ADVERTISEMENT

കോട്ടയം ∙ 2255 !  മലയാളി മറക്കാത്ത ഈ ഫോൺ നമ്പറിന്റെ ഉടമയെ കാണാൻ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഒരിക്കൽ നേരിട്ട് എത്തി. തന്റെ മനസ്സിൽ തോന്നിയ ഒരു ഫാൻസി ലാൻഡ് ഫോൺ നമ്പർ മലയാളികൾ വർഷങ്ങൾക്കു ശേഷവും കാണാപ്പാഠമായി കൊണ്ടുനടക്കുന്നതിന്റെ അദ്ഭുതത്തിലും ആകാംക്ഷയിലുമാണ് ഡെന്നിസ് എത്തിയത്. 

 

കോട്ടയം ചന്തക്കവലയിൽ ക്ലിനിക് നടത്തുന്ന കൊല്ലാട് പുള്ളിയിൽ വീട്ടിൽ ഡോ. ഐക്ക് സഖറിയയുടേതായിരുന്നു ആ ഫോൺ നമ്പർ. 1986ൽ ഇറങ്ങിയ ‘രാജാവിന്റെ മകൻ’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച നായകകഥാപാത്രമായ വിൻസെന്റ് ഗോമസിന്റെ ഫോൺ നമ്പറാണ് 2255. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയ്ക്കു തിരക്കഥ എഴുതിയതു ഡെന്നീസ് ജോസഫ്. 

 

‘‘മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടൂ ഡബിൾ ഫൈവ്’–  സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗിനൊപ്പം ഈ  ഫോൺ നമ്പറും ഹിറ്റായി. സിനിമ പുറത്തിറങ്ങിയതോടെ മോഹൻലാലിന്റേതാണെന്നു കരുതി ഈ ഫോണിലേക്ക് ആളുകൾ വിളിക്കാൻ തുടങ്ങി. ഡോ.ഐക്കിന്റെ പിതാവ് പി.സി. സഖറിയയും ഈ സമയം ചന്തക്കവലയിലെ ഇതേ കെട്ടിടത്തിൽ മൊത്ത വ്യാപാരക്കട നടത്തിയിരുന്നു. മൊത്ത വ്യാപാരക്കടയിലേക്കും ആശുപത്രിയിലെ ഫോണിന്റെ എക്സ്റ്റൻഷൻ ഉണ്ട്. 

 

‘രാജാവിന്റെ മകനെ കിട്ടുമോ’ എന്ന് ആരോ ചോദിച്ചപ്പോൾ പിതാവ് ഫോൺ എടുത്ത് ‘രാജാവാണ് സംസാരിക്കുന്നത്, മകനു കൊടുക്കാം’ എന്നു പറഞ്ഞ് കോൾ കൈമാറുന്നത് രസകരമായ ഓർമയായിരുന്നെന്ന് ഡോ. ഐക്ക് പറയുന്നു. എന്തു സഹായത്തിനും വിളിക്കാം എന്ന് ആ സിനിമയിൽ പറയുന്നുണ്ട്. സഹായം അഭ്യർഥിച്ചുള്ള വിളികൾ കൂടുതലായിരുന്നു. 

 

ഈ സംഭവങ്ങളെപ്പറ്റി  ഡോ.ഐക്ക് ‘മനോരമ’യിൽ എഴുതിയിരുന്നു. ഇതു വായിച്ചാണ് ഡെന്നിസ് ജോസഫ് കാണാനെത്തിയത്. അന്നു മനസ്സിൽ തോന്നിയ ഒരു നമ്പർ എഴുതിയതാണെന്നു ഡെന്നിസ് ജോസഫ് പറഞ്ഞതായി ഡോ. ഐക്ക് ഓർമിക്കുന്നു. പറയുമ്പോൾ കൗതുകം തോന്നുന്ന ഒരു നമ്പർ.  

 

കോവിഡ് കാലമായതിനാൽ ചന്തക്കവലയിലെ ക്ലിനിക് കുറച്ചുനാളുകളായി പ്രവർത്തിക്കുന്നില്ല. ഇപ്പോഴും ഈ നമ്പർ ഐക്ക് ക്ലിനിക്കിൽ സൂക്ഷിച്ചിട്ടുണ്ട്. 2255 എന്നത് 2562255 ആയെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com