവന്നത്. 80 കോടി രൂപയ്ക്കു മരയ്ക്കാറും 100 കോടി രൂപയ്ക്കു ബറോസും ഉണ്ടാക്കുന്നത് ഈ മനുഷ്യനാണ്. സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഈ നിക്ഷേപവുമായി ഏതെങ്കിലും മാർവാടി വന്നാൽ നാം മടിക്കുത്ത് അഴിച്ചിട്ടു തൊഴുതു ‘മൊയ്‌ലാളീ’ എന്നു വിളിക്കും. വലിയ വാർത്തയാക്കും. ഏതു മലയാള സിനിമയുടേയും 40% വരെ പല തരത്തിലുള്ള നികുതിയാണെന്നു നാം മറക്കരുത്. രാജ്യത്തു ഏറ്റവും ഉയർന്ന നികുതി കൊടുക്കുന്നത് ഇവിടെയാണ്.   

 

ആന്റണിയെ മുതലാളിയെന്നു വിളിച്ചാലും തൊഴിലാളിയെന്നു വിളിച്ചാലും ഡ്രൈവറെന്നു വിളിച്ചാലും പ്രത്യേകിച്ചു മറുപടിയൊന്നും പറയാൻ സാധ്യതയില്ല. അയാൾ അയാളുടെ ജോലി ചെയ്തു മിണ്ടാതിരിക്കും. മലയാള സിനിമയിൽ ഇതുപോലെ കൃത്യമായി പ്രതിഫലം ലൈറ്റ്ബോയ്ക്ക്‌വരെ കൊടുക്കുന്നവരു കുറവായിരിക്കും. നല്ല പ്രതിഫലം കൊടുത്തു നല്ല പണിക്കാരെ കൊണ്ടു വന്നു ജോലി ചെയ്യിപ്പിക്കുന്നൊരു നല്ല കച്ചവടക്കാരൻ. അയാളെ പരിഹസിക്കുന്നതിനു മുൻപു സ്വയം കണ്ണാടി നോക്കി ചോദിക്കുക, എവിടെയോ ഒരു അസൂയയില്ലേ. ആരും മോഹിക്കുന്നൊരു മുതലിനെ ഇങ്ങനെ ചേർത്തു പിടിച്ചു നടക്കുന്നവനോടു തോന്നുന്നൊരു അസൂയ.  മോഹൻലാൽ പറഞ്ഞൊരു വാചകം കൂടി ഇതോടൊപ്പം കൂട്ടിവായിക്കാം. ‘ആന്റണി എനിക്കു സഹോദരനെപ്പോലെയല്ല, സഹോദരൻതന്നെയാണ്. മരണംവരെയും എന്തു സംഭവിച്ചാലും അതു അതുപോലെത്തന്നെയാകും. ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com