ADVERTISEMENT

‘സുകുമാരൻ : ഇല്ല , ഇത് ഞാൻ സമ്മതിക്കില്ല. നമ്മളു തമ്മിലുള്ള അടുപ്പം ഇപ്പൊ ഒരു രഹസ്യമൊന്നുമല്ല. നീ ഡിഎസ്‌യുവിന്റെ കാൻഡിഡേറ്റ് ആയാൽ പിന്നെ ആണാണെന്നു പറഞ്ഞ് എനിക്ക് മീശയും വച്ച് നടക്കാൻ പറ്റില്ല.

 

( നിസ്സഹായയെന്നപോലെ സുകുവിനെ നോക്കിക്കൊണ്ട് )

 

താര : സുകു എന്റെ സിറ്റുവേഷൻ ഒന്നു മനസ്സിലാക്ക്. പാർട്ടിയിൽനിന്ന് അച്ഛന് ഭയങ്കര പ്രഷർ ഉണ്ട്.

 

bipin-sfi

സുകുമാരൻ : നീ അദ്ദേഹത്തിന്റെ മോളല്ലേ ? പാർട്ടിക്കാരിയല്ലല്ലോ. ഇലക്‌ഷന് മത്സരിക്കാൻ പറ്റില്ലെന്ന് കട്ട് ആൻഡ് റൈറ്റ് ആയിട്ട് പറയണം. "

 

- ക്ലാസ്മേറ്റ്സ്, തിരക്കഥ: ജെയിംസ് ആൽബർട്ട് 

 

bipim-poem

ക്ലാസ്മേറ്റ്സ് സിനിമ കണ്ടോണ്ടിരുന്നപ്പം ഷൂസിനകത്ത് കേറിയ കല്ലുപോലെ ഒരു സംശയം എന്നെ അലട്ടിക്കൊണ്ടേയിരുന്നു.ഈ "കട്ട് ആൻഡ് റൈറ്റ് " എന്ന പ്രയോഗം ശരിക്കും ഒരു തെറ്റായ പ്രയോഗമല്ലേ എന്നതായിരുന്നു ആ സംശയം. പടം കഴിഞ്ഞ് വീട്ടിൽ ചെന്ന് ഒന്നൂടെ പരിശോധിച്ചപ്പം സംഗതി ഉറപ്പിച്ചു. അത് ഇംഗ്ലിഷ് പ്രയോഗത്തിലെ ഒരു കോമൺ എററാണ്. "കട്ട് ആൻഡ് റൈറ്റ്" അല്ല " കട്ട് ആൻഡ് ഡ്രൈ " എന്നതാണ് കറക്റ്റ് പ്രയോഗം. പക്ഷേ അതല്ല ഇവിടുത്തെ വിഷയം. പറയാൻ വന്ന കാര്യം വേറെയാണ്.

 

കേരളത്തിലെ പൊതു തിരഞ്ഞെടുപ്പിന്റെ മേളവും കൊടിയിറക്കവുമങ്ങോട്ട് കഴിഞ്ഞതേയുള്ളൂ. തിരഞ്ഞെടുപ്പുകൾക്കെല്ലാം തന്നെ പിന്നിൽ അധികമാരുമറിയാത്ത ഒത്തിരി അണിയറക്കഥകളുണ്ടാകും. അവയിൽ പലതും തരികിടവേലകളുടെയും തള്ളി മറിക്കലിന്റെയും രസകരങ്ങളായ തിരക്കഥകളാകും. എന്തായാലും കട്ട് ആൻഡ് ഡ്രൈ ആയിട്ടൊരു പേഴ്സണൽ അഭിപ്രായം പറയാം. തൊണ്ണൂറുകളിലെ കലാലയ രാഷ്ട്രീയത്തിന്റെ ഹരങ്ങളെയും തിരഞ്ഞെടുപ്പ് കാലത്തെ ക്യാംപസ് ജീവിതരസങ്ങളെയും ക്ലാസ്മേറ്റ്സ് പോലെ  വരച്ചു കാട്ടിയൊരു മലയാളസിനിമയുണ്ടാകില്ല. ഏതൊക്കെ സിദ്ധാന്തത്തിന്റെ കോല്  വെച്ചുകീറിമുറിച്ചാലും ശരി അത് കിലോക്കണക്കിന് കാണികളെ നൊസ്റ്റാൾജിയയില്‍  കുളിപ്പിച്ചെടുത്തെന്ന കാര്യത്തിൽ തർക്കമില്ല.

 

തൊണ്ണൂറുകളിലെ കലാലയ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ ആധികാരികമായി പറയാൻ നിനക്കെന്നാടാ ഉവ്വേ യോഗ്യതയെന്നൊക്കെ ചോദിച്ചാൽ അതിനു കൃത്യമായ മറുപടിയുണ്ട് കേട്ടോ. അക്കാലത്ത് കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന രണ്ട് ക്യാംപസുകളായിരുന്നു ചങ്ങനാശ്ശേരി എസ്.ബി.യും എറണാകുളം മഹാരാജാസും. പ്രീഡിഗ്രി വേർപെടാത്ത ആ സമയത്ത്  പത്തു നാലായിരത്തോളം പിള്ളേര് പഠിച്ചിരുന്ന കലാലയങ്ങളാണവ. അന്ത ടൈമിൽ രണ്ടിടത്തും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരുത്തന് എന്തായാലും സ്വന്തമായിട്ട് ചില അനുഭവങ്ങളൊക്കെയുണ്ടാകുമല്ലോ. അനുഭവസ്ഥന് അവനവൻ്റെ കഥ പറയാൻ  വേറാരുടെയും ചീട്ട് വേണ്ടല്ലോ.

 

സത്യത്തിൽ ഞാനാദ്യമായിട്ട് ഒരു തിരക്കഥ തയ്യാറാക്കിയത് സിനിമയ്ക്ക് വേണ്ടിയല്ല. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയാണെന്ന് പറയാം.എസ്.ബി. കോളജിൽ ആർട്സ്ക്ലബ് സെക്രട്ടറിയായി ആദ്യം മത്സരിക്കുമ്പോൾ ഞാൻ ജയിക്കുമെന്ന് ആർക്കും തന്നെ പ്രതീക്ഷയുണ്ടായിരുന്നില്ല. ഫ്ലക്സ് ബോർഡുകൾ നിലവിൽ വന്നിട്ടില്ലാത്ത ആ കാലത്ത് ഫെവിക്കോളിൽ കളർപ്പൊടി കുഴച്ച് തുണിയിൽ എഴുതുന്ന  ബാനറുകളും സ്ഥാനാർഥിയുടെ പടം പതിച്ച നോട്ടീസുകളുമായിരുന്നു ഏറ്റവും വലിയ  പ്രചരണായുധങ്ങൾ. ഇത് രണ്ടും അത്തവണ എനിക്കുണ്ടായിരുന്നില്ല. 

 

പടം ഇല്ലെങ്കിലും ഒത്തിരി ഡയലോഗ് കുത്തിനിറച്ച ഒരു നോട്ടീസ് റെഡിയാക്കിയിരുന്നു ഞാൻ. നാടക  സംവിധായകനും ചങ്ങനാശ്ശേരിയിലെ പത്രപ്രവർത്തകനുമായിരുന്ന ജോസഫ് പാണാടൻ  ഒരു സീനിയർ വിദ്യാർഥിക്ക് വേണ്ടി പണ്ടു തയ്യാറാക്കിക്കൊടുത്ത നോട്ടീസിൻ്റെ ഫോർമാറ്റ് മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു.അതിനല്പം മാറ്റങ്ങളൊക്കെ വരുത്തി ഞാൻ തന്നെ ചെറിയൊരു തിരക്കഥ എനിക്കുവേണ്ടിയങ്ങ് എഴുതി. സത്യൻ അന്തിക്കാടിന്റെ " നമ്പർ വൺ സ്നേഹതീരം" സിനിമയുടെ ടൈറ്റിലിലെ "ബാംഗ്ലൂർ നോർത്ത്"  എന്ന ഭാഗം മാറ്റി ചങ്ങനാശ്ശേരി നോർത്ത് എന്നാക്കിയപ്പോൾ  നോട്ടീസിന് പറ്റിയ തലക്കെട്ടുമായി. അതിന്റെ മാറ്റർ ഇങ്ങനെയായിരുന്നു.

 

No.1 സ്നേഹതീരം ചങ്ങനാശ്ശേരി നോർത്ത്

bipin-sfi-2

 

കാലം -  ഇലക്‌ഷൻ കാലം.

സ്ഥലം - മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ക്യാംപസ്.

മുഹൂർത്തം 9 നും 10 നും മധ്യേ.

സീൻ - മെയിൻ ഗെയ്റ്റിനു മുൻവശം.

വെളുത്ത ഖദറും വെളുത്ത ചിരിയും ക്യാമ്പസിനെ വെളുപ്പിക്കുന്നു.

ഇത് ക്യാംപസിൻ ഉത്സവകാലം.

 

ക്യാംപസ് നിഘണ്ടുവിലെ പദങ്ങൾ മുക്കിലും മൂലയിലും പൊട്ടിച്ചിരികൾ ഉയർത്തുന്നു.ഈ ഓളങ്ങൾക്കിടയിലും ക്യാമ്പസിലെ സുന്ദരകലയായ  "കത്തി വയ്പ്പ് " മെയിൻ ഗേറ്റിലും ഗ്രൗണ്ടിലും അമരാവതിയിലും ആർട്സ് ബിൽഡിങ്ങിലും ലൈബ്രറി കവാടത്തിലും ഓഫീസിനു മുന്നിലും നിർബാധം തുടരുന്നു. Prayer Bell.... പരിപൂർണ നിശ്ശബ്ദത....എസ്.ബി.യുടെ മക്കളുടെ ഏറ്റവും വലിയ ഒരുമ......" Go to the Library " എന്ന സ്നേഹവചസുമായി എത്തുന്ന വെളുത്ത ളോഹ ക്യാംപസ് കയ്യടക്കുന്നു.

 

സ്വന്തം Proxy Presentation - ൽ അഭിമാനിക്കുന്ന ചില വിരുതന്മാർ ക്ലാസ് മുറികളിൽ ചടഞ്ഞിരിക്കുന്നു. ക്ലാസ് കട്ട് ചെയ്ത് സൈക്കിൾ സ്റ്റാൻഡിലിരുന്ന് പ്രഭുദേവയെയും  മൈക്കിൾ ജാക്സണെയും താരതമ്യം ചെയ്യുന്ന ജെൻ്റിൽമാൻമാർ....അസംപ്ഷൻ റോഡിൽ നിന്ന് താമസിച്ചു ക്ലാസിലെത്തി പനിയെന്നും പറഞ്ഞ് നേരത്തെ പുറത്തിറങ്ങി "അഭിനയ" മെഡിക്കൽ കോളേജിൽ നിന്നും "അപ്സര" ഹോസ്പിറ്റലിൽ നിന്നും "ന്യൂ" ക്ലിനിക്കിൽ നിന്നും രോഗശമനം വരുത്തുന്ന കാതലന്മാർ.....ക്യാംപസ് മുഴുവൻ സ്ഥാനാർഥികളുടെ ചാകര. ഇതിനിടയിൽ ഇന്നസെന്റ് ചിരിയുമായി ഒരുപിടി കഴിവുകളുമായി കടന്നുവരുന്നു ബിപിൻ ചന്ദ്രൻ.

 

സാധാരണ ഇലക്‌ഷൻ നോട്ടീസുകളിലൊന്നും കാണാത്ത ഭാഷയും പ്രയോഗവുമൊക്കെക്കൊണ്ടാകണം ഐറ്റം കേറിയങ്ങ് കൊളുത്തി. തോറ്റുപോകുമെന്ന് തീർച്ചപ്പെടുത്തിയിരുന്ന ഞാൻ അവസാന റൗണ്ടിൽ ഞരങ്ങിവലിഞ്ഞങ്ങു ജയിച്ചു. ആൾക്കാരെപ്പോലെ ഞാനും അമ്പരന്നു.

 

അടുത്ത കൊല്ലം മാഗസിൻ എഡിറ്ററായിട്ടായിരുന്നു അങ്കം. തലേക്കൊല്ലത്തെ നോട്ടീസ് എറിച്ചതിന്റെ  ആത്മവിശ്വാസമുണ്ടായിരുന്നു. ഇക്കൊല്ലവും ഫോട്ടോ വയ്ക്കണ്ടേ എന്നു കൂട്ടുകാർ ചോദിച്ചു. എൻ്റെ പടം വേണ്ട പകരം ഞാൻ വരച്ച ഒരു പടം ചേർക്കാമെന്ന് തീരുമാനമായി. കഴിഞ്ഞ നോട്ടീസിന്റെ മയമുള്ള പുതിയൊരു നമ്പർ നിന്നനിൽപ്പിൽ എഴുതി. റീകോൾ വാല്യൂ ഉള്ള സാധനങ്ങൾ മിക്കവാറും സ്വീകരിക്കപ്പെടാറുണ്ട് എന്ന നിരീക്ഷണത്തിൻ്റെ പുറത്തായിരുന്നു ആ പരീക്ഷണം. സിനിമയെഴുത്തിലും സമർത്ഥമായി പ്രയോഗിച്ച് വിജയിപ്പിക്കാവുന്നൊരു  തന്ത്രമാണിത്. വിപണിയിലന്ന് വൻപ്രചാരം നേടിയിരുന്ന ചില ഉൽപ്പന്നങ്ങളുടെ പേരും പരസ്യ വാചകങ്ങളുമായിരുന്നു പുതുമയ്ക്കു വേണ്ടി ഉപയോഗിച്ച പൊടിക്കൈ. 

 

SUPER MEGA HIT EDITOR എന്ന തലക്കെട്ടിനടിയിലെ സ്വയംകൃതി സാഹിത്യം ഇങ്ങനെയായിരുന്നു .

 

"ചിങ്ങമാസം.

ഇലക്‌ഷൻ കാലം.

നാട്ടിൽ ഓണം.

ക്യാംപസിൽ ഓളം.

കോളേജിൽ ഇത് സിനിമാസ്കോപ്പ് ചിരിയുടെ കാലം.

 

സ്ഥാനാർത്ഥിക്ക്  ഒരു എ.ആർ.റഹ്മാൻ ഭാഷ്യം - ടെലിഫോൺ മണിപോൽ  ചിരിപ്പവൻ. ചിരി. സ്ഥാനാർഥിയുടെ അനിവാര്യതയും വോട്ടർമാരുടെ വിധിയും . സ്ഥാനാർഥിയുടെ പ്രത്യേക നന്ദി യഥാർത്ഥ മൗത്ത് വാഷ് ഉള്ള ക്ലോസ് അപ്പിന്.

 

വർക്കിന്റെ ക്ഷീണമകറ്റാൻ സ്ഥാനാർത്ഥികൾ ബ്രദേഴ്സിലേക്ക്.

"എന്ത്? ചായക്ക് പാലില്ലെന്നോ ?"

bipin-college3

"അനിക്സ്പ്രേ ഉണ്ടല്ലോ."

"ദീപം ഉന്മേഷം കീ ജയ്."

 

ഈ ബഹളങ്ങൾക്കിടയിൽ വിരൽത്തുമ്പിൽ വരയും ചുണ്ടിൽ അൽപം കവിതയുമായി കടന്നുവരുന്നു നമ്മുടെ എഡിറ്റർ ബിപിൻ ചന്ദ്രൻ. സൂപ്പർ കലാകാരനെ സുപ്രീം ആർട്സ് സെക്രട്ടറിയാക്കിയ നിങ്ങൾ പ്ലാറ്റിനം ജൂബിലി സമ്മാനമായി എസ്.ബി.ക്ക് നൽകൂ ഒരു സൂപ്പർ മെഗാഹിറ്റ് എഡിറ്ററെ. Nothing official about it. "

 

നമ്മളെ തള്ളാൻ നമ്മളോളം വരുമോ മറ്റാരെങ്കിലും !!  വോട്ട് ചെയ്യാൻ വരുന്ന ആൾക്ക് നേരെ  ബാലറ്റ് പെട്ടിയുടെ ഉള്ളിൽ നിന്ന്  പൂച്ചെണ്ടു നീളുന്ന തരത്തിൽ ഒരു കാർട്ടൂൺ കൂടി വരച്ചു ചേർത്തു അതിനൊപ്പം.

 

നോട്ടീസിൽ എഴുതിയതു പോലെ തന്നെയായി കാര്യങ്ങൾ. നോട്ടീസ് മാത്രമല്ല തിരഞ്ഞെടുപ്പും അതിന്റെ ഫലവും സൂപ്പർ മെഗാ ഹിറ്റായി. തരക്കേടില്ലാത്ത ഒരു മാഗസിനും പുറത്തിറക്കാൻ പറ്റി. എത്ര വിലപിടിച്ച ജീവിതാനുഭവങ്ങളാണെന്നോ ആ മാഗസിൻ പ്രവർത്തനം പകർന്നു നൽകിയത്.

 

മൂന്നാംവർഷം ചെയർമാൻ പോസ്റ്റിലായിരുന്നു പോരാട്ടം.ഒരു പാനലിൻ്റെ ചുമതല മുഴുവൻ തോളിൽ കയറിയപ്പോൾ മോഹൻലാലിനെപ്പോലെ ഞാൻ ചെറുതായൊന്നു ചെരിഞ്ഞു. സൈദ്ധാന്തിക വിദഗ്ധരായ സീനിയർ കൂട്ടുകാരൊക്കെ ഒറ്റക്കെട്ടായി പറഞ്ഞു. " ഇത്തവണ ചെയർമാൻ പോസ്റ്റിലേക്കാണ് മത്സരം. ഇച്ചിരി കൂടി സീരിയസാകണം. നിൻ്റെ ഊളത്തമാശയൊന്നും വേണ്ട. ഫോട്ടോയൊക്കെ വച്ച് മാന്യമായി ഒരു നോട്ടീസ് തയ്യാറാക്കണം." മാന്യത പണ്ടേ വഴങ്ങാത്ത ഭാഷയായതുകൊണ്ട് അത്തവണ അമൃതരാജ് എന്നൊരു ജ്യേഷ്ഠബുജിയാണ് തള്ളിമറിയ്ക്കലിനുള്ള മാറ്റർ തയ്യാറാക്കിയത്.

 

" നമ്മുടെ ചെയർമാൻ ബിപിൻ ചന്ദ്രൻ.

 

സമരപഥങ്ങളിലെ അഗ്നി നെഞ്ചിലേറ്റുവാങ്ങിയ അക്ഷീണനായ പോരാളി.

അരാജകത്വത്തിന്റെ അവ്യക്തതകളിൽ പ്രതിരോധത്തിൻ്റെ തീജ്വാല.

ഹൃദയങ്ങളെ വിശുദ്ധ സൗഹൃദത്തിലൊന്നിപ്പിക്കുന്ന ഉജ്ജ്വല സംഘാടകൻ.

വിപ്ലവ ചിന്തകളുടെ രാജകുമാരൻ.

 

സർവോപരി അവിശുദ്ധ താൽപര്യങ്ങളാൽ  ക്യാംപസിൽ അടിച്ചമർത്തപ്പെടുന്ന വിദ്യാർത്ഥികളുടെ പൊള്ളുന്ന നാവ്.

95 - 96 ലെ ആർട്സ് ക്ലബ് സെക്രട്ടറി.

ചരിത്രത്തിലെ ഏറ്റവും മികച്ച എക്സൽസിയർ 97 - ൻ്റെ എഡിറ്റർ.

തുടർച്ചയായി മൂന്നു പ്രാവശ്യം മികച്ച നടനുള്ള പ്രേംനസീർ ട്രോഫി കരസ്ഥമാക്കിയ അഭിനേതാവ്.

ദേശീയ അന്തർ സർവ്വകലാശാല യുവജനോത്സവത്തിൽ സമ്മാനാർഹരായ എം.ജി. യൂണിവേഴ്സിറ്റി തിയേറ്റർ ടീം ക്യാപ്റ്റൻ.

അഖില കേരള പത്രപ്രവർത്തന പരിശീലന കളരിയിലെ മികച്ച റിപ്പോർട്ടർ.

അഖില കേരള കാർട്ടൂൺ മത്സര വിജയി."

 

വിശേഷണങ്ങളൊക്കെ വായിച്ചു നോക്കിയപ്പോൾ സംഗതി കൊള്ളാം. നുണയാണെങ്കിലും കേൾക്കാൻ നല്ല രസം. ഈപ്പൻ പാപ്പച്ചി മീശമാധവനെ നോക്കി പറഞ്ഞപോലെ " കൊള്ളാം. സ്റ്റൈലൊക്കെയുണ്ട്." വേറൊരു കടുംകൈ കൂടി ചെയ്തു. ചങ്ങനാശ്ശേരിയിൽ പ്രാക്സിസ്  എന്ന സ്ഥാപനം നടത്തുന്ന പ്രതീഷ് എന്നൊരു ഉജ്ജ്വല കലാകാരൻ ഉണ്ടായിരുന്നു. പുള്ളിക്കാരൻ എൻ്റെ ഫോട്ടോ നോക്കി ഒരു ഛായാചിത്രംവരച്ചു. എന്നിട്ട് ഫ്ലൂറസെൻറ് കളറിൽ സ്ക്രീൻ പ്രിന്റ് ചെയ്തു ചെറിയ നോട്ടീസാക്കിത്തന്നു. ഇതൊന്നും പോരാഞ്ഞിട്ട്  കോളജിന്റെ കവാടത്തിന് മുകളിൽകൂടി ഒരു നെടുങ്കൻ ബാനറും.  പ്രിൻസിപ്പലും നഗര പിതാവും വരെ വിളിച്ചു പറഞ്ഞിട്ടും അതഴിച്ചില്ല. അങ്ങനെ രാജകീയമായിട്ടാണ്  ഇലക്ഷന് നിന്നത്.

 

കുറ്റം പറയരുതല്ലോ. കുറച്ച് വോട്ടിനാണെങ്കിലും ഐശ്വര്യമായിട്ടങ്ങു പൊട്ടി. താത്വികാചാര്യൻമാർ തിരിച്ചുംമറിച്ചും തോൽവി വിശകലനം ചെയ്തു. കുമാരപിള്ള സാറുമ്മാരു കണ്ടുപിടിച്ച കാരണങ്ങൾ പലതായിരുന്നു.പക്ഷേ അത് സിമ്പിളായി പറഞ്ഞുതന്നത് തത്വമൊന്നുമറിയാത്ത ഒരു കൂട്ടുകാരനായിരുന്നു. കള്ളു മൂത്തപ്പോൾ അവനൊരു കഥ പറഞ്ഞു തന്നു.

 

" ഒരിക്കലൊരു കിളി  കറൻറ് കമ്പിയേലിരുന്നു താഴോട്ട് മുട്ടയിട്ടു. അതു പൊട്ടിയില്ല. കാരണമെന്താന്നോ ? "

" അറിയത്തില്ല " ഞാൻ പറഞ്ഞു.

" ഭാഗ്യം. അതായിരുന്നു കാരണം. " അവൻ മൊഴിഞ്ഞു." ആ കിളി പിന്നെയും അവിടെയിരുന്ന് മുട്ടയിട്ടു. അതും പൊട്ടിയില്ല. കാരണമെന്താ ? "

" അറിയത്തില്ല."

" അത് കിളിയുടെ കോൺഫിഡൻസ്. പക്ഷേ മൂന്നാമതും കിളി മുട്ടയിട്ടു."

" അതും പൊട്ടിയില്ലേ ?" ഞാൻ കൗതുക ബാലനായി.

 " അത് പൊട്ടി. കാരണം നീ തന്നെ കണ്ടു പിടിച്ചാ മതി."

 

എനിക്ക് അതിന്റെ ഉത്തരം തന്നെത്താനെ മനസ്സിലായി. ഓവർ കോൺഫിഡൻസ് തീരെ നന്നല്ല എന്ന പാഠം ഞാൻ അങ്ങനെയാണ് പഠിച്ചത്.പിന്നീട് മഹാരാജാസ് കോളജിൽ ചെന്ന് മത്സരിക്കുമ്പോൾ  അവിടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പാനൽ പോസ്റ്ററല്ലാതെ വ്യക്തിപരമായി  ബാനറോ ലഘുലേഖയോ നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ കൂട്ടുകാരൻ പകർന്ന പാഠം പഠിച്ച് ബോധോദയം നേടിയ അഭിനവബുദ്ധനായിക്കഴിഞ്ഞിരുന്നല്ലോ ഞാനപ്പോഴേക്കും.അതുകൊണ്ടായിരിക്കണം മഹാരാജാസിൽ നിന്ന് കിട്ടിയ ഭൂരിപക്ഷം അവിടുത്തെ തകർക്കാനാവാത്ത ഒരു റെക്കോഡായിട്ടിന്നും അവശേഷിക്കുന്നത്.കോളജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയതു കൊണ്ട് അതിനി തകരാനും ബുദ്ധിമുട്ടാണ്. ചെറുതായിട്ടൊന്നു വാലു മുറിയുമ്പം നമുക്ക് കിട്ടുന്ന പാഠങ്ങളെത്ര ഗുണമുള്ളതാണെന്നോ. അനുഭവം ഗുരു.

 

ഈ അനുഭവകഥയൊക്കെ ഇവിടെയിപ്പോളിങ്ങനെ വിസ്തരിക്കുന്നതെന്തിനാണെന്ന് ചോദിച്ചാൽ......  എക്സർസൈസിനാ. ചുമ്മാ ഒരഭ്യാസം. അടുത്തതായിട്ട് എഴുതാൻ പ്ലാനിടുന്നത് അന്തക്കാലത്തെ ഒരു ക്യാമ്പസ് പടമാണ്. തല്ലും തലോടലും തള്ളും തിരഞ്ഞെടുപ്പുമൊക്കെയുള്ള ഒരു തിരക്കഥ. അഭ്യാസി ആനയെ എടുക്കും എന്നല്ലേ പഴഞ്ചൊല്ല്. തലയിലെടുക്കാൻ പറ്റിയില്ലെങ്കിൽ തള്ളിയെങ്കിലും മറിയ്ക്കണം. പഴഞ്ചൊല്ലിൽ പതിരുണ്ടോന്ന് ഒന്നു പയറ്റി നോക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com