ADVERTISEMENT

ബംഗാളിൽ നടക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമെന്ന് മേജർ രവി.  ഹിന്ദുവോ മുസ്‌ലിമോ പാർട്ടികളോ തമ്മിലുള്ള പ്രശ്നമല്ല അവിടെ നടക്കുന്നതെന്നും, അഭയാർഥികളായി കയറിവന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നതാണെന്നും അദ്ദേഹംപറയുന്നു.  ബംഗാളിൽ നടക്കുന്ന മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.

 

‘ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകൾ ആണ് രോഹിൻഗ്യൻസ്.  കാരണം അവരുടെ രക്തത്തിൽ തന്നെ ഭീകരത  ഉണ്ട്.  എന്റെ അനുമാനത്തിൽ ബംഗാളിൽ നടക്കുന്നത് ഹിന്ദുക്കളും മുസ്‌ലിങ്ങളും അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമല്ല.  പുറത്തുനിന്ന് വരുന്ന അഭയാർത്ഥികൾക്ക് ഐഡി കാർഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത്.  ബംഗാളിൽ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവർത്തനമാണ്.  അത് മമതയുടെ സർക്കാരോ മോദി ജിയുടെ സർക്കാരോ കണ്ടില്ലെന്നു നടിക്കാൻ പാടില്ല.  കേന്ദ്ര ഗവൺമെന്റ് ഇതിനെതിരെ യാതൊരു വിധത്തിലുള്ള ആക്‌ഷനും എടുക്കുന്നില്ല എന്നുള്ളതിൽ സങ്കടമുണ്ട്.   മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് അവിടെ നടക്കുന്നത്.  പത്തും പന്ത്രണ്ടും വയസ്സായ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു.  മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾക്കെതിരെ ഗാന്ധിയൻ തത്വങ്ങൾ നടക്കില്ല.  ഗാന്ധിയൻ പ്രിൻസിപ്പിൾ വിശ്വസിക്കുന്നു എന്ന് കരുതി വയലൻസ് കാണുന്ന സമയത്ത് ഞാൻ ഗാന്ധിയനാണെന്ന് പറഞ്ഞു കയ്യുംകെട്ടി നോക്കിയിരിക്കില്ല.  പ്രവർത്തിക്കേണ്ടിടത്തു പ്രവർത്തിക്കുക തന്നെ വേണം.’–മേജർ രവി പറഞ്ഞു.

 

‘ഞങ്ങളുടെ കമാൻഡോ ഗ്രൂപ്പിൽ വന്ന ഒരു വിഡിയോയിൽ ഒരു പാവപ്പെട്ട മനുഷ്യൻ കരഞ്ഞു കൊണ്ട് യാചിക്കുന്നു കണ്ടു.  എന്റെ ഒരു സുഹൃത്ത് അയച്ചു തന്നതാണ്.  അദ്ദേഹത്തിന്റെ പത്രപ്രവർത്തകയായ സഹോദരി റെക്കോർഡ് ചെയ്തു അയച്ചതാണ്.  ഞാൻ രാത്രി മുഴുവൻ എന്നെക്കൊണ്ട് കഴിയുന്ന ആൾക്കാരെ ഞാൻ വിളിച്ച് വിവരമറിയിച്ചു.  പക്ഷേ മേജർ രവി പറഞ്ഞത് ചെറിയ ഒരു ശബ്ദം മാത്രമായി ഒതുങ്ങിപ്പോയി.  ആ മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.  ആ കരഞ്ഞത് ഒരു ആക്ടർ ആയിരുന്നു എന്നൊരു വേർഷൻ ഞാൻ കണ്ടു.  അയാൾ ബിജെപികാരനാണ് അഭിനയിച്ചതാണ് എന്ന് പറഞ്ഞ്, അതും രാഷ്ട്രീയവൽക്കരിക്കാൻ നടക്കുന്നവരെ എന്താണ് പറയേണ്ടത്.’  

 

‘ഇങ്ങനെയുള്ള അവസ്ഥ വരുമ്പോൾ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ല.  പാർട്ടി മറന്നു പ്രവർത്തിക്കേണ്ട സമയമാണിത്.  പത്തും പതിനാലും വയസ്സുള്ള പയ്യന്മാർ മഴുവും വെട്ടുകത്തിയും കൊണ്ട് വെട്ടുകയും കൊല്ലുകയും ചെയ്യുന്നത് കാണുമ്പോൾ നമ്മുടെ നാടിന്റെ  ഭാവി എന്താണ് എന്ന് ഞാൻ പേടിക്കുകയാണ്.  ഈ പയ്യന്മാർ വളർന്നു വരുന്നത് എന്ത് മനോഭാവത്തോടെ ആയിരിക്കും?  ഒരു ഗുണ്ടാ സെറ്റപ്പിൽ പ്രവർത്തിക്കുന്ന ആളുകൾ പോലും ചെയ്യാത്ത കാര്യമാണ് ഈ കൊച്ചു പയ്യന്മാർ ചെയ്യുന്നത്.   രോഹിൻഗ്യൻസ് ഇന്ത്യയിൽ അധികം വന്നു കയറിയിട്ടുണ്ട്.  ബ്രഹ്മപുത്ര പോകുന്ന വഴിയെല്ലാം ഇവർ നീന്തിക്കയറി വരുന്നുണ്ട്.’  

 

‘ഒരു കപ്പൽ നിറച്ച് ആൾക്കാർ സൗദി അറേബിയയിൽ ചെന്നപ്പോൾ അവർ പറഞ്ഞത് ഞങ്ങളുടെ രാജ്യത്തു കടക്കണ്ട, ഏതു രാജ്യത്തു പോകുന്നോ അവിടേക്കുള്ള ചെലവ് ഞങ്ങൾ കൊടുക്കാം എന്നാണ്.  അങ്ങനെയാണ് ഇവർ ഇന്തോനേഷ്യയിൽ പോയത്.  ആറു മാസത്തിനുള്ളിൽ ഇന്തോനേഷ്യ ഇവന്മാരെയെല്ലാം പിടിച്ചു പുറത്താക്കി.  കേന്ദ്രഗവൺമെന്റ് എന്താണ് മൗനംപാലിക്കുന്നത് ?  എനിക്ക് മനസ്സിലാകുന്നില്ല.  മമത ബാനർജി ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി .ആയിരിക്കുകയാണ്   മാനുഷികമായ പരിഗണന നൽകി ഭരിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്.  ഗവണ്‍മെന്റ് ഒരു കടുത്ത നിലപാട് തന്നെ എടുക്കണം.   അടിക്കേണ്ടവനെ അടിക്കണം.  ഈ രോഹിൻഗ്യൻസിന്റെ നേതാക്കന്മാരെ പിടിച്ച് തിരിച്ചു കൊടുക്കണം.  എനിക്കും വേദനിക്കും എന്ന് അവരും അറിയണം.  മനുഷ്യത്വമില്ലാത്ത ഈ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ ശക്തമായ നടപടി എടുക്കണം എന്നാണു  എനിക്ക് പറയാനുള്ളത്.’  

 

‘കേരളത്തിൽ തുടർ ഭരണം വന്നു എന്നിട്ട് കമ്യൂണിസ്റ്റുകാർ ആരും റോഡിലിറങ്ങി മറ്റുള്ളവരെ വെട്ടാനും കുത്താനും നടക്കുന്നില്ല.   ഇലക്‌ഷൻ ഏതൊരു ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന രാജ്യത്തും ഉള്ളതാണ്.  ജയവും തോൽവിയുമൊക്കെ ഇലക്‌ഷനിൽ ഉള്ളതാണ്.  നമ്മൾ കേരളീയർക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്.  ഇലക്‌ഷൻ വരെയുള്ള സ്പിരിറ്റ് ഒക്കെ നല്ലത്, അത് കഴിഞ്ഞ് നമ്മൾ എല്ലാം ഒറ്റക്കെട്ടാണ്.  ഭരിക്കുന്ന കക്ഷിക്ക് സപ്പോർട്ട് കൊടുക്കുക അതാണ് വേണ്ടത്.’–മേജർ രവി പറയുന്നു. 

 

‘തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനി നമ്മൾ എല്ലാം കേരളീയരാണ്.  ഈ കോവിഡ് കാലത്ത് കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ നടക്കുന്നുണ്ട്.  നമ്മുടെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുള്ളത് ഞാൻ അഭിമാനത്തോടെ പറയുകയാണ്.  മരണം എല്ലായിടത്തും നടക്കുന്നുണ്ട്.  അതിനെ പൊക്കിക്കാണിക്കാതെ ഇനി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കുക.  ഒരു ഉത്തരവാദപ്പെട്ട സ്ഥാനാത്ത് ഇരിക്കുന്നവരുടെ ബുദ്ധിമുട്ട് അവർക്കേ അറിയാൻ കഴിയൂ.  എല്ലായിടത്തും കണ്ണെത്തണ്ടേ, ചില  പോരായ്മകൾ ഒക്കെ വരും.  നമ്മൾ ഒരു യുദ്ധസമാനമായ സാഹചര്യമാണ് നേരിടുന്നത്.  ശത്രു ആരെന്നറിയില്ല അതാണ് പ്രതിസന്ധി.  ഞാൻ ഇപ്പോൾ തൊടുപുഴയിൽ സന്നദ്ധപ്രവർത്തനത്തിനു പോവുകയാണ്.’  

 

‘ഞങ്ങളുടെ ഡിസാസ്റ്റർ മാനേജ്മെന്റിലെ കുട്ടികൾ ഇന്നലെ മുപ്പതിൽ കൂടുതൽ മൃതശരീരങ്ങൾ അടക്കം ചെയ്തിട്ടുണ്ട്.  ഞങ്ങളെക്കൊണ്ടാകുന്ന പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നു.  അത് രാജ്യത്തോടുള്ള നമ്മുടെ കടമയാണ്.  ഈ സമയത്ത് മാനവികതയാണ് മുഖ്യം.  കിറ്റ് ആര് കൊടുക്കുന്നു എന്ന് നോക്കണ്ട, അന്നം കിട്ടുന്നുണ്ടോ എന്ന് നോക്കിയാൽ മതി.  എന്റെ സഹജീവികളോട് എനിക്ക് പറയാനുള്ളത് ഇതൊരു യുദ്ധമാണ് മക്കളെ, ഈ സമയത്ത് നമ്മൾ എല്ലാം ഇന്ത്യാക്കാർ എന്നാണ് കരുതേണ്ടത്.  അവിടെ ഹിന്ദു ഇല്ല മുസ്‌ലിം ഇല്ല കൃസ്ത്യൻ ഇല്ല, മനുഷ്യൻ മാത്രം.  ഒരുനേരത്തെ ഭക്ഷണം ആവശ്യമുള്ളവർക്ക് അത്  കൊടുക്കുക.  സ്വയരക്ഷക്കുള്ള മുൻകരുതൽ എടുക്കുക.  പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ, അത് അദ്ദേഹത്തിന് നിങ്ങളോട് ശത്രുതയുള്ളതുകൊണ്ടല്ല നിങ്ങളോടുള്ള കരുതൽ കൊണ്ടാണ്.   ഈ ഒരു മഹാമാരിയുടെ സമയത്ത് എല്ലാവരും ഒരേമനസോടെ ചിന്തിച്ച് സർക്കാർ പറയുന്നത് അനുസ്സരിച്ച് ഒരുമിച്ച് നിൽക്കുക. നമുക്കെല്ലാം ഒരുമിച്ച് ഈ യുദ്ധം ജയിക്കാം.’–മേജർ രവി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com